Click to learn more 👇

ഇനി കല്യാണങ്ങള്‍ക്കും വീട്ടിലെ ചടങ്ങുകള്‍ക്കും മദ്യം വിളമ്ബാം; സര്‍ക്കാര്‍ ഉത്തരവിറങ്ങി, ലൈസന്‍സ് ലഭിക്കാനുള്ള നിരക്ക് ഇങ്ങനെ


 ചെന്നൈ: ഇനി മുതല്‍ കല്യാണങ്ങളിലും വീട്ടിലെ ചടങ്ങുകളിലും മറ്റും ധൈര്യമായി മദ്യം വിളമ്ബാം. സര്‍ക്കാരിന്റെ ലൈസന്‍സ് നേടിയാല്‍ മാത്രം മതി.

തമിഴ്‌നാട് സര്‍ക്കാരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഹോം, പ്രൊഹിബിഷന്‍ ആന്റ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ മാസം പ്രത്യേക ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

ക്ളബുകള്‍ക്കും സ്റ്റാര്‍ ഹോട്ടലുകള്‍ക്കും മാത്രമായിരുന്നു മദ്യം വിളമ്ബാനുള്ള ലൈസന്‍സ് നല്‍കിയിരുന്നത്. പുതിയ ഉത്തരവ് പ്രകാരം കോണ്‍ഫറന്‍സ് ഹാളുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ബാന്‍ക്വറ്റ് ഹാളുകള്‍, സ്‌പോര്‍ട്ട് സ്റ്റേഡിയങ്ങള്‍, വീട്ടുച്ചടങ്ങുകള്‍, ദേശീയ- അന്തര്‍ദേശീയ സമ്മേളനം, ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവിടങ്ങില്‍ മദ്യം സൂക്ഷിക്കുകയും അതിഥികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും വിളമ്ബുകയും ചെയ്യാം.

ലൈസന്‍സിനായി അപേക്ഷിക്കേണ്ടത് എപ്പോള്‍

കുറച്ചുദിവസത്തേയ്ക്ക് മാത്രമായിരിക്കും ലൈസന്‍സിന് സാധുത ഉണ്ടായിരിക്കുക. ലൈന്‍സന്‍സ് ഫീസ് ഒടുക്കിയതിനുശേഷം കളക്‌ടറുടെ അനുമതി ലഭിച്ചുകഴിഞ്ഞ് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറോ അസിസ്റ്റന്റ് കമ്മിഷണറോ ആയിരിക്കും ലൈസന്‍സ് അനുവദിക്കുക. പരിപാടി നടക്കുന്നതിന് ഏഴ് പ്രവര്‍ത്തി ദിവസം മുന്‍പ് ലൈസന്‍സിനായി ഓണ്‍ലൈനായി അപേക്ഷ നല്‍കണം.

അപേക്ഷാ ഫീസ്

വാണിജ്യ സ്ഥാപനങ്ങള്‍ക്ക്, വാര്‍ഷിക രജിസ്ട്രേഷന്‍ ഫീസും ഒരു പരിപാടിയ്ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് പ്രതിദിന ഫീസുമാണ് ഉള്ളത്. കോര്‍പ്പറേഷനുകളിലെ പരിപാടികള്‍ക്ക് ഒരു ലക്ഷം രൂപയും മുനിസിപ്പാലിറ്റികളില്‍ 75,000 രൂപയും മറ്റ് സ്ഥലങ്ങളില്‍ 50,000 രൂപയുമാണ് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ലൈസന്‍സ് ലഭിക്കുന്നതിന് വാര്‍ഷിക രജിസ്ട്രേഷന്‍ ഫീസ്.

ഒരു പരിപാടി നടത്തുന്നതിനുള്ള പെര്‍മിറ്റ് നല്‍കുന്നതിന് പ്രതിദിനം 11,000 രൂപ ( കോര്‍പ്പറേഷനുകളില്‍), 7,500 രൂപ (മുനിസിപ്പാലിറ്റികളില്‍), 5,000 രൂപ (മറ്റിടങ്ങളില്‍) എന്നിങ്ങനെയാണ് ഫീസ് നല്‍കേണ്ടത്. 

ഗാര്‍ഹിക ആഘോഷങ്ങളില്‍ വാണിജ്യേതര സ്ഥലങ്ങളില്‍ "ഒറ്റത്തവണ" കൈവശം വയ്ക്കുന്നതിനും മദ്യം വിതരണം ചെയ്യുന്നതിനുമുള്ള പ്രത്യേക ലൈസന്‍സ് 11,000 രൂപ (കോര്‍പ്പറേഷനുകളില്‍), 7,500 രൂപ (മുനിസിപ്പാലിറ്റികളില്‍), 5,000 രൂപ (മറ്റു സ്ഥലങ്ങള്‍) എന്നിങ്ങനെയാണ് ഒടുക്കേണ്ടത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.