Click to learn more 👇

സമ്ബൂര്‍ണ വിജയം തേടി ഇന്ത്യ, തലയുയര്‍ത്തി മടങ്ങാന്‍ ശ്രീലങ്ക; കളിയാവേശത്തിനൊരുങ്ങി കാര്യവട്ടം


 

തിരുവനന്തപുരം: ഇന്ന് ഇന്ത്യ-ശ്രീലങ്ക കാര്യവട്ടം ഏകദിനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം.

രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയതിനാൽ ഇന്ത്യ ഇന്ന് കൂടുതൽ താരങ്ങൾക്ക് അവസരം നൽകിയേക്കും.

അതേസമയം ടി20 പരമ്പരയും ഏകദിന പരമ്പരയും നഷ്ടമായ ശ്രീലങ്ക ആശ്വാസ ജയമാണ് ലക്ഷ്യമിടുന്നത്. തലയുയർത്തി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്ക ഇറങ്ങുന്നത്.  രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, തുടങ്ങിയ താരങ്ങൾ കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനെത്തിയില്ല.  കാര്യവട്ടത്ത് സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, അർഷ്ദീപ് സിങ് തുടങ്ങിയവർ കളിച്ചേക്കും. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡും ടീമിനൊപ്പം ചേർന്നു.  അസുഖത്തിന് ശേഷം ദ്രാവിഡ് തിരിച്ചെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

രാവിലെ 11 മണിക്ക് മത്സരം കാണാൻ ആരാധകരെ സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കും. ഇന്നലെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങൾക്ക് ആവേശകരമായ സ്വീകരണമാണ് നൽകിയത്. ടീമിനായി തയ്യാറാക്കിയ പ്രത്യേക വിമാനത്തിലാണ് ടീമുകൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.  

ഇന്നലെ ഇന്ത്യൻ ടീം അംഗങ്ങളായ സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ ചാഹൽ തുടങ്ങിയവർ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.