ന്യൂഡൽഹി: ചൈനയിൽ മറ്റൊരു കൊവിഡ് തരംഗത്തിന് കാരണമായെന്ന് സംശയിക്കുന്ന കൊറോണ വൈറസിന്റെ ഒമിക്‌റോൺ ബിഎഫ്-7 വേരിയന്റ് ഇന്ത്യയിലും സ്ഥിരീകരിച്ചു.
ഗുജറാത്തിൽ രണ്ട് കേസുകളും ഒഡീഷയിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച കേസുകളിൽ ഒരാൾ അമേരിക്കയിൽ നിന്ന് വന്ന ഗുജറാത്തിൽ നിന്നുള്ള 61 കാരിയായ സ്ത്രീയാണ്.
ദ്രുതഗതിയിലുള്ള വ്യാപനമാണ് വേരിയന്റിന്റെ പ്രത്യേകതയെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. പനിയും ചുമയുമാണ് പ്രധാന ലക്ഷണങ്ങൾ.
പുതിയ വേരിയന്റ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ചു. വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരിൽ ചിലരെ പരിശോധിക്കാനും അവരിൽ ആർക്കെങ്കിലും കോവിഡ് -19 ആണെന്ന് സ്ഥിരീകരിച്ചാൽ ബാക്കിയുള്ളവരെയും പരിശോധനയ്ക്ക് വിധേയമാക്കാനും കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിരോധം ശക്തമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.
പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാനും നിർദേശമുണ്ട്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അടിയന്തര യോഗം വിളിച്ചു. കൊവിഡ് ഇതുവരെ പൂർണമായി അവസാനിച്ചിട്ടില്ലെന്നും ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏത് സാഹചര്യവും നേരിടാൻ രാജ്യം സജ്ജമാണെന്നും മന്ത്രി അറിയിച്ചു.
—-------------------------------------------------
Summary:- The Omicron BF-7 variant of the coronavirus has also been confirmed in India.