ആരോഗ്യവകുപ്പ് പരിശോധന നടത്തി കാന്റീൻ അടച്ചുപൂട്ടി. താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന എംബാം ചെയ്ത മൃതദേഹം കൊണ്ടുവന്ന പെട്ടിയാണ് ഒരാഴ്ചയോളം കാന്റീനിൽ സൂക്ഷിച്ചിരുന്നത്.
ഇത് സംബന്ധിച്ച് നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വി.നിഥിന്‍ നഗരസഭാ ആരോഗ്യ വിഭാഗത്തിന് പരാതി നൽകിയെങ്കിലും പരിശോധന ഉണ്ടായില്ല. ഇന്നലെ ചേർന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിലും കൗൺസിൽ യോഗത്തിലും ഇക്കാര്യം ഉന്നയിച്ചിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി കാന്റീനിൽ എത്തിയതോടെ പെട്ടി ഇവിടെനിന്നു മാറ്റി.
ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേർന്ന ദിവസം ഇക്കാര്യം ഉന്നയിച്ചപ്പോൾ നഗരസഭാ ചെയർപേഴ്‌സൺ വി.എ. പ്രഭാവതി സ്ഥലം സന്ദർശിച്ച് പെട്ടി നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എംബാം ചെയ്ത ശേഷം മൃതദേഹം കൊണ്ടുവന്ന പെട്ടി എങ്ങനെ ആശുപത്രി കാന്റീനിൽ എത്തിയെന്ന് നഗരസഭ അന്വേഷിക്കാത്തത് ഗുരുതര വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിദേശത്ത് നിന്ന് മൃതദേഹം കൊണ്ടുവന്ന പെട്ടി ആശുപത്രിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ചിലർ എടുത്ത് ക്യാന്റീനിൽ വയ്ക്കുകയും പിന്നീട് വിൽക്കാൻ നീക്കം നടത്തുകയുമായിരുന്നുവെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി വളപ്പിലെ ചില ആംബുലൻസ് ഡ്രൈവർമാരുടെ പേരുവിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കാന്റീൻ പ്രവർത്തിക്കുന്നതെന്ന് കാണിച്ച് നഗരസഭാ അധികൃതർ നോട്ടീസ് നല്കിയിരുന്നു.
കാന്റീൻ താത്കാലികമായി അടച്ചിട്ടതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കാന്റീനിൽ ശവപ്പെട്ടി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ടി.വി. നിഥിന്‍ പോലീസിൽ പരാതി നൽകി.
കാന്റീനിൽ ശവപ്പെട്ടി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച മണ്ഡലം കമ്മിറ്റി ആശുപത്രിയിലേക്ക് മാർച്ച് നടത്തി.