Click to learn more 👇

'ഉന്നത വിദ്യാഭ്യാസ മേഖല എസ്‌എഫ്‌ഐ തകര്‍ത്തു', നാളെ കോളേജുകളില്‍ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്‌ കെഎസ്‍യു


 തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ തകര്‍ക്കുന്നു എന്നാരോപിച്ച്‌ സംസ്ഥാന വ്യാപകമായി കോളേജുകളില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം ചെയ്തു.

കായംകുളം എം,എസ്.എം കോളേജിലെ നിഖില്‍ തോമസിന്റെ വ്യാജസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള വിഷയം ചൂണ്ടിക്കാട്ടിയാണ് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്.

വ്യാജൻമാരുടെ കൂടാര‌മായി എസ്,എഫ്,ഐ മാറിയെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ തകര്‍ത്തെറിയുകയാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു, ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ മൗനം വെടിയണമെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു .

അതേസമയം വ്യാജ ഡിഗ്രി വിവാദത്തില്‍ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിനെ കായംകുിളം എം,എസ്,എം കോളേജ് സസ്പെൻഡ് ചെയ്തു.

നിഖിലിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കോളേജ് പ്രിൻസിപ്പല്‍ ഡോ മുഹമ്മദ് താഹ അറിയിച്ചു. സംഭവം അന്വേഷിക്കാൻ ആറംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാൻ സമിതിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും താഹ വ്യക്തമാക്കി.

കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള ബി കോം സര്‍ട്ടിഫിക്കറ്റ് ആദ്യം കൊണ്ടുവരുന്നത് കോളേജിലേക്കല്ല. സര്‍വകലാശാലയില്‍ നിന്നും തുല്യത സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷമാണ് കോളേജില്‍ അഡ്‌മിഷൻ എടുക്കുന്നതെന്നും താഹ പറഞ്ഞു. സര്‍വകലാശാല നിയമങ്ങള്‍ അനുസരിച്ച്‌ മാത്രമേ വിദ്യാര്‍ത്ഥിയ്ക്ക് പ്രവേശനം നല്‍കിയിട്ടുള്ളുവെന്നും പ്രിൻസിപ്പല്‍ വ്യക്തമാക്കി.

നിഖില്‍ തോമസ്‍ എന്ന വിദ്യാര്‍ത്ഥി സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ സര്‍വകലാശാല രജിസ്ട്രാര്‍ നേരത്തെ അറിയിച്ചിരുന്നു. നിഖില്‍ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.