Click to learn more 👇

സൂപ്പര്‍ സണ്‍ഡേ മാത്രമല്ല, വിധി ദിനം! ബാഗ് പായ്ക്ക് ചെയ്യേണ്ടെങ്കില്‍ വിജയം തന്നെ വേണം, സുപ്രധാന മത്സരങ്ങള്‍ ഇന്ന്

ജയ്പുര്‍: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്തുന്ന ടീമുകളെ നിര്‍ണയിക്കുന്ന രണ്ട് സുപ്രധാന മത്സരങ്ങള്‍ ഇന്ന് നടക്കും.

മൂന്നരയ്ക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ ബാംഗ്ലൂരിനെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. 12 കളിയില്‍ 12 പോയിന്റുമായി സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്. 11 കളിയില്‍ 10 പോയിന്റുള്ള ബാംഗ്ലൂര്‍ ആറാം സ്ഥാനത്തുമാണ്.

വിജയിച്ചാല്‍ ഇരു ടീമുകള്‍ക്കും പ്ലേ ഓഫ് സാധ്യതകള്‍ വര്‍ധിക്കും. ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ കൊല്‍ക്കത്തയെ നേരിടും. രാത്രി ഏഴരയ്ക്ക് ചെന്നൈയുടെ മൈതാനത്താണ് മത്സരം. ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ആഗ്രഹിക്കുന്നത്.

സാധ്യത നിലനിര്‍ത്താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയം നേടിയേ മതിയാകൂ എന്ന നിലയിലാണ്. 12 കളിയില്‍ 15 പോയിന്റുള്ള ചെന്നൈക്ക് ഇന്ന് ജയിച്ചാല്‍ പോയിന്റ് പട്ടികയിലും മുന്നിലെത്താം.

ബാറ്റിംഗിലും ബൗളിംഗിലും ടീമിന് വലിയ ആശങ്കകളൊന്നുമില്ല. ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെയും റുതുരാജ് ഗെയ്ക്‍വാദും നല്‍കുന്നത് ഉജ്ജ്വല തുടക്കമാണ്. അജിന്‍ക്യ രഹാനെ, ശിവം ദുബൈ, അമ്ബാട്ടി റായിഡു, മൊയിന്‍ അലി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പിന്നാലെ ഫിനിഷിംഗിന് എം എസ് ധോണി കൂടി ചേരുന്ന വമ്ബന്‍ ബാറ്റിംഗ് നിര തകര്‍ന്നടിയാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. പരിചയ സമ്ബന്നരല്ലെങ്കിലും തുഷാര്‍ ദേശ്‍പാണ്ഡെയും മതീഷ പാതിരാനയും ധോണി പറയുന്നിടത്ത് പന്തെറിയുന്നതാണ് ചെന്നൈയ്ക്ക് ഗുണമാവുന്നത്.

അതേസമയം 12 കളിയില്‍ 10 പോയിന്റ് മാത്രമുള്ള കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള രണ്ട് കളികളും ജയിക്കണം. ബാറ്റിംഗ് നിരയുടെ സ്ഥിരതയില്ലായ്മയാണ് ടീമിന്റെ പ്രധാന പ്രശ്നം. ക്യാപ്റ്റന്‍ നിതീഷ് റാണയും റിങ്കു സിംഗും വെങ്കിടേഷ് അയ്യരുമാണ് പൊരുതി നോക്കുന്നത്. ബൗളിംഗിലേക്ക് വന്നാല്‍ സ്പിന്നര്‍മാരെ മാത്രമാണ് ആശ്രയിക്കാന്‍ പറ്റുന്നത്. കൊല്‍ക്കത്തയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ 49 റണ്‍സിന് ചെന്നൈ ജയിച്ചിരുന്നു. അത് തുടരാനായിരിക്കും

ധോണിയും സംഘവും ലക്ഷ്യമിടുന്നത്. അട്ടിമറി ജയം നേടി ലൈഫ് നീട്ടിയെടുക്കാന്‍ കെകെആറും ആഗ്രഹിക്കുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.