Click to learn more 👇

ഇതിൽ ഏത് ബാത്‌റൂമിൽ കയറും ? ; കണ്‍ഫ്യൂഷനടിപ്പിച്ച്‌ ശുചിമുറി; വൈറലായി ചിത്രങ്ങള്‍; സംഗതി പിടികിട്ടിയപ്പോള്‍ ആശ്ചര്യം


പൊതുസ്ഥലത്ത് കാണുന്ന ശുചിമുറികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. വാതിലിന് മുന്നില്‍ 'ജെന്‍ഡര്‍ സൈന്‍' ഉണ്ടായിരിക്കും.

ആണിനും പെണ്ണിനും, ട്രാന്‍സ്‌ജെന്‍ഡറിനും, വ്യക്തികള്‍ക്കുമൊക്കെ ഏത് ശുചിമുറി ഉപയോഗിക്കണമെന്ന് വ്യക്തമായി സൂചിപ്പിച്ചിരിക്കും. 

ചിലപ്പോള്‍ Male, Female എന്നിങ്ങനെ എഴുതിയിരിക്കും. ചിലയിടങ്ങളില്‍ ഇത് പ്രാദേശിക ഭാഷകളിലും കാണും.സ്ത്രീ, പുരുഷന്‍ എന്നെഴുതിയിരിക്കുന്ന ശുചിമുറികള്‍ കേരളത്തില്‍ കാണാം..

മറ്റ് ചില ശുചിമുറികള്‍ക്ക് മുൻപിൽ ചിലപ്പോള്‍ പ്രതീകങ്ങളും ഉണ്ടാകാറുണ്ട്. ചുരിദാര്‍ അല്ലെങ്കില്‍ സാരി ധരിച്ച സ്ത്രീയുടെ ചിഹ്നവും, പാന്റും ഷര്‍ട്ടും ധരിച്ച്‌ നില്‍ക്കുന്ന പുരുഷന്റെ ചിഹ്നവും നല്‍കും. പല റെസ്റ്റോറന്റുകളിലും ഇക്കാര്യത്തെ വളരെ ക്രിയാത്മകമായി ഉപയോഗിക്കുന്നതും കാണാം..

അതായത് ശുചിമുറിയുടെ വാതിലിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ചിഹ്നം പതിവില്‍ നിന്നും ഇവിടെ വ്യത്യസ്തമായിരിക്കും. സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ എന്നതിനെ കേവലം ഒരു മനുഷ്യന്റെ ചിഹ്നം ഉപയോഗിച്ച്‌ സൂചിപ്പിക്കാതെ മറ്റെന്തെങ്കിലും പ്രതീകം ഉള്‍പ്പെടുത്തുന്നു. സ്ത്രീകള്‍ക്ക് മാത്രമുള്ള എന്തെങ്കിലും പ്രത്യേകത, അല്ലെങ്കില്‍ പുരുഷന്മാരില്‍ മാത്രം കണ്ടുവരുന്ന എന്തെങ്കിലും വേറിട്ട കാര്യം, ഇതുപയോഗിച്ച്‌ ക്രിയാത്മകമായി സ്ത്രീ-പുരുഷ പ്രതീകം നല്‍കുന്ന രീതി പലയിടങ്ങളിലും നടപ്പിലാക്കാറുണ്ട്.

ഇത്തരത്തില്‍ ഫാഷന്‍ സെന്‍സ് ഉപയോഗിച്ച്‌ വേറിട്ട രീതിയില്‍ ഉപയോഗിച്ച ചിഹ്നം ഒറ്റ നോട്ടത്തില്‍ കണ്ട് മനസിലാകാതെ ഏത് ശുചിമുറിയില്‍ കേറണമെന്ന് ആലോചിച്ച്‌ അന്താളിച്ച്‌ നില്‍ക്കുന്ന ഒരാളുടെ അവസ്ഥയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. രാജസ്ഥാനിലെ ജയ്പൂരില്‍ സ്ഥിതിചെയ്യുന്ന റെസ്റ്റോറന്റിലാണ് സംഭവം. ഇവിടുത്തെ ശുചിമുറിയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. രവി ഹാന്ദ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വൈറലായ പോസ്റ്റ് വന്നിരിക്കുന്നത്.

റെസ്‌റ്റോറന്റിലെ ശുചിമുറികളുടെ വാതിലില്‍ ആണിനെയും പെണ്ണിനെയും ഉദ്ദേശിച്ച്‌ നല്‍കിയ പ്രതീകം മനസിലാക്കാന്‍ പ്രയാസം തോന്നിയെന്ന് അദ്ദേഹം പറയുന്നു. പ്രതീകം ഉപയോഗിക്കുമ്ബോള്‍ ഫാഷന്‍ സെന്‍സ് പ്രയോഗിക്കുന്നത് നിര്‍ത്തലാക്കണമെന്നാണ് രവി ഹാന്ദ ആവശ്യപ്പെടുന്നത്.

പങ്കുവച്ച ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ചിലര്‍ക്കെല്ലാം പ്രതീകങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞു. മറ്റ് ചിലര്‍ക്ക് യാതൊരു പിടിയും കിട്ടിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രതീകം മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെങ്ങനെയാണ് അത്യാവശ്യക്കാര്‍ ശുചിമുറി ഉപയോഗിക്കുക എന്നതാണ് വൈറല്‍ ചിത്രത്തിന് താഴെ ഉയരുന്ന ചോദ്യം. ജയ്പൂരിലെ ഒരു റെസ്റ്റോറന്റില്‍ മാത്രം സംഭവിക്കുന്നതല്ല ഇതെന്നും പല മുന്തിയ ഹോട്ടലുകളില്‍ നിന്നും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അനുഭവസ്ഥര്‍ പറയുന്നു.

വൈറലായ ദൃശ്യങ്ങളില്‍ കാണുന്ന ശുചിമുറിയുടെ വാതിലുകള്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത് ഇപ്രകാരമാണ്. ചരിഞ്ഞ ചുവപ്പ് വര നല്‍കിയിരിക്കുന്നത് സ്ത്രീകളുടെ ശുചിമുറിയും കുത്തനെ ചുവപ്പ് വര നല്‍കിയിരിക്കുന്നത് പുരുഷന്മാരുടേതുമാണ്. ആദ്യത്തേത് സാരിയുടെ പ്രതീകവും രണ്ടാമത്തേത് മുണ്ടിന്റെ പ്രതീകവുമാണെന്നാണ് വിശദീകരണം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.