ചേർത്തല പാണാവള്ളിയിലെ അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ മൂന്നുപേരും അറസ്റ്റില്‍.
കുഞ്ഞിനെ പ്രസവിച്ച പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡ് ആനമൂട്ടില്‍ച്ചിറ ഡോണാ ജോജി (22), കാമുകൻ തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്ബ് തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്ത് തകഴി കുന്നുമ്മ ജോസഫ് ഭവനില്‍ അശോക് ജോസഫ് (30) എന്നിവരുടെ അറസ്റ്റാണു രേഖപ്പെടുത്തിയത്. ഇവരെ റിമാൻഡു ചെയ്തു. ഡോണയൊഴികെയുള്ളവർ പോലീസ് കസ്റ്റഡിയിലായിരുന്നു.
ഡോണ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മജിസ്ട്രേട്ട് ആശുപത്രിയിലെത്തിയാണ് ഇവരെ കൊട്ടാരക്കര ജയിലിലേക്കു റിമാൻഡു ചെയ്തത്. തത്കാലം ആശുപത്രിയില്‍ തുടരും. തോമസ് ജോസഫിനെയും അശോക് ജോസഫിനെയും ആലപ്പുഴ സബ് ജയിലിലേക്കു മാറ്റി.
കഴിഞ്ഞ ഏഴിനു പുലർച്ചെ ഒന്നരയ്ക്ക് വീട്ടില്‍വെച്ചാണ് ഡോണ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിന്റെ മൃതദേഹം തകഴി കുന്നുമ്മയില്‍ പാടശേഖരത്തിന്റെ പുറംബണ്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം യുവതിയുടെ ബന്ധുക്കള്‍ തിങ്കളാഴ്ച മൃതദേഹം ഏറ്റുവാങ്ങി വലിയചുടുകാട് ശ്മശാനത്തില്‍ സംസ്കരിച്ചു. കുഞ്ഞ് എങ്ങനെ മരിച്ചുവെന്നതില്‍ വ്യക്തത വന്നില്ല.
ഭാരതീയ ന്യായസംഹിത 93, 3(5), 91, 94, 258 വകുപ്പുകള്‍, ജുവനൈല്‍ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചില്‍ഡ്രൻ) ആക്‌ട് എന്നിവ പ്രകാരമാണു കേസ്. 12 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ അച്ഛനുമമ്മയും ചേർന്ന് ഉപേക്ഷിക്കുക, ഇതിന് മറ്റുള്ളവരുടെ സഹായം തേടുക തുടങ്ങിയവയ്ക്കെതിരേയുള്ള വകുപ്പുകളാണു ചേർത്തിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരപ്രകാരം വകുപ്പുകള്‍ കൂട്ടിച്ചേർക്കും.
അതിന്റെ വിശദാംശങ്ങള്‍ ലഭിച്ചാലേ കൂടുതലെന്തെങ്കിലും പറയാൻ കഴിയൂവെന്ന് പൂച്ചാക്കല്‍ എസ്.എച്ച്.ഒ. എൻ.ആർ. ജോസ് പറഞ്ഞു. കുറ്റകൃത്യത്തെ സംബന്ധിച്ച് കൃത്യമായ നിഗമനങ്ങളിലെത്താൻ കഴിഞ്ഞിട്ടില്ല. സാംപിളുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് പറഞ്ഞു.
പ്രസവശേഷം കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സതേടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞിനെ കാമുകൻ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നാണ് ഇവർ പറഞ്ഞത്. എന്നാല്‍, അതു തെറ്റാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. അതോടെയാണ് കാമുകനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്.
കുഞ്ഞ് ആദ്യം കരഞ്ഞുവെന്നും പിന്നീട് അനക്കമില്ലാതായെന്നുമാണ് യുവതി പോലീസിനോടു പറഞ്ഞത്. കൊണ്ടുപോകുമ്ബോള്‍ കുഞ്ഞിന് ജീവനില്ലായിരുന്നുവെന്നാണ് മറ്റു രണ്ടു പ്രതികളുടെയും മൊഴി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.