Click to learn more 👇

പൊട്ടിത്തെറിച്ച്‌ ഇന്ധനടാങ്കുകള്‍, കത്തിയമര്‍ന്നത് 300-ലധികം വാഹനങ്ങള്‍; യുദ്ധഭൂമിപോലെ വെള്ളാരംപാറ


തളിപ്പറമ്പ്: സംസ്ഥാന പാതയോരത്ത് കുറുമാത്തൂര്‍ വെള്ളാരംപാറയിലെ പോലീസ് യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന മുന്നൂറിലധികം വാഹനങ്ങൾ കത്തിനശിച്ചു.

വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ലോറികളും ജെസിബികളും കാറുകളും ഓട്ടോറിക്ഷകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു.കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്.  

തളിപ്പറമ്പ്, മയ്യിൽ, ശ്രീകണ്ഠപുരം, പയ്യന്നൂർ, വളപട്ടണം, പൈശാങ്ങാടി, പരിയാരം പൊലീസ് സ്റ്റേഷനുകളിലെ വിവിധ കേസുകളിലെ വാഹനങ്ങളാണ് യാര്‍ഡില്‍ സൂക്ഷിച്ചിരുന്നത്. തൊണ്ടിമുതലായ വാഹനങ്ങളും ഇതിലുണ്ട്.സമീപത്തെ പറമ്പിൽ നിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു.  


അവിടെയുണ്ടായിരുന്ന ഹോം ഗാർഡ് ഉടൻ പോലീസ് സ്റ്റേഷനിലും അഗ്നിശമന സേനയിലും വിവരമറിയിച്ചു. ഉച്ചവെയിലും കാറ്റും തീ ആളിക്കത്തിച്ചു. മുറ്റത്തിന് സമീപത്തെ സ്വകാര്യവ്യക്തികളുടെ പറമ്പിലേക്കും തീ പടർന്നു.

ഏറെ നേരം വെള്ളാരംപാറ മേഖല കറുത്ത പുക കൊണ്ട് നിറഞ്ഞു. സംസ്ഥാന പാതയിൽ വാഹന ഗതാഗതവും സ്തംഭിച്ചു.  നാട്ടുകാർ ഓടിക്കൂടിയെങ്കിലും വലിയ ശബ്ദവും വാഹനങ്ങളുടെ ഇന്ധന ടാങ്കുകൾ ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്നതും കാരണം രക്ഷാപ്രവർത്തനം സാധ്യമായില്ല.

അഗ്നിശമന സേനയെത്തി തീയണക്കാനുള്ള ശ്രമം തുടങ്ങി.  തളിപ്പറമ്പ്, പയ്യന്നൂർ, കണ്ണൂർ, മട്ടന്നൂർ സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിശമന സേനാ സംഘം മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സ്ഥലപരിമിതി മൂലം വാഹനങ്ങൾ യാര്‍ഡില്‍ അട്ടിയിട്ട് സൂക്ഷിച്ചതും നാശത്തിന്റെ വ്യാപ്തി കൂട്ടി. വാഹന പാർക്കിങ് ഏരിയയിലും പരിസരത്തുമുള്ള ചെടികളും ഉണങ്ങിയ പുല്ലും എളുപ്പത്തിൽ തീ ആളിക്കത്തിച്ചു. റവന്യൂ വകുപ്പ് അനുവദിച്ച രണ്ടേക്കർ സ്ഥലത്താണ് യാർഡ് സ്ഥിതി ചെയ്യുന്നത്.

24 മണിക്കൂറും ഹോം ഗാർഡുണ്ട്. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത, ആര്‍.ഡി.ഒ. ഇ.പി.മേഴ്സി, അഗ്‌നിരക്ഷാസേന റീജണല്‍ ഓഫീസര്‍ പി.രഞ്ജിത്ത് തുടങ്ങിയവരും സ്ഥലത്തെത്തി.

111111111111

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.