തന്റെ പങ്കാളിയെ കുടുംബം തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന പരാതിയുമായി സുമയ്യ. മജിസ്‌ട്രേറ്റ് കോടതി ഒരുമിച്ച് താമസിക്കാന്‍ അനുമതി നല്‍കിയ ലെസ്ബിയന്‍ ദമ്ബതികളാണ് സുമയ്യ ഷെറിനും ഹഫീഫയും.
എന്നാല്‍, പങ്കാളി ഹഫീഫയെ അവളുടെ വീട്ടുകാര്‍ പിടിച്ചുകൊണ്ടുപോയി തടങ്കലില്‍ വെച്ചിരിക്കുകയാണ് എന്നാണ് സുമയ്യ ആരോപിക്കുന്നത്. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയും ചെയ്തു.
സുമയ്യ ഷെറിനും ഹഫീഫയും തമ്മില്‍ രണ്ട് വര്‍ഷമായി സൗഹൃദത്തിലാണ്. ജനുവരി 27ന് ഇരുവരും വീട് വിട്ട് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. ഹഫീഫയുടെ പിതാവ് കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനില്‍ മകളെ കാണാനില്ലെന്ന പരാതി നല്‍കി. എന്നാല്‍, രണ്ട് ദിവസത്തിന് ശേഷം മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയില്‍ ഇരുവരും സ്വമേധയാ ഹാജരായി ഒരുമിച്ച് ജീവിക്കാനുള്ള അനുമതി വാങ്ങുകയും ചെയ്തു.
എറണാകുളത്ത് എത്തി സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് ഒരുമിച്ച് കഴിയവെ മെയ് മാസം മുപ്പതിന് വീട്ടുകാരെത്തി ഹഫീഫയെ ബലമായി കൊണ്ടുപോയി എന്നാണ് സുമയ്യ ആരോപിക്കുന്നത്.
ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹഫീഫയെ ഇന്ന് ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ഹഫീഫ കോഴിക്കോട് ആയതിനാല്‍ പത്ത് ദിവസത്തെ സാവകാശം വേണമെന്ന് കുടുംബത്തിനായി അഭിഭാഷകന്‍ വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. കൂടുതല്‍ ദിവസം വീട്ടില്‍ നിര്‍ത്തിയാല്‍ ഹഫീഫയുടെ സുരക്ഷയെ ബാധിക്കുമെന്നാണ് സുമയ്യ ഷെറിന്‍ പറയുന്നത്.