Click to learn more 👇

ഗുണ്ടയുടെ ഭാര്യയുമായി അവിശുദ്ധബന്ധം, സഹികെട്ട് വാടക വീട്ടില്‍ നിന്നും ഉടമസ്ഥന്‍ ഇറക്കിവിട്ടു, പേട്ട സി ഐ റിയാസ് രാജയുടെ തൊപ്പി തെറിച്ചത് ഗുരുതര സ്വഭാവദൂഷ്യം കാരണം


തിരുവനന്തപുരം: ഗുണ്ടകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന് പുറമെ ഗുരുതര വീഴ്ചയുണ്ടെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പേട്ട സിഐ റിയാസ് രാജയെ സസ്‌പെൻഡ് ചെയ്തത്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാർ പുറപ്പെടുവിച്ച ഉത്തരവിലാണ് മോശം സ്വഭാവം അക്കമിട്ട് നിരത്തുന്നത്.

പേട്ട എസ്എച്ച്ഒ ആയിരുന്ന കാലത്ത് മോശം പെരുമാറ്റത്തെ തുടർന്ന്  വെണ്‍പാലവട്ടത്ത് വാടകവീട്ടിൽ നിന്ന് റിയാസ് രാജയെ ബലമായി ഇറക്കിവിട്ടതും ലുലുമാളിന് സമീപമുള്ള അനധികൃത മസാജ് സെന്ററിൽ യുവതിയുമായി എത്തിയതും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയതായി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു.  

സ്ഥിരമായി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന, ഗുണ്ടയുടെ  ഭാര്യയുമായി സിഐ സൗഹൃദത്തിലാണെന്നും ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്.  

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ റിയാസിനെ സ്ഥലം മാറ്റണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയോട് സിറ്റി പൊലീസ് കമ്മിഷണർ ശുപാർശ ചെയ്തിരുന്നു.  എഡിജിപി എം.ആർ.അജിത്കുമാർ വിശദമായി അന്വേഷിച്ചപ്പോഴാണ് ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയത്.

ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ സാഹചര്യമൊരുക്കിയതിലൂടെ റിയാസ് രാജയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ ക്രമക്കേടും അച്ചടക്കലംഘനവും നടന്നതായും അന്വേഷണത്തിൽ കണ്ടെത്തി.  

ഗുണ്ടാലിസ്റ്റിലുള്ളയാളുടെ ഭാര്യയുമായി റിയാസ് സൗഹൃദം കാത്തുസൂക്ഷിച്ചു.  സിഐയുമായി തനിക്ക് ബന്ധമുണ്ടെന്ന് യുവതി പരസ്യമായി ആവർത്തിച്ച് പറഞ്ഞിരുന്നതായി റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ഉന്നതതല അന്വേഷണ സംഘത്തോട് പറഞ്ഞു.

പൊതുസമൂഹത്തിന് മാതൃകയാകേണ്ട പോലീസ് ഉദ്യോഗസ്ഥനായ റിയാസ് രാജയുടെ ഭാഗത്ത് നിന്ന് കടുത്ത പെരുമാറ്റദൂഷ്യവും ഗുരുതരമായ അച്ചടക്കലംഘനവും നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് എഡിജിപിയുടെ ഉത്തരവിൽ പറയുന്നു.

റിയാസ് രാജയ്‌ക്കെതിരെ വകുപ്പുതല അന്വേഷണം നടത്താൻ റൂറൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി.എസ്.  ശ്രീകാന്തിനെ നിയമിച്ചു.  

കുപ്രസിദ്ധ ഗുണ്ടാകളായ ഓംപ്രകാശ്, പുത്തൻപാലം രാജേഷ് എന്നിവരുമായി റിയാസിന് അടുത്ത ബന്ധമുണ്ടെന്ന് തെളിവുകൾ സഹിതം ഇന്റലിജൻസ് കണ്ടെത്തി.  ഗുണ്ടകൾക്ക്  പോലീസിന്റെ ഔദ്യോഗിക വിവരങ്ങൾ ചോർത്തുകയും നിരവധി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക്  ഒത്താശയും  ചെയ്തിരുന്നു. റിയാസ് ഏറെ നാളായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

റിയാസിന് പോലീസ് സേനയിൽ തുടരാൻ യോഗ്യതയില്ലെന്നും പിരിച്ചുവിടുന്ന കാര്യം പരിഗണിക്കാമെന്നും ഡിജിപിയോട് ശുപാർശ ചെയ്തിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുള്ള അനാശാസ്യ പ്രവർത്തനങ്ങളാണ് കാരണമായി പറയുന്നത്.

തുടർച്ചയായി ഗുരുതര കുറ്റം ചെയ്യുന്നവരെ അയോഗ്യരാക്കുന്നതിനും പിരിച്ചുവിടുന്നതിനും വകുപ്പ്-86 പ്രകാരം പിരിച്ചുവിടൽ നടപടി സ്വീകരിക്കാവുന്നതാണ്.  15 തവണ വകുപ്പുതല നടപടിയിലൂടെ ശിക്ഷിക്കപ്പെടുകയും മൂന്ന് തവണ സസ്‌പെൻഡ് ചെയ്യുകയും പീഡനക്കേസിൽ ജയിലിലാകുകയും ആറ് ബലാത്സംഗക്കേസുകളിൽ പ്രതിയും ആയ ബേപ്പൂർ കോസ്റ്റൽ ഇൻസ്‌പെക്ടർ പി.ആർ.സുനുവിനെ ഈ വകുപ്പ് ഉപയോഗിച്ചാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.  

തുടർച്ചയായി കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനാൽ പോലീസ് ഉദ്യോഗസ്ഥന്റെ ചുമതലകൾ നിർവഹിക്കാൻ ഇയാൾ യോഗ്യനല്ലെന്നാണ് പോലീസ് ആസ്ഥാനത്തെ വിലയിരുത്തൽ.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.