Click to learn more 👇

കൂട്ടുകാരുമായി പന്തയം;13കാരി കഴിച്ചത് 45 ​ഗുളികകൾ; ആശുപത്രിയിലേക്ക് പോകും വഴി മരണം


ചെന്നൈ: കൂട്ടുകാരുമായി പന്തയം വച്ച്‌ അമിതമായി ഗുളികകള്‍ കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. ഊട്ടി കാന്തലിലെ ഉറുദു സ്‌കൂള്‍ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനി ജയനബ ഫാത്തിമ (13) ആണ് മരിച്ചത്.

സ്‌കൂളില്‍ വിതരണത്തിനെത്തിച്ച അയണ്‍ ഫോളിക് ആസിഡ് ഗുളികകളാണ് കുട്ടി കഴിച്ചത്. സമാനരീതിയില്‍ ഗുളിക കഴിച്ച മൂന്ന് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടികളിലെ വിളര്‍ച്ച ഒഴിവാക്കുന്നതിനായി സ്‌കൂളുകള്‍ വഴി സര്‍ക്കാര്‍ ഗുളിക വിതരണം ചെയ്തിരുന്നു. ഈ ഗുളികകളാണ് കുട്ടികള്‍ കഴിച്ചത്. ഏറ്റവും കൂടുതല്‍ ആരാണ് ഗുളികകള്‍ കഴിക്കുകയെന്നതായിരുന്നു പന്തയം. 45 ഗുളികകളാണ് ജയനബ കഴിച്ചത്. പിന്നാലെ ജയനബ ഉള്‍പ്പെടെ അബോധാവസ്ഥയിലായ കുട്ടികളെ കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈയിലേയ്ക്ക് കൊണ്ടുപോകുംവഴിയാണ് ജയനബ മരിച്ചത്. രണ്ട് ആണ്‍കുട്ടികളും ഗുളിക കഴിച്ചിരുന്നു. ഇവര്‍ രണ്ടോ മൂന്നോ ഗുളികകള്‍ മാത്രമാണ് കഴിച്ചത്. അതിനാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായില്ല.

സംഭവത്തിന് പിന്നാലെ സ്‌കൂളിന്റെ ഹെഡ്‌മാസ്റ്റര്‍ മുഹമ്മദ് അമീന്‍, അദ്ധ്യാപിക കലൈവാണി, ആരോഗ്യവകുപ്പ് ജീവനക്കാരായ നാഗമണി, ജയലക്ഷ്മി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ഹെഡ്‌മാസ്റ്ററുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന ഗുളിക കുട്ടികളുടെ കൈയില്‍ എങ്ങനെയെത്തി എന്നത് സംബന്ധിച്ച്‌ അന്വേഷണം നടക്കുകയാണ്. മരിച്ച കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.