തിരുവനന്തപുരം: ദിവസങ്ങളായി വേദനയും വീക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 58കാരിയുടെ കണ്ണില്‍ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടന്ന എൻഡോസ്കോപ്പിയിലൂടെയാണ് 11 സെ. മീ നീളമുള്ള വിരയെ പുറത്തെടുത്തത്. ഇവരുടെ കണ്ണുകളെ ചലിപ്പിക്കുന്ന പേശികളിലായിരുന്നു വിരയെ കണ്ടെത്തിയത്.
രോഗിയുടെ വലതു കണ്ണില്‍ ദിവസങ്ങളായി വേദനയും വീക്കവുമടക്കമുള്ള അസ്വസ്ഥതകള്‍ പ്രകടമായതോടെയാണ് ഇഎൻടി വിഭാഗത്തിലെത്തി പരിശോധന നടത്തിയത്. കണ്ണിന് ചുറ്റും പഴുപ്പ് കെട്ടികിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ അള്‍ട്രാ സൗണ്ട് സ്കാൻ നടത്തിയിരുന്നു. ഇതോടെ കണ്ണിനുള്ളില്‍ ജീവനുള്ള വിരയുടെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് വിരയെ പുറത്തെടുത്തത്.
വളര്‍ത്തുമൃഗങ്ങളിലടക്കം കാണാറുള്ള 'ഡയറോഫിലാരിയ' എന്നയിനം വിരയെയാണ് രോഗിയുടെ കണ്ണില്‍ നിന്ന് കണ്ടെത്തിയത്. കൊതുകുകളിലൂടെയാണ് ഇവ മനുഷ്യശരീരത്തിലെത്തുന്നത്. സാധാരണയായി ശരീരത്തിനുള്ളിലെത്തിയാല്‍ നശിക്കുന്ന ഇത്തരം വിരകള്‍ അപൂര്‍വം സംഭവങ്ങളില്‍ കണ്ണുകള്‍ക്ക് ചുറ്റുമുള്ള ത്വക്കിനടിയില്‍ വളരാറുണ്ട്.
അതേസമയം പരവൂര്‍ നെടുങ്ങോലം ബി.ആര്‍ ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കണ്‍പോളയില്‍ തടിപ്പുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ചാത്തന്നൂര്‍ സ്വദേശിനിയായ യുവതിയുടെ കണ്ണില്‍ നിന്ന് പതിനഞ്ച് സെന്റീമീറ്ററോളം നീളമുള്ള വിരയെയാണ് പുറത്തെടുത്തത്.