Click to learn more 👇

60 കഴിഞ്ഞവരും കൊവിഡ് മുന്നണിപോരാളികളും അടിയന്തരമായി കരുതല്‍ഡോസ് വാക്‌സിന്‍ എടുക്കാന്‍ നിര്‍ദേശം



തിരുവനന്തപുരം: 60 വയസ്സിനു മുകളിൽ പ്രായമുള്ളവരും അനുബന്ധ രോഗങ്ങളുള്ളവരും കൊവിഡ് മുന്നണി പ്രവർത്തകരും മുൻകരുതൽ ഡോസ് വാക്‌സിൻ അടിയന്തരമായി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം നിർദേശിച്ചു.

സംസ്ഥാനത്ത് നിലവിൽ ശരാശരി 7000 പരിശോധനകൾ നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.  നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  

72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിലാണ്. ആവശ്യത്തിന് ഓക്‌സിജൻ ഉൽപ്പാദനം നടക്കുന്നുണ്ട്.  എല്ലാ ജില്ലാ ആശുപത്രികളിലും ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.  ആവശ്യാനുസരണം മരുന്നുകളും മാസ്‌കുകളും പിപിഇ കിറ്റുകളും നൽകാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദേശം നൽകിയിട്ടുണ്ട്.  വാക്സിൻ നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് നിരീക്ഷണ സെൽ പുനരാരംഭിച്ചു. റാപ്പിഡ് റെസ്‌പോൺസ് ടീം യോഗം ചേർന്ന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.  

തിരക്കേറിയ സ്ഥലങ്ങളിലും എസി മുറികളിലും പൊതുസ്ഥലങ്ങളിലും അവസരത്തിനനുസരിച്ച് മാസ്‌ക് ധരിക്കുന്നത് ഉചിതമാണെന്ന് യോഗം വിലയിരുത്തി.

പുതിയ വൈറസ് വേരിയന്റിന് ഉയർന്ന വ്യാപന സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

ഗൗരവമായി നീങ്ങേണ്ടതുണ്ട്.  ആരോഗ്യവകുപ്പിനൊപ്പം തദ്ദേശസ്വയംഭരണ വകുപ്പും ജാഗ്രത പാലിക്കണം. കൊവിഡ് സംബന്ധിച്ച് കേന്ദ്രസർക്കാർ നൽകുന്ന നിർദേശങ്ങൾ അതേപടി നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റവന്യൂ മന്ത്രി കെ രാജൻ, തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടർമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.