Click to learn more 👇

ഷാരോണ്‍ വധക്കേസ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത് നിര്‍ണായക ആവശ്യവുമായി


 

ഷാരോണ്‍ വധക്കേസില്‍ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

അപേക്ഷ കീഴ്ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഗ്രീഷ്മയോടൊപ്പം കൂട്ടുപ്രതികളായ ഗ്രീഷ്‌മയുടെ അമ്മ സിന്ധു, അമ്മാവൻ നിര്‍മല്‍ കുമാരൻ എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കില്‍ മൂന്നാഴ്ചത്തേക്ക് നീട്ടിവെക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.

തമിഴ്നാട് പളുകലിലുള്ള വീട്ടില്‍ വച്ച്‌ കഴിഞ്ഞ വ‍ര്‍ഷം ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ കാമുകനായിരുന്ന ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കിയത് 

ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ തിരുവനന്തപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം അവശതകളോട് പൊരുതി ഒടുവില്‍ ഒക്ടോബര്‍ 25ന് ഷാരോണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഷാരോണിന്റെ മരണമൊഴിയില്‍ പോലും കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. ആദ്യം പാറശ്ശാല പൊലീസ് സ്വാഭാവിക മരണമെന്ന നിഗമനത്തിലെത്തിയ കേസില്‍ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ഗ്രീഷ്മ വിഷം കൊടുത്തതാണെന്ന് തെളിഞ്ഞത്. മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. 

ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന പൊലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെയും പ്രതി ചേര്‍ത്തത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.