മകനും മരുമകനും വേട്ടയാടി കൊന്നു കൊണ്ടുവരും, രത്നമ്മ അത് കറിവച്ച്‌ കൊടുക്കും: ശബരിമലക്കാടുകളിലെ നായാട്ടുകാര്‍ പിടിയില്‍


 പത്തനംതിട്ട : മ്ലാവിനെ വെടിവച്ചു കൊന്ന നായാട്ടുസംഘത്തിനെതിരെ ആയുധ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് പൊലീസിന് കത്തുനല്‍കും.

27ന് പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമായ ശബരിമലക്കാടുകളിലെ നിലയ്ക്കല്‍ കമ്ബകത്തുംവളവിനു സമീപമാണ് സംഘം നാടൻ തോക്കുപയോഗിച്ച്‌ നായാട്ട് നടത്തിയത്. ഇവര്‍ കൊന്ന മ്ളാവിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലയ്ക്കലെ തൊളിലാളി ലയത്തിലെത്തിച്ച്‌ കറിവെച്ചു കഴിക്കുകയും ബാക്കിയുള്ളവ കടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തു. രണ്ടുതവണ വെടിയൊച്ച കേട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പട്രോളിംഗ് നടത്തുകയും പരിശോധന കര്‍ശനമാക്കുകയും ചെയ്തു. ഇറച്ചിയുമായി ബൈക്കില്‍ ഇലവുങ്കലിലെത്തിയ പ്രതികള്‍ വനപാലകരെ വെട്ടിച്ച്‌ രക്ഷപെടാൻ ശ്രമിച്ചെങ്കിലും ജീപ്പില്‍ പിൻതുടര്‍ന്ന് പിടികൂടുകയുമായിരുന്നു.

ദേവസ്വം ലയത്തില്‍ അനധികൃതമായി താമസിക്കുന്ന രത്‌നമ്മ (57), മകൻ ചിറ്റാര്‍ കൊടുമുടി പടയണിപ്പാറ അനില്‍ കുമാര്‍ (40), മരുമകൻ ളാഹ സ്വദേശി രമേശ് (29), അമ്മാവന്റെ മകനും ഇലക്‌ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരനുമായ ളാഹ വേലംപ്ലാവ് സതീഷ് (37) എന്നിവരെയാണ് വനപാലക സംഘം അറസ്റ്റു ചെയ്തത്. മുഖ്യ പ്രതി ഇപ്പോഴും ഒളിവിലാണ്. പിടിയിലായ സംഘത്തെ ചോദ്യം ചെയ്യലുകള്‍ക്കുശേഷം വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് റാന്നി കോടതിയില്‍ ഹാജരാക്കി. രത്‌നമ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും ബാക്കിയുളളവരെ കൊട്ടാരക്കര ജയിലിലേക്കും അയച്ചു. വേട്ടയാടാൻ ഉപയോഗിച്ച നാടൻ തോക്കിനു പുറമെ സഞ്ചരിക്കാൻ ഉപയോഗിച്ച ബൈക്കുകളും മറ്റ് ആയുധങ്ങളും ഇറച്ചിയും കണ്ടെടുത്തു.

ഇറച്ചി കറിവയ്ക്കാൻ സഹായിച്ചതിനാണ് രത്മമ്മയെ വനപാലകര്‍ അറസ്റ്റു ചെയ്തത്.

ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസര്‍ എസ്. മണിയുടെ നേതൃത്വത്തില്‍ പ്ലാപ്പളളി ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.അനില്‍ കുമാര്‍, പി.ആര്‍.ഒ ടോമി, എസ്.എഫ്.ഒ വി.എൻ വിജയൻ, എസ്.അജീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ നിഥിൻ, ജോണ്‍സണ്‍, വിഷ്ണു പ്രിയ, പി. ദേവേഷ് എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.