തിരുവനന്തപുരം: കഴിഞ്ഞ ദിവസം താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.
പോരാട്ടം തുടരുമെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
തന്നെ കണ്ട കാര്യവും മുപ്പത് കോടി വാഗ്ദാനം ചെയ്ത കാര്യവുമൊക്കെ വിജേഷ് പിള്ളയെന്ന വിജയ് പിള്ള സമ്മതിച്ചിട്ടുണ്ടെന്ന് സ്വപ്ന സുരേഷിന്റെ കുറിപ്പില്‍ പറയുന്നു. തെളിവുകള്‍ പുറത്തുവിടാനുള്ള വിജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നെന്നും എല്ലാം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും അവര്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എന്തായാലും വിജേഷ് പിള്ള @വിജയ് പിള്ള ഇപ്പോള്‍ എന്നെ കണ്ട കാര്യം സമ്മതിച്ചു. രാജസ്ഥാനിലും ഹരിയാനയിലും പോകുന്ന കാര്യവും സമ്മതിച്ചു. 30 കോടി ഓഫര്‍ ചെയ്തതും സമ്മതിച്ചു. എം വി ഗോവിന്ദന്റെയും യുസഫ് അലിയുടെയും പേര് പറഞ്ഞ കാര്യവും സമ്മതിച്ചു.
എയര്‍പോര്‍ട്ടില്‍ എനിക്ക് നേരിടാവുന്ന ഭീഷണിയെ പറ്റി പറഞ്ഞതും സമ്മതിച്ചു. സ്വര്‍ണ്ണ കടത്ത് കേസിലെ തെളിവുകള്‍ വേണമെന്ന് പറഞ്ഞതും സമ്മതിച്ചു. പക്ഷേ അദ്ദേഹം പറയുന്നത് അത് വേറൊരു സാഹചര്യത്തില്‍ പറഞ്ഞതാണ് എന്നാണ്. എനിക്ക് ഒരു കാര്യമേ പറയാന്‍ ഉള്ളൂ. ഈ സംഭവം നടന്ന ഉടനെ തന്നെ പോലീസിനും ഇ ഡി ക്കും ഉള്‍പ്പടെ ഉള്ള ഏജന്‍സികള്‍ക്ക് തെളിവ് സഹിതം പരാതി കൊടുത്തു. പോലീസും ഏജന്‍സികളും വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെ ഉള്ള നടപടികള്‍ ആരംഭിച്ചു.
ഇനി ഏജന്‍സികള്‍ ആണ് ആരാണ് വിജേഷ് പിള്ള എന്തായിരുന്നു ഇതിന്റെ ഉദ്ദേശം ആരാണ് ഇയാളെ വിട്ടത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചു ഇത് ഒരു യുക്തിസഹമായ നിഗമനത്തില്‍ എത്തിച്ചേരേണ്ടത്. വിജേഷ് പിള്ള എനിക്കെതിരെ മാനനഷ്ടത്തിനും വഞ്ചനക്കും പോലീസില്‍ പരാതി കൊടുത്തു എന്നറിയിച്ചിട്ടുണ്ട്. ആദ്യമേ ഞാന്‍ പറയട്ടെ. എന്ത് നിയമ നടപടിയും നേരിടാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ അദ്ദേഹത്തിന്റെ നിയമ പരിജ്ഞാനത്തില്‍ എനിക്ക് സംശയം ഉണ്ട്. ഇപ്പോള്‍ തെളിവുകള്‍ പുറത്ത് വിടാന്‍ അദ്ദേഹം എന്നെ വെല്ലുവിളിച്ചിരിക്കുകയാണ്.
ആ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുന്നു. ഏജന്‍സികളില്‍ കൊടുത്തിട്ടുള്ള തെളിവുകള്‍ അദ്ദേഹം എന്നെ കോടതി കേറ്റുകയാണെങ്കില്‍ അവിടെ ഞാന്‍ അത് ഹാജരാക്കിക്കൊള്ളാം. ശ്രീ എം വി ഗോവിന്ദന്‍ കൊടുക്കും എന്ന് പറയുന്ന കേസുകളും നേരിടാന്‍ ഞാന്‍ തയ്യാറാണ്.
പക്ഷേ എനിക്ക് അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കാനുള്ളത് മുഖ്യമന്ത്രിയെയും കുടുംബത്തിനെയും കൂടി അങ്ങ് എനിക്കെതിരെ കേസ് കൊടുക്കാന്‍ ഉപദേശിക്കണം. വര്‍ഷങ്ങള്‍ക്ക് മുമ്ബ് പൂട്ടിപ്പോയ ഒരു കമ്ബനിയുടെ പേരില്‍ വെബ് സീരീസ് ഉണ്ടാക്കാന്‍ ഇറങ്ങി തിരിച്ച വിജേഷ് പിള്ളക്ക് അതിനുള്ള കപ്പാസിറ്റിയും വരുമാന സ്രോതസ്സും ഉണ്ടോയെന്നു അന്വേഷണം നടത്തും എന്ന് ഞാന്‍ കരുതുന്നു.