പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കുറയ്ക്കുമെന്ന് പുതിയ പഠനം. മൗണ്ട് സീനായിലെ ഇക്കാന്‍ സ്കൂള്‍ ഓഫ് മെഡിസിനില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് അണുബാധയ്ക്കെതിരായ ശരീരത്തിന്‍റെ പ്രതിരോധം ദുര്‍ബലമാക്കുകയും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് പഠനത്തില്‍ വ്യക്തമായത്.
എലികളിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് രോഗപ്രതിരോധത്തെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ തലച്ചോറിന്റെ പ്രതികരണത്തിന് കാരണമാകുമെന്ന് ആദ്യമായി തെളിയിക്കുന്ന പഠനമാണിത്. പ്രഭാതഭക്ഷണം സംബന്ധിച്ച പുതിയ പഠന റിപ്പോര്‍ട്ട് ഇമ്മ്യൂണിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ചു.
“രാവിലത്തെ ഉപവാസം ആരോഗ്യകരമാണെന്ന അവബോധം വര്‍ദ്ധിച്ചുവരികയാണ്, ഉപവാസത്തിന്റെ ഗുണങ്ങള്‍ക്ക് ധാരാളം തെളിവുകളുണ്ട്. എന്നാല്‍ രാവിലെ ഭക്ഷണം കഴിക്കാതിരിക്കുന്നത് ദോഷകരമായി ബാധിക്കുമെന്ന് ഞങ്ങളുടെ പഠനം തെളിയിച്ചിട്ടുണ്ട്,” ഗവേഷക സംഘത്തിലെ പ്രധാനിയായ ഫിലിപ്പ് സ്വിര്‍സ്കി പറഞ്ഞു.
“പഠനത്തില്‍ നാഡീവ്യൂഹവും രോഗപ്രതിരോധവും തമ്മിലുള്ള ബന്ധത്തെ എടുത്തു കാണിക്കുന്നുണ്ട്. ഏതാനും മണിക്കൂറുകള്‍ മാത്രമുള്ള താരതമ്യേന ചെറിയ ഉപവാസം മുതല്‍ 24 മണിക്കൂര്‍ കഠിനമായ ഉപവാസം വരെയുള്ളവ രോഗപ്രതിരോധ വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നതാണ് പഠനത്തിലൂടെ മനസിലാക്കാന്‍ ഗവേഷകര്‍ ശ്രമിച്ചത്.
പഠനത്തിന് ഉപയോഗിച്ച എലികളെ രണ്ടു വിഭാഗങ്ങളായി തിരിച്ചു. ഒരു കൂട്ടര്‍ക്ക് ഉറക്കമുണര്‍ന്ന ഉടന്‍ തന്നെ പ്രഭാതഭക്ഷണം നല്‍കി. രണ്ടാമത്തെ വിഭാഗത്തിലെ എലികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കിയില്ല. രണ്ടു വിഭാഗത്തിലെയും എലികളുടെ നാലു മണിക്കൂറിനും എട്ടു മണിക്കൂറിനും ശേഷമുള്ള രക്ത സാംപിള്‍ പരിശോധിച്ചു. രാവിലെ ഭക്ഷണം നല്‍കാതിരുന്ന എലികളുടെ രക്തത്തില്‍ മോണോസൈറ്റിന്‍റെ അളവില്‍ പ്രകടമായ വ്യത്യാസമുണ്ടെന്ന് കണ്ടെത്തി. ഇത് പ്രതിരോധശേഷിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വെളുത്ത രക്താണുക്കളുടെ അളവിലും കാര്യമായ വ്യത്യാസത്തിന് ഇടയാക്കി. എന്നാല്‍ രാവിലെ ഭക്ഷണം നല്‍കിയ എലികളില്‍ മോണോസൈറ്റിന്‍റെ അളവില്‍ ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല.