പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ നിയന്ത്രിക്കാനും ആപ്പിള്‍ വളരെ നല്ലതാണ്.
കൂടാതെ ഇത് ദഹനത്തെ സഹായിക്കുകയും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും കാഴ്ചശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ആപ്പിള്‍ കഴിക്കാനുള്ള ശരിയായ മാർഗം ഇപ്പോഴും പലർക്കും അറിയില്ല.
ആപ്പിള്‍ തൊലിയോടൊപ്പം കഴിക്കുന്നവരും തൊലി കളഞ്ഞ് കഴിക്കുന്നവരുമുണ്ട്. ഇത് ഏത് രീതിയില്‍ കഴിക്കുന്നതാണ് നല്ലതെന്ന് നിങ്ങള്‍ക്കറിയാമോ? വെയ്‌റ്റ്‌ലോസ് വിദഗ്ധനായ സുധീർ ആഷ്തിത് ഇതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ആപ്പിള്‍ തൊലി കളഞ്ഞശേഷം കഴിക്കുന്നതാണ് നല്ലതെന്നാണ് സുധീർ പറയുന്നത്.
'പഴത്തിന്റെയോ വിത്തുകളുടെയോ ഉള്ളിലേക്ക് ദോഷകരമായ ഘടകങ്ങള്‍ എത്തുന്നത് തടയുന്ന ഒരു സംരക്ഷണ പാളിയാണ് തൊലി. ആപ്പിള്‍ തൊലിയില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പറയുന്നവർ മാമ്ബഴമോ വാഴപ്പഴമോ തൊലിയോടുകൂടി കഴിക്കാത്തത് എന്തുകൊണ്ട്? ആപ്പിളിന്റെ തൊലി കളഞ്ഞശേഷം കഴിക്കുന്നതാണ് നല്ലത്'- അദ്ദേഹം വ്യക്തമാക്കി.
ആപ്പിളിന്റെ തൊലിയില്‍ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെങ്കിലും കീടനാശിനികള്‍, മെഴുക്, കെമിക്കല്‍ വാഷ് തുടങ്ങിയ പ്രക്രിയയിലൂടെ ആപ്പിള്‍ കടന്നുപോകുന്നു. അതിനാല്‍ ആപ്പിള്‍ തൊലിയോടെ കഴിക്കുന്നത് ഇവ ഉള്ളിലെത്താൻ കാരണമാകും. അത് ആരോഗ്യത്തിന് നല്ലതല്ല. ദഹനപ്രശ്നങ്ങള്‍ ഉള്ളവർ ആപ്പിളിന്റെ തൊലി കളഞ്ഞിട്ട് കഴിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു. തൊലി കളഞ്ഞാലും ആപ്പിളില്‍ പോഷക ഗുണങ്ങള്‍ക്ക് മാറ്റം വരുന്നില്ല.

