നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവം. കൊല്ലപ്പെട്ട യുവതികളെല്ലാം 32നും 35നുമിടയില്‍ പ്രായമുള്ളവരാണ് എന്നതും മൃതദേഹങ്ങള്‍ ഒരേ രീതിയിലാണ് കാണപ്പെട്ടതെന്നതും പ്രതി സീരിയല്‍ കില്ലര്‍ ആയിരിക്കാമെന്ന സൂചനയാണ് നല്‍കുന്നത്
ബെംഗളൂരു : യശ്വന്ത്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ രണ്ട് മാസം മുമ്ബ് നീല ഡ്രമ്മില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് സമാനമായ മറ്റൊരു സംഭവം കൂടി. വിശ്വേശ്വരയ്യ റെയില്‍വെ സ്‌റ്റേഷന്‍റെ പ്രധാന ഗേറ്റില്‍ നീല ഡ്രമ്മില്‍ അജ്ഞാത സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി.തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ ഓട്ടോയിലെത്തിയ മൂന്ന് പേര്‍ മൃതദേഹം റെയില്‍വേ സ്റ്റേഷനിലെ നീല ഡ്രമ്മില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ദൃശ്യങ്ങള്‍ സമീപത്തുള്ള സിസിടിവിയില്‍ പതിഞ്ഞിരുന്നു.
മരിച്ച സ്‌ത്രീക്ക് 30 വയസിനടുത്ത് പ്രായമുണ്ടെന്ന് സംശയിക്കുന്നു. അഴുകാറായ നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് (റെയില്‍വേ) എസ് കെ സൗമ്യലത പറഞ്ഞു. അന്വേഷണം ഊര്‍ജിതമാണെന്നും പ്രതിയെ ഉടനെ പിടിക്കുമെന്നും പൊലീസ് അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പൊലീസിന് തലവേദനയായി മാറിയിരിക്കുകയാണ്. അതേസമയം സംഭവം ചുരുളഴിയാത്തതില്‍ ജനങ്ങളും ആശങ്കയിലാണ്.
സമാനമായ മൂന്നാമത്തെ കൊലപാതകം : ജനുവരിയില്‍ യശ്വന്ത്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നീല ഡ്രമ്മില്‍ ഒരു സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ബെംഗളൂരുവിലെ യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ചവറ്റുകുട്ടയ്ക്ക് സമീപം നീല ഡ്രമ്മില്‍ അഴുകിയ നിലയിലായിരുന്നു സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുവരെ പ്രതികള്‍ക്കായി തുടര്‍ച്ചയായി തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിന് പിന്നാലെ റെയില്‍വേ സ്‌റ്റേഷനില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത് നഗരവാസികളെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്.
തിങ്കളാഴ്‌ച രാത്രി 7.30ന് നീല ഡ്രമ്മില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി വിവരം ലഭിച്ചിരുന്നു. സ്ഥലത്ത് എത്തി പരിശോധിച്ചപ്പോള്‍ ഡ്രമ്മില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നാണ് അന്വേഷണ ശേഷം റെയില്‍വേ എസ് പി സൗമ്യലത മാധ്യമങ്ങളെ അറിയിച്ചത്.
പതിവായി നിരവധി മത്സ്യത്തൊഴിലാളികള്‍ ചരക്കുമായി കടന്നുപോകുന്ന പ്ലാറ്റ്‌ഫോമാണ് യശ്വന്ത്പൂരിലേത്. രണ്ട് മൂന്ന് ദിവസമായി പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നീല ഡ്രം കാണുന്നുണ്ടായിരുന്നു. ശുചീകരണ തൊഴിലാളികള്‍ ഇത് ആരോ മീന്‍ പാത്രം എടുക്കാന്‍ മറന്നതായിരിക്കും എന്ന് കരുതിയിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു.
നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. കൊല്ലപ്പെട്ട യുവതികളെല്ലാം 32നും 35നുമിടയില്‍ പ്രായമുള്ളവരാണ് എന്നതും മൃതദേഹം ഒരേ രീതിയിലാണ് നിക്ഷേപിച്ചത് എന്നതും പ്രതി സീരിയല്‍ കില്ലര്‍ ആകാനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തിലേക്കാണ് പൊലീസിനെ എത്തിക്കുന്നത്.
ഡിസംബര്‍ രണ്ടാം ആഴ്‌ചയിലായിരുന്നു ബയ്യപ്പനഹള്ളി റെയില്‍വേ സ്റ്റേഷനില്‍ ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം പരക്കുന്നുവെന്ന് യാത്രക്കാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.