Click to learn more 👇

പൊലീസിനെ കുഴക്കി ഇന്‍സ്റ്റഗ്രാമില്‍ സ്വര്‍ണക്കടത്ത് സംഘം; വെല്ലുവിളിച്ചും തെളിവ് നിരത്തിയും റീൽസ്


തിരുവനന്തപുരം: പോലീസിനെ കുഴക്കി ഇന്‍സ്റ്റഗ്രാമില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് അവകാശപ്പെടുന്നവരുടെ പ്രവര്‍ത്തനം.

ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്താന്‍ സഹായിക്കുമെന്ന് അവകാശപ്പെടുന്ന സംഘം തെളിവായി വിവിധ വീഡിയോകളും പോസ്റ്റ് ചെയ്യുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലെ ഈ അക്കൗണ്ട് വ്യാജമാണോ അതോ കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളവരുടേതാണോ എന്ന് പോലീസ് അന്വേഷണം തുടങ്ങി

യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണ്ണം കടത്താന്‍ തങ്ങളെ സമീപിക്കുക എന്ന കുറിപ്പിലാണ് സമൂഹമാധ്യമത്തില്‍ സംഘത്തിന്‍റെ പ്രവര്‍ത്തനം. സ്വര്‍ണ്ണം കാപ്സ്യൂള്‍ ആക്കി കടത്തുന്നതിന്‍റെ രീതിയും ദൃശ്യങ്ങളടക്കം 30 ഓളം വീഡിയോകള്‍ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചുരുങ്ങിയ കാലയളവില്‍ 14,000 ലേറെ പേരാണ് അക്കൗണ്ട് ഫോളോ ചെയ്യുന്നത്. എന്നാല്‍ ഈ സംഘം ഫോളോ ചെയ്യുന്നത് പോലീസിനെയും മാധ്യമങ്ങളെയും മാത്രമാണ്.

കാപ്സ്യൂള്‍ രൂപത്തിലുള്ള സ്വര്‍ണ്ണത്തെക്കുറിച്ച്‌ ഫോളോ ചെയ്യുന്നവരുടെ സംശയങ്ങള്‍ക്ക് സംഘം മറുപടി നല്‍കുന്നുണ്ട്. ശബ്ദമാറ്റം വരുത്തിയ ഓഡിയോയോടു കൂടിയാണ് ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്. ഒപ്പം വിമാനത്താവളങ്ങള്‍ വഴി കടത്തിയതാണെന്ന് അവകാശപ്പെട്ട് സ്വര്‍ണത്തിന്റെ വീഡിയോ പങ്കുവെച്ച്‌ പോലീസിനെയും ഏജന്‍സികളെയും വെല്ലുവിളിക്കുന്നുമുണ്ട്. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലീസ് ഈ അക്കൗണ്ട് നിരീക്ഷിക്കുകയാണ്. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്ത നല്ല പരിചയമുള്ളവരാണ് വീഡിയോ തയ്യാറാക്കുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മലബാര്‍ മേഖലയിലുള്ളവരുടെ ശബ്ദവുമായി സാമ്യമുള്ളവരുടെതാണ് വീഡിയോയിലുള്ള ശബ്ദം. അതിനാല്‍ മലബാര്‍ കേന്ദ്രീകരിച്ച്‌ സ്വര്‍ണ്ണക്കടത്ത് നടത്തുന്നവരുമായി ഈ അക്കൗണ്ടിന് ബന്ധമുണ്ടോ എന്നതാണ് പോലീസ് പരിശോധിക്കുന്നത്. പേജിന് കമന്‍റ് ചെയ്തവര്‍ക്ക് സമ്മാനം നല്‍കിയെന്നും ഈ സംഘം അഴകാശപ്പെടുന്നുണ്ട്. സമ്മാനംകിട്ടിയെന്ന് പറയുന്നവരുടെ അക്കൗണ്ടും പോലീസ് പരിശോധിക്കുന്നുണ്ട്.

ഇനി അക്കൗണ്ട് വ്യാജമാണെങ്കിലും നിയമ വിരുദ്ധ പ്രവര്‍ത്തനത്തിന് ആളെ തേടിയുള്ള സോഷ്യല്‍ മീഡിയ ഇടപെടല്‍ കുറ്റകരമാണെന്നും പോലീസ് വ്യക്തമാക്കുന്നു. ഇന്‍സ്റ്റ ഐഡി നിര്‍മ്മിച്ചത് ഏവിടെ എന്ന് കണ്ടെത്തി കുറ്റക്കാരെ പുറത്തെത്തിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.