ഡെന്റല്‍ ക്ലിനിക്കില്‍ ചികിത്സക്കിടെ യുവതിയുടെ നാക്കില്‍ ഡ്രില്ലർ തുളച്ചു കയറി. ആലത്തൂർ ഡെന്റല്‍ കെയർ ക്ലിനിക്കിനെതിരെയാണ് പരാതി.
പല്ലിന്റെ തുടർ ചികിത്സയുടെ ഭാഗമായി ഗം എടുക്കാൻ എത്തിയ ഗായത്രി സൂരജിന്റെ നാക്കിലാണ് ഡ്രില്ലർ തുളച്ചു കയറിയത്. സംഭവത്തില്‍ ക്ലിനിക്കിനെതിരെ പൊലീസ് കേസെടുത്തു.
ഗം എടുക്കുന്നതിനിടെ ഡ്രില്ലർ കൈതട്ടി നാക്കിനടിയിലേക്ക് കയറിയെന്നാണ് യുവതി പറയുന്നു. മുറിവ് വലുതായെന്ന് അറിയിച്ചിട്ടും ചെറിയ മുറിവാണെന്ന് പറഞ്ഞ് ക്ലിനിക്കില്‍ നിന്ന് വിടുകയായിരുന്നുവെന്നും, സീനിയര്‍ ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും നോക്കാന്‍ തയാറായില്ലെന്നും യുവതി പറയുന്നു.
2022 മുതല്‍ മൂന്ന് വർഷമായി ക്ലിനിക്കില്‍ ചികിത്സ തേടിവരുവായിരുന്നു യുവതി. നിയമപരമായ കാര്യങ്ങള്‍ ഉള്ളതിനാല്‍ പ്രതികരിക്കാനില്ലെന്നാണ് ആലത്തൂർ ഡെന്റല്‍ കെയർ ക്ലിനിക്കിലെ ഡോക്ടർ പ്രതികരിച്ചത്. മുറിവ് വലുതായതോടെ 21കാരി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. മുറിവ് ഗുരുതരമാണെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.