കൊച്ചി: മലയാളിയായ പുരുഷ സുഹൃത്തിന്റെ പീഡനം കാരണം റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഇടപെട്ട് റഷ്യന്‍ കോണ്‍സുലേറ്റ്.
കോഴിക്കോട്ട് നിന്ന് യുവതിയെ തിരികെ റഷ്യയില്‍ എത്തിക്കാന്‍ സഹായം നല്‍കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയുമായി കോണ്‍സുലേറ്റ് അധികൃതര്‍ സംസാരിച്ചു. കേസ് കോടതിയിലായതിനാല്‍, കോടതി അനുവദിക്കുന്നതിന് അനുസരിച്ച് യുവതിയെ നാട്ടിലെത്തിക്കാനാണ് തീരുമാനം.
കേസുമായി ബന്ധപ്പെട്ട് കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി ഓലക്കുന്നത്ത് ആഖിലിനെ (28) പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് 300 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട റഷ്യന്‍ യുവതിയെ കൂടെ താമസിപ്പിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് ആഖിലിനെതിരായ പരാതി. ആഖിലില്‍ നിന്ന് ക്രൂരപീഡനം നേരിട്ടതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്. കമ്പികൊണ്ട് മര്‍ദ്ദിച്ചതായും പാസ്പോര്‍ട്ട് കീറിക്കളഞ്ഞതായും യുവതി മൊഴി നല്‍കി. തന്റെ ഐഫോണും പ്രതി നശിപ്പിച്ചെന്ന് മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തും.
മര്‍ദനമേറ്റ നിലയില്‍ യുവതിയെ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. റഷ്യന്‍ ഭാഷ മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസിനു സാധിക്കാത്തതിനാല്‍ കേസെടുത്തിരുന്നില്ല. ഇന്നലെ ദ്വിഭാഷിയുടെ സഹായത്തോടെ മൊഴിയെടുത്തപ്പോഴാണു പീഡന വിവരം വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതി ബലമായി ലഹരി നല്‍കി പീഡിപ്പിച്ചെന്നും നിരന്തരം മര്‍ദിച്ചെന്നും യുവതി പറഞ്ഞു. ആറ് മാസം മുൻപ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം ഇരുവരും ഖത്തര്‍, നേപ്പാള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഒരു മാസം മുൻപാണ് ഇന്ത്യയില്‍ എത്തിയത്.