ആഗ്ര: വളര്‍ത്തുതത്ത ഏക സാക്ഷിയായ 2014ലെ കൊലപാതക കേസില്‍ പ്രതിക്ക് ജീവപര്യന്തം. വീട്ടമ്മയെയും വളര്‍ത്തുനായയെയും കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസിലാണ് വിധി.
ഉത്തര്‍പ്രദേശ് ആഗ്രയിലെ ഒരു പ്രശസ്ത ദിനപത്രത്തിന്റെ എഡിറ്റര്‍ വിജയ് ശര്‍മയുടെ ഭാര്യയായ നീലം ശര്‍മയെ കൊലപ്പെടുത്തിയ കേസിലാണ് മിതു രാജ എന്ന തത്ത നിര്‍ണായക സാക്ഷിയായത്. 2014 ഫെബ്രുവരി 20ന് നടന്ന കൊലക്കേസില്‍ 9 വര്‍ഷങ്ങള്‍ക്കുശേഷമാണ് ശിക്ഷ വിധിക്കുന്നത്.
വിജയ് ശര്‍മയുടെ അനന്തരവനായ ആഷു എന്ന അഷുതോഷ് ഗോസ്വാമി ആയിരുന്നു കൊലയാളി. സംഭവം നടക്കുമ്ബോള്‍ വീട്ടിലാരും ഇല്ലാത്തതിനാല്‍ സാക്ഷികളായി ആരുമുണ്ടായിരുന്നില്ല. എന്നാല്‍ സ്ഥിരം സന്ദര്‍ശകനായ അനന്തരവനെ നന്നായി അറിയാവുന്ന തത്ത, സംഭവത്തിനുശേഷം അയാളുടെ പേര് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്നതാണ് കേസില്‍ തത്ത ശക്തമായ സാക്ഷിയായി മാറിയതും കൊലയാളിയെ പിടികൂടാന്‍ സാധിച്ചതും.
തത്തയുടെ കരച്ചില്‍ കേട്ട് സംശയം തോന്നിയ വിജയ് ശര്‍മ അനന്തരവനെ ചോദ്യം ചെയ്യാന്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍, സുഹൃത്ത് റോണി മാസിയുടെ സഹായത്തോടെയാണ് നീലത്തെ കൊലപ്പെടുത്തിയതെന്ന് ആഷു സമ്മതിച്ചു. ആഷുവിന്റെ കുറ്റസമ്മത മൊഴിയുടെയും മറ്റു തെളിവുകളുടേയും അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ജഡ്ജി മുഹമ്മദ് റാഷിദ് ആണ് പ്രതികളായ ആഷുവിനും റോണിക്കും ജീവപര്യന്തം തടവും 72,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
2014 ഫെബ്രുവരി 20ന് മകന്‍ രാജേഷിനും മകള്‍ നിവേദിതയ്ക്കുമൊപ്പം ഫിറോസാബാദില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു വിജയ് ശര്‍മ. ഈ സമയം, നീലം വീട്ടില്‍ തനിച്ചായിരുന്നു. രാത്രി വൈകി തിരിച്ചെത്തിയ വിജയ് ശര്‍മ കാണുന്നത് ഭാര്യയുടെയും വളര്‍ത്തു നായയുടേയും മൃതദേഹമാണ്.
മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംശയം തോന്നിയ ചിലരെ പിടികൂടി. എന്നാല്‍ യാതൊരു തുമ്ബും കിട്ടിയില്ല. ഈ സമയമൊക്കെ വിജയ് ശര്‍മയുടെ വളര്‍ത്തു തത്തയാകട്ടെ, തീറ്റയും കുടിയുമൊക്കെ നിര്‍ത്തി നിശബ്ദയായിരുന്നു. ഇതോടെ, കൊലപാതകത്തിന് തത്ത ദൃക്സാക്ഷിയായിട്ടുണ്ടാവുമെന്ന് ശര്‍മ സംശയിച്ചു.
സംശയിച്ചവരുടെ പേരുകള്‍ ഓരോന്നായി തത്തയോട് പറഞ്ഞപ്പോള്‍, ആഷുവിന്റെ പേര് കേട്ട് ഭയന്ന് ‘ആഷു- ആഷു’ എന്ന് കരയാന്‍ തുടങ്ങി. തുടര്‍ന്ന് പൊലീസിന്റെ മുന്നിലും ആഷുവിന്റെ പേര് കേട്ടപ്പോള്‍ തത്ത ഇതേ പ്രതികരണം നടത്തി. ഇതോടെ അയാളെ പിടികൂടുകയായിരുന്നു. ആഷു വീട്ടില്‍ സ്ഥിരമായി വന്നു പോകാറുണ്ടായിരുന്നെന്നും വര്‍ഷങ്ങളോളം താമസിച്ചിരുന്നതായും നീലം ശര്‍മയുടെ മകള്‍ നിവേദിത ശര്‍മ പറഞ്ഞു.
എംബിഎ പഠിക്കാന്‍ തന്റെ പിതാവ് ആഷുവിന് 80,000 രൂപയും നല്‍കിയിരുന്നു. വീട്ടില്‍ ആഭരണങ്ങളും പണവും എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ആഷുവിന് നന്നായി അറിയാമായിരുന്നെന്നും തുടര്‍ന്ന് കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നെന്നും നിവേദിത പറഞ്ഞു.
വളര്‍ത്തുനായയെ കത്തികൊണ്ട് ഒമ്ബത് തവണയും നീലത്തെ 14 തവണയും കുത്തുകയായിരുന്നു. കൊല്ലുകയും കൊള്ളയടിക്കുകയുമായിരുന്നു അയാളുടെ ഉദ്ദേശമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കേസില്‍ ഉടനീളം പൊലീസ് തത്തയെ പരാമര്‍ശിച്ചെങ്കിലും തെളിവായി ഹാജരാക്കിയില്ല. എവിഡന്‍സ് ആക്ടില്‍ അങ്ങനെയൊരു വ്യവസ്ഥയില്ല എന്നതായിരുന്നു കാരണം.
സംഭവം നടന്ന് ആറ് മാസത്തിന് ശേഷം തത്ത ചത്തതായും 2020 നവംബര്‍ 14ന് കോവിഡ് സമയത്ത് പിതാവ് വിജയ് ശര്‍മ മരിച്ചതായും മകള്‍ ചൂണ്ടിക്കാട്ടി. ‘എന്റെ അച്ഛന്‍ ആഷുവിനെ തൂക്കിക്കൊല്ലണമെന്നാണ് ആഗ്രഹിച്ചിരുന്നത്. മുഴുവന്‍ കുടുംബവും അവനെ അത്തരത്തില്‍ ശിക്ഷിക്കണമെന്ന് സുപ്രിംകോടതിയോട് അഭ്യര്‍ത്ഥിക്കും’ – നിവേദിത കൂട്ടിച്ചേര്‍ത്തു