മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തന കുറ്റവും ചുമത്തി ഛത്തീസ‌്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്‌ത്രീകളായ സിസ്റ്റർ വന്ദനയ്ക്കും സിസ്റ്റർ പ്രീതിയും ജാമ്യം.
അറസ്റ്റിലായി ഒൻപതുദിവസത്തിനുശേഷമാണ് ഇരുവർക്കും ജാമ്യം ലഭിക്കുന്നത്.
പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജ് സിറാജുദ്ദീൻ ഖുറേഷിയാണ് വിധിപറഞ്ഞത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണമെന്നതിനൊപ്പം പാസ്‌പോർട്ട് കോടതിയില്‍ സമർപ്പിക്കണമെന്നും ഉപാധിവച്ചിട്ടുണ്ട്. നടപടികള്‍ പൂർത്തീകരിച്ച് രണ്ടുപേരും ഇന്നുതന്നെ ജയില്‍ മോചിതരാവും എന്നാണ് റിപ്പോർട്ടുകള്‍.
ഇന്നലെ ജാമ്യാപേക്ഷയെ ബിലാസ്‌പൂർ എൻ.ഐ.എ കോടതിയില്‍ പ്രോസിക്യൂഷൻ എതിർത്തെങ്കിലും ശക്തമായ വാദമുഖങ്ങള്‍ ഉന്നയിച്ചിരുന്നില്ല. ഇതോടെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ ശക്തമായിരുന്നു. കേരളത്തില്‍ നിന്നുളള ഇടതുനേതാക്കള്‍ കന്യാസ്ത്രീകളെ സന്ദർശിക്കാൻ ഇന്ന് ജയിലില്‍ എത്തിയിരുന്നു.
കന്യാസ്ത്രീകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അമൃതോദാസ് രക്ഷിതാക്കളുടെ അനുമതിയോടെയാണ് മൂന്നു പെണ്‍കുട്ടികള്‍ അവർക്കൊപ്പം പോയതെന്നാണ് വാദിച്ചത്. തെളിവായി സമ്മതപത്രവും സമർപ്പിച്ചു. അവർ ക്രിസ്തീയമതം പിൻതുടരുന്നവരാണെന്ന് ബോധിപ്പിക്കുകയും ചെയ്തു. യാതൊരു എതിർപ്പും പ്രോസിക്യൂഷൻ ഉയർത്തിയില്ല.
കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടുക മാത്രമേ പ്രോസിക്യൂഷൻ ചെയ്തുള്ളൂ. ജാമ്യഹർജി എൻ.ഐ.എ കോടതിയിലേക്ക് വിട്ടത് പ്രാേസിക്യൂഷന്റെ ആവശ്യപ്രകാരമായതിനാല്‍, സാങ്കേതികമായി എതിർപ്പ് പ്രകടിപ്പിക്കാൻ അവർ ബാദ്ധ്യസ്ഥരായിരുന്നു.
ആദ്യം മജിസ്ട്രേറ്റ് കോടതിയിലും തുടർന്ന് സെഷൻസ് കോടതിയിലും ജാമ്യം നിഷേധിക്കാൻ അതിശക്തവും ദീർഘവുമായ വാദമാണ് പ്രോസിക്യൂഷൻ നടത്തിയിരുന്നത്. ഇന്നലെ അതുണ്ടായില്ല.
കന്യാസ്ത്രീകളുടെ അറസ്റ്റോടെ കേരളത്തില്‍ ബി.ജെ.പി പ്രതിരോധത്തിലാവുകയും ക്രൈസ്തവ സമൂഹം പുരാേഹിതരുടെ നേതൃത്വത്തില്‍ തെരുവില്‍ ഇറങ്ങുകയും ചെയ്തതോടെ നിലപാട് മയപ്പെടുത്താൻ ഛത്തീസ്ഗഡ് സർക്കാരിനോട് ബി.ജെ.പി കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിരുന്നു.സർക്കാർ ജാമ്യാപേക്ഷയെ എതിർക്കില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളാ എം.പിമാർക്ക് ഉറപ്പും നല്‍കിയിരുന്നു. പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യഹർജി എൻ.ഐ.എ കാേടതിയില്‍ എത്തിയത്.
എന്നാല്‍, എൻ.ഐ.എ കേസ് ഇല്ലാത്തതിനാല്‍ എൻ.ഐ.എ കോടതിയെ സമീപിക്കേണ്ടതില്ലെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. ആശയക്കുഴപ്പത്തിലായതോടെ, കാത്തലിക് ബിഷപ്പ് കോണ്‍ഫറൻസ് ഒഫ് ഇന്ത്യ ഹൈക്കോടതിയെ സമീപിക്കാനാണ് ആദ്യം തീരുമാനിച്ചത്. ഹൈക്കോടതിയില്‍ നടപടികള്‍ വൈകാനിടയുള്ളത് കണക്കിലെടുത്ത് എൻ.ഐ.എ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.