മലയില്‍ നിന്ന് വീണത് പടു കൂറ്റന്‍ പാറക്കല്ലുകള്‍; 5 സെക്കന്‍ഡിനുള്ളില്‍ 4 വാഹനങ്ങള്‍ തവിടുപൊടി ; 2 പേര്‍ മരിച്ചു, 3 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു; വീഡിയോ പുറത്ത്


 ഒരു വശത്തു കൊക്കയും മറു വശത്തു ചെങ്കുത്താതായ പാറക്കെട്ടുകളും ഉള്ള ഹൈവേയില്‍ അതീവ മന്ദഗതിയില്‍ ഗതാഗതം നടക്കുകയായിരുന്നു.

ഇതിനിടെ ഹൈവേയുടെ ഒരു വശത്തുള്ള ഉയര്‍ന്ന മലകളില്‍ നിന്ന് വലിയ പാറകള്‍ വീഴാൻ തുടങ്ങി, അതില്‍ രണ്ടെണ്ണം ഹൈവേയില്‍ കുരുക്കില്‍ പെട്ടു കിടന്നിരുന്ന കാറുകള്‍ തകര്‍ത്തു കൊണ്ട് താഴേക്ക് പാഞ്ഞുപോയി. അതീവ വേഗത്തിലാണ് കല്ലുകള്‍ വന്നു വീണത്. ഈ കാറുകള്‍ പൂര്‍ണമായും തകര്‍ന്നു.

തകര്‍ന്ന കാറുകള്‍ക്ക് തൊട്ടുപിന്നില്‍ ഉണ്ടായിരുന്ന കാറിന്റെ ഡാഷ്‌ബോര്‍ഡ് ക്യാമറയിലാണ് സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞത്.. 

വെറും 5 സെക്കൻഡിനുള്ളില്‍ രണ്ട് വലിയ കല്ലുകള്‍ ഒന്നിന് പുറകെ ഒന്നായി മൂന്ന് കാറുകള്‍ക്ക് മുകളില്‍ വീണത് വീഡിയോയില്‍ കാണാം.അപകടത്തെത്തുടര്‍ന്ന് കാറുകളുടെ അവശിഷ്ടങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുകയായിരുന്നു. ഇതുമൂലം

മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി.

നാഗാലാൻഡിലെ കൊഹിമ-ദിമാപൂര്‍ ഹൈവേയില്‍ നടന്ന അപകടത്തില്‍ നാല് വാഹനങ്ങള്‍ തകരുകയും രണ്ടു പേര്‍ മരിക്കുകയും ചെയ്തു. ദിമാപൂരിലെ ചുമോകെഡിമയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

ദിമാപൂരിലെ ഓള്‍ഡ് ചുമോകെഡിമ പോലീസ് ചെക്ക് ഗേറ്റിന് മുന്നില്‍ ചൊവ്വാഴ്ച വൈകീട്ട് 5:30 നാണ് അപകടമുണ്ടായതെന്ന് ദിമാപൂര്‍ പോലീസ് കമ്മീഷണര്‍ കെവിതുതോ സോഫി പറഞ്ഞു. അപകടത്തില്‍ നാല് വാഹനങ്ങള്‍ തകര്‍ന്നു. ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മൂന്ന് പേരെ രക്ഷപ്പെടുത്തി ദിമാപൂരിലെ ആശുപത്രിയിലേക്ക് അയച്ചു. ചികിത്സയിലിരിക്കെ ഒരാള്‍ മരിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.