Click to learn more 👇

മുളക് പൊടി വിതറി 44കാരന്റെ കാല് തല്ലി ഒടിക്കാന്‍ 30,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത് അയല്‍വാസികളായ അമ്മയും മകളും


 തൊടുപുഴ: പ്രഭാതസവാരിയ്ക്കിറങ്ങിയ 44കാരനെ മുളകുപൊടി വിതറി ആക്രമിച്ച സംഭവത്തില്‍ വഴിത്തിരിവ്. അയല്‍വാസിയുടെ കാല്‍ തല്ലി ഒടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് അയല്‍വാസികളായ അമ്മയും മകളുമാണെന്ന് പൊലീസ് കണ്ടെത്തി.

ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റിലായി. തൊടുപുഴ ഇഞ്ചിയാനിയിലാണ് പ്രഭാതസവാരിക്കിടെ 44കാരനെ മുളകുപൊടി എറിഞ്ഞ് ക്വട്ടേഷന്‍ സംഘം തല്ലിച്ചതച്ചത്.

തൊടുപുഴ ഇഞ്ചിയാനിയിലെ മില്‍ഖ (41), അനീറ്റ (20) എന്നിവരാണ് അയല്‍വാസിയും ബന്ധുവുമായ ഓമനക്കുട്ടന്‍റെ കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. കഴിഞ്ഞ ബുധനാഴ്‍ചയാണ് സംഭവം. പ്രഭാത സവാരിക്കിറങ്ങിയ ഓമനക്കുട്ടനെന്ന 44കാരനെ ബൈക്കിലെത്തിയ രണ്ടുപേര്‍ മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നു.

തൊടുപുഴ ഡിവൈഎസ്പി ബാബുവിന് മുന്നില്‍ പരാതി എത്തി. ഓമനക്കുട്ടനുമായി ശത്രുതയുണ്ടായിരുന്നവരുടെ വിവരം പൊലീസ് ശേഖരിച്ചു. ആദ്യം തന്നെ ഓമനക്കുട്ടന്‍ സംശയം പ്രകടപ്പിച്ചത് മില്‍ഖയെയും അനീറ്റയെയുമായിരുന്നു. പൊലീസ് അന്വേഷണം ശക്തമായെന്ന് അറിഞ്ഞതോടെ ഇവര്‍ ഒളിവില്‍ പൊയി. ഇതറിഞ്ഞ പൊലീസ് ഇവരുടെ ഫോണ്‍ റെക്കോര്‍ഡ് ശേഖരിച്ചു. ക്വട്ടേഷന്‍ സംഘത്തെ ബന്ധപ്പെട്ടിരുന്നതായി ഇതിലൂടെ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ചേരാനല്ലൂരിലെ ഗുണ്ടകളായ സന്ദീപിലേക്കും സുഹൃത്തിലേക്കും പൊലീസിന്റെ അന്വേഷണമെത്തി. ചേരാനെല്ലൂര്‍ പൊലീസിന്‍റെ സഹായത്തോടെ ഇരുവരെയും പിടികൂടി.

താമസിച്ചിരുന്ന ലോഡ്ജിന്‍റെ വാതില്‍ ചവിട്ടിത്തുറന്നാണ് പിടികൂടിയത്.

മില്‍ഖയും അനീറ്റയും 30,000 രൂപക്കാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് ഇവര്‍ സമ്മതിച്ചു. 50,000 ആവശ്യപ്പെട്ടെങ്കിലും 30,000ല്‍ ഒതുക്കിയെന്നാണ് സന്ദീപിന്‍റെ മൊഴി. മില്‍ഖയും ഓമനക്കുട്ടനും തമ്മില്‍ വര്‍ഷങ്ങളായി പ്രശ്നങ്ങള്‍ പതിവായിരുന്നു. പലപ്പോഴും പൊലീസ് സ്റ്റേഷനില്‍ പരാതിയും എത്തിയിട്ടുണ്ട്. ഇതിന്‍റെ തുടര്‍ച്ചയായിരുന്നു മില്‍ഖയുടെ ക്വട്ടേഷന്‍ നല്‍കല്‍. മില്‍ഖയുടെ നാലാം ഭര്‍ത്താവ് റെജിയുടെ സുഹൃത്താണ് അറസ്റ്റിലായ സന്ദീപ്. ഒളിവിലുള്ള മില്‍ഖയ്ക്കും അനീറ്റക്കുമായി തെരച്ചില്‍ തുടരുകയാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.