ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയടക്കം ആറ് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്,തിരുവള്ളൂര്‍, റാണിപേട്ട്,വെല്ലൂര്‍ ജില്ലകളിലാണ് അവധി. ഞായറാഴ്‌ച രാത്രിയോടെയാണ് ചെന്നൈയില്‍ കനത്ത മഴ പെയ്‌ത് തുടങ്ങിയത്. മഴയോടൊപ്പം ശക്തമായ കാറ്റുമുണ്ടായി. മരം കടപുഴകി വീണ് പലയിടത്തും ഗതാഗത തടസമുണ്ടായി. മഴയെ തുടര്‍ന്ന് വ്യോമഗതാഗതം താറുമാറായി. പത്തോളം വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. നിരവധി അന്താരാഷ്‌ട്ര വിമാന സര്‍വീസുകളടക്കം വൈകുകയും ചെയ്‌തു.
മീനമ്ബാക്കത്ത് തിങ്കളാഴ്‌ച പുലര്‍ച്ചെ വരെ 13.7 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇന്ന് 10 മണിവരെ കനത്ത മഴയാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴയെത്തുടര്‍ന്ന് ചെന്നൈ ഒ.എം.ആര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവണ്ണാമലൈ,കള്ളക്കുറിച്ചി, വില്ലുപുറം, കൂടല്ലൂര്‍, മയിലാടുതുറൈ, നാഗപട്ടണം, തിരുവാരൂര്‍, തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി, അരിയല്ലൂര്‍, പെരുമ്ബല്ലൂര്‍ എന്നിവിടങ്ങളിലും പുതുച്ചേരി, കരൈക്കല്‍ മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്.
ചൊവ്വാഴ്‌ച മുതല്‍ വ്യാഴാഴ്‌ച വരെ മിതമായതോ ഒറ്റപ്പെട്ടതോ ആയ മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.