Click to learn more 👇

'ഇന്നസെന്റ് മരിക്കാന്‍ കാരണം കാന്‍സറല്ല, അമേരിക്കയില്‍ ചികിത്സിക്കാമായിരുന്നിട്ടും അദ്ദേഹം പോകാന്‍ തയ്യാറായില്ല'; വെളിപ്പെടുത്തലുമായി ഡോക്ടര്‍


കാന്‍സര്‍ ചികിത്സ നടന്നിരുന്ന കാലത്ത് നടന്‍ ഇന്നസെന്റിന്റെ നിലപാടുകളും സമീപനങ്ങളും വെളിപ്പെടുത്തി ഡോക്ടര്‍ വി പി ഗംഗാധരന്‍.

ഡോക്ടറെ 100 ശതമാനവും വിശ്വസിച്ചാണ് ഇന്നസെന്റ് ചികിത്സ നടത്തിയത്. ഇത് എല്ലാ രോഗികളും അനുവര്‍ത്തിക്കേണ്ട ഒന്നാംപാഠമാണെന്നും വി പി ഗംഗാധരന്‍ പറയുന്നു.

''രോഗത്തെക്കുറിച്ച്‌ കൃത്യമായ ധാരണയുള്ള വ്യക്തിയായിരുന്നു ഇന്നസെന്റ്. ചികിത്സാകാലത്ത് പലയിടത്ത് നിന്നും പല ഉപദേശങ്ങളും തനിക്ക് കിട്ടിയെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. ചിലര്‍ പറയും മുള്ളന്‍ചക്ക കഴിക്കാന്‍, മറ്റ് ചിലര്‍ പറയും ഒറ്റമൂലി പരീക്ഷിക്കാന്‍, എല്ലാവരും പറയുന്ന കാര്യങ്ങള്‍ കേള്‍ക്കും, ആ മുള്ളന്‍ചക്കയും ആത്തച്ചക്കയുമെല്ലാം വീടിന്റെ മൂലക്കല്‍ കിടപ്പുണ്ട്. ഇതായിരുന്നു ഇന്നസെന്റിന്റെ നിലപാട്. അദ്ദേഹത്തിന്റെ ധാരണകള്‍ സങ്കല്‍പ്പിക്കാനാവുന്നതിലും അപ്പുറത്താണ്. അദ്ദേഹത്തിന്റെ പോസിറ്റിവിറ്റി മാത്രമല്ല ആ ധാരണയും മാതൃകയാക്കേണ്ടതാണ്. ''

''ഇന്നസെന്റ് വെറുമൊരു എട്ടാംക്ലാസുകാരനല്ല. പിഎച്ച്‌ഡിക്കാര്‍ പോലും ചെയ്യുന്ന മണ്ടത്തരങ്ങള്‍ കാണാറുണ്ട്. അതൊന്നും ഇന്നസെന്റ് ചെയ്തില്ല. ചികിത്സയ്ക്കായി അമേരിക്കയിലും പോയില്ല. ലോകത്തിന്റെ ഏത് കോണില്‍ കിട്ടുന്ന ചികിത്സയും ഇന്ത്യയിലും കേരളത്തിലും കിട്ടുമെന്നതായിരുന്നു ഇന്നസെന്റിന്റെ അഭിപ്രായം. ജ്യേഷ്ഠന്‍ അമേരിക്കയില്‍ ഡോക്ടറാണ്, എപ്പോള്‍ വേണമെങ്കിലും ഇന്നസെന്റിന് യു എസിലേയ്ക്ക് പോകാനുള്ള സാഹചര്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണവാര്‍ത്ത വന്നശേഷം പലരും വിളിച്ചു. എല്ലാവര്‍ക്കും അറിയേണ്ടത് കാന്‍സര്‍ മൂലമാണോ ഇന്നസെന്റ് മരിച്ചത് എന്നായിരുന്നു. കാന്‍സര്‍ കാരണമായിരുന്നില്ല അദ്ദേഹത്തിന്റെ മരണം.'- ഒരു പുസ്തക പ്രകാശന ചടങ്ങിനിടെ ഡോ. വി പി ഗംഗാധരന്‍ പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.