ന്യൂഡൽഹി: ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്ക്. വെള്ളിയാഴ്ച രാവിലെ ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് കാർ ഡിവൈഡറിൽ ഇടിച്ചത്.
ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയിലെ നർസൻ അതിർത്തിയിൽ വെച്ചാണ് അദ്ദേഹത്തിന്റെ കാർ അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് കാർ പൂർണമായും കത്തിനശിച്ചു.
വിദഗ്ധ ചികിത്സയ്ക്കായി ഋഷഭ് പന്തിനെ ഡൽഹിയിലേക്ക് മാറ്റി. പ്ലാസ്റ്റിക് സർജറിക്ക് വിധേയനാകുമെന്നാണ് റിപ്പോർട്ട്.
ഋഷഭ് പന്തിന്റെ നെറ്റിയിലും കാലിലും പരിക്കുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും റൂർക്കിയിൽ നിന്ന് ഡൽഹിയിലേക്ക് റഫർ ചെയ്യുന്നുണ്ടെന്നും സക്ഷം ആശുപത്രി ചെയർമാൻ ഡോ.സുശീൽ നഗർ പറഞ്ഞു.