ട്രോളിങ് നിരോധനത്തിന് ശേഷം മീൻ വരവ് നിലച്ചു. ഇൻബോർഡ് എൻജിൻ വള്ളങ്ങള്‍ ഉള്‍പ്പെടെയുള്ള വള്ളങ്ങള്‍ക്ക് ട്രോളിങ് നിരോധനം ബാധകമല്ലെങ്കിലും ജില്ലയില്‍ മീൻപിടിത്ത മേഖല നിശ്ചലമാണ്.
കടലേറ്റവും മീൻലഭ്യത കുറഞ്ഞതും കാരണം വള്ളങ്ങള്‍ കടലില്‍ പോക്ക് നിർത്തി. പോകുന്ന വള്ളങ്ങളില്‍ മിക്കതും വെറും കൈയോടെയാണ് മടക്കം. ഒന്നും രണ്ടും വട്ടിയുമായെത്തിയാല്‍ അതിന് പിടിവലിയാണ്.
മടക്കര തുറമുഖത്ത് ഒരുവട്ടി അയലയ്ക്ക് (20 കിലോ) കഴിഞ്ഞ ദിവസം ലേലം വിളിച്ചത് 10,000 രൂപയ്ക്ക് മേലേയാണ്. ഒരുകിലോ അയലയ്ക്ക് 500 രൂപ കടന്നു. ഒഴുക്ക് കൂടുതലായതിനാല്‍ പുഴകളിലെ മീൻപിടിത്തവും മുടങ്ങി. ഇതര സംസ്ഥാനങ്ങളില്‍നിന്നും മാർക്കറ്റുകളിലേക്ക് മീൻവരവ് തുടങ്ങിയില്ല. ചോമ്ബാലയില്‍നിന്നും കണ്ണൂരില്‍നിന്നുമെത്തിക്കുന്ന മീനാണ് കൊട്ടവില്പനക്കാർക്ക് ആശ്രയം. നത്തല്‍, മുള്ളൻ, ചെമ്മീൻ എന്നിവയാണ് ഇങ്ങനെയെത്തുന്നത്. ഇവയ്ക്കാണെങ്കില്‍ പൊന്നുംവിലയാണ് ഈടാക്കുന്നത്. കാലാവസ്ഥ അനുകാലമായാല്‍ വരും ദിവസങ്ങളില്‍ വള്ളങ്ങള്‍ക്ക് കടലില്‍ പോകാനാകുമെന്ന പ്രതീക്ഷയിലാണ് തീരദേശം