അങ്കണവാടിയില്‍ വച്ച് മൂന്നു വയസുകാരി വീണ് പരിക്കേറ്റ സംഭവം അധികൃതര്‍ മറച്ചുവച്ചുവെന്ന പരാതിയുമായി കുടുംബം.
തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി രതീഷ് - സിന്ധു ദമ്ബതികളുടെ മൂന്ന് വയസ്സുകാരിയായ മകള്‍ വൈഗയ്ക്കാണ് അങ്കണവാടിയില്‍ വച്ച് പരിക്കേറ്റത്. പരിക്കേറ്റ കുട്ടി നിലവില്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ ചികിത്സയിലാണ്.
മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടിയില്‍ ആണ് സംഭവം. കുട്ടിക്ക് പരിക്കേറ്റ വിവരം അങ്കണവാടി അധികൃതര്‍ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ആണ് വൈഗക്ക് വീണു പരിക്കേറ്റത്. വൈകീട്ട് വീട്ടിലെത്തിയിട്ടും കുട്ടി കരച്ചില്‍ നിര്‍ത്തിയില്ല. പിന്നീട് ചര്‍ദിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ പരിശോധിച്ചപ്പോഴാണ് തലയില്‍ ചെറിയ മുഴ കണ്ടത്.
അങ്കണവാടിയില്‍ അന്വേഷിച്ചപ്പോള്‍ കുട്ടി വീണ വിവരം പറയാന്‍ മറന്നുപോയെന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് പിതാവ് രതീഷ് പറയുന്നു. കുട്ടിക്ക് തലച്ചോറിലും സുഷുമ്‌നാ നാഡിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കുട്ടിയ്ക്ക് ആന്തരിക രക്തസ്രാവവും സംഭവിച്ചിട്ടുണ്ട്.