വയനാട്: കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് മരിച്ച പുതുശേരി പള്ളിപ്പുറത്ത് തോമസി(സാലു)യുടെ വീട് സന്ദർശിച്ച് മന്ത്രി കെ.കൃഷ്ണന്‍കുട്ടി
ആശ്വസിപ്പിക്കാനെത്തിയ മന്ത്രിക്ക് മുന്നിൽ തോമസിന്റെ മകൾ സോന സങ്കടം പറഞ്ഞു. പരിക്കേറ്റ് വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ തങ്ങൾ അനുഭവിച്ച ദുരവസ്ഥയും സോന പങ്കുവച്ചു.
'നല്ല ഡോക്ടറോ നേഴ്സോ അവിടെ ഉണ്ടായിരുന്നില്ല. ആംബുലൻസ് പോലും കിട്ടിയില്ല. മെഡിക്കൽ കോളേജ് ബോര്‍ഡ് അല്ലാതെ മറ്റെന്താണ്? അച്ഛൻ പോയി...ആരും ഈ ഗതി ഇനി അനുഭവിക്കരുത് സാർ'- കരഞ്ഞുകൊണ്ട് സോന മന്ത്രിയോട് സംസാരിച്ചു.
ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതികൾ മുഖ്യമന്ത്രിയുടെയും വനം മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുകയും സമയബന്ധിതമായി പരിഹാരം കാണുമെന്ന് ഉറപ്പുനൽകുകയും ചെയ്ത ശേഷമാണ് മന്ത്രി മടങ്ങിയത്.
തോമസിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരമായി 10 ലക്ഷം രൂപ മാനന്തവാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ രമ്യ രാഘവൻ തോമസിന്റെ ഭാര്യ സിനി തോമസിന് കൈമാറി.
വ്യാഴാഴ്ച രാവിലെയാണ് തോമസിനെ വീടിന് സമീപത്തെ തോട്ടത്തിൽ വെച്ച് കടുവ ആക്രമിച്ചത്. വലതുകാലിന്റെ തുടയ്ക്ക് സാരമായി പരിക്കേറ്റ തോമസിനെ വയനാട് ഗവ.മെഡിക്കല്‍ കോളേജ് കാർഡിയോ വാസ്കുലർ സർജന്റെ അഭാവം മൂലം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കൽപ്പറ്റ ജനറൽ ആശുപത്രിയിലും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു.
ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയായി ഉയർത്തി രണ്ടുവർഷം പിന്നിട്ടിട്ടും ഇവിടെ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലെന്ന പരാതി വ്യാപകമാണ്.