Click to learn more 👇

കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച്‌ ഷബ്‌ന കടത്തിയത് 1.17 കോടിയുടെ സ്വര്‍ണം; വിമാനത്താവളത്തിന് പുറത്തിറങ്ങിയപ്പോള്‍ കൈയോടെ പൊക്കി പൊലീസ്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.17 കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. കുന്നമംഗലം സ്വദേശി ഷബ്‌നയാണ് അറസ്റ്റിലായത്.

ജിദ്ദയില്‍ നിന്നെത്തിയ ഇവര്‍ വസ്ത്രത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്.

ഇന്നലെ വൈകിട്ടോടെയാണ് ഷബ്‌ന കരിപ്പൂരില്‍ വിമാനമിറങ്ങിയത്. വസ്ത്രത്തിനുള്ളില്‍ മിശ്രിത രൂപത്തിലാണ് ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 1884 ഗ്രാം സ്വര്‍ണമാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച്‌ ഇവര്‍ വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും പൊലീസ് പരിശോധനയില്‍ പിടിയിലാവുകയായിരുന്നു.

സ്വര്‍ണക്കടത്തിനെ കുറിച്ച്‌ പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷബ്‌നയെ കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും തന്റെ പക്കല്‍ സ്വര്‍ണം ഉള്ളതായി ഇവര്‍ സമ്മതിച്ചില്ല. ലഗേജുകളും വസ്ത്രങ്ങളും പരിശോധിക്കുകയും ശരീരപരിശോധന നടത്തുകയും ചെയ്തെങ്കിലും ആദ്യം ഇവരില്‍ നിന്ന് സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസ് ഇവരുടെ വാഹനം പരിശോധിച്ചപ്പോഴാണ് ഡോര്‍ പോക്കറ്റില്‍ നിന്ന് സ്വര്‍ണ മിശ്രിതം ലഭിച്ചത്.

വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഷബ്ന, പുറത്ത് പൊലീസ് ഉണ്ടെന്ന് മനസിലാക്കി കൈവശമുണ്ടായിരുന്ന സ്വര്‍ണം ഹാന്‍ഡ് ബാഗിലേയ്ക്ക് മാറ്റുകയും പിന്നീട് കാറിന്റെ ഡോര്‍ പോക്കറ്റില്‍ ബാഗ് നിക്ഷേപിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇവര്‍ പൊലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിച്ചത്. ഇത് മനസിലാക്കിയ പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.