Click to learn more 👇

വിഷം ചേര്‍ത്ത ഐസ്‌ക്രീം കഴിച്ച മൂത്തമകള്‍ മരണവെപ്രാളം കാണിച്ചപ്പോള്‍ തലയണ മുഖത്തമര്‍ത്തി മരണം വേഗത്തിലാക്കി; മക്കളെ കൊന്നതെങ്ങനെയെന്ന് വിശദീകരിച്ച്‌ ചന്ദ്രശേഖരന്റെ ഡയറി


 ഗുരുവായൂര്‍: പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.

പിതാവിനെതിരെ കേസെടുത്തു. കുട്ടികളുടെ പിതാവ് വയനാട് സ്വദേശിയും ഗുരുവായൂര്‍ ചൂല്‍പ്പുറത്ത് വാടകയ്ക്ക് താമസിച്ച്‌ വരുന്ന മുഴങ്ങില്‍ ചന്ദ്രശേഖരനെതിരെയാണ് (58) കൊലക്കുറ്റത്തിന് കേസെടുത്തത്.

കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ കൈയിലെ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മക്കളായ ദേവനന്ദന (8), ശിവനന്ദന (12) എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഇത് ഡയറിയില്‍ എഴുതിയിരുന്നു. ഡയറിയില്‍ എഴുതിയതിന്റെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ടെമ്ബിള്‍ എസ്.എച്ച്‌.ഒ: സി. പ്രേമാനന്ദകൃഷ്ണൻ പറഞ്ഞു.

കുട്ടികളെ കൊലപ്പെടുത്തിയ രീതി ചന്ദ്രശേഖരൻ ഡയറിയില്‍ എഴുതിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ചന്ദ്രശേഖരനും മക്കളും ലോഡ്ജില്‍ മുറിയെടുത്തത്. ഐസ് ക്രീമില്‍ വിഷം ചേര്‍ത്ത് നല്‍കിയത് ഇളയ മകള്‍ ദേവനന്ദന കഴിച്ചില്ല. ഐസ്‌ക്രീം കഴിച്ച മൂത്ത മകള്‍ ശിവനന്ദന മരണവെപ്രാളം കാണിച്ചപ്പോള്‍ തലയണ മുഖത്തമര്‍ത്തി മരണം വേഗത്തിലാക്കിയെന്ന് ഡയറിയിലുണ്ട്. രാത്രി ഒന്നരയോടെയാണ് ശിവനന്ദയെ കൊലപ്പെടുത്തിയത്.

മൂത്തമകളെ കൊലപ്പെടുത്തിയ ശേഷം ഇത് ഡയറിയില്‍ എഴുതി. അതിനുശേഷം ഉറങ്ങുകയായിരുന്ന രണ്ടാമത്തെ മകള്‍ ദേവനന്ദനയെ ഉണര്‍ത്തിയാണ് കയറില്‍ തൂക്കിയത്. ഇതും ഡയറിയില്‍ എഴുതിയിട്ടുണ്ട്. രാവിലെ ഏഴരയോടെ ചന്ദ്രശേഖരൻ ലോഡ്ജിന്റെ റിസപ്ഷനില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ടിന് മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും കാണാതെ വന്ന അന്വേഷണത്തിലാണ് കുട്ടികള്‍ മരിച്ചു കിടക്കുന്നതും ചന്ദ്രശേഖരൻ ഞരമ്ബ് മുറിച്ച്‌ അവശനിലയില്‍ കിടക്കുന്നതും കണ്ടത്.

സ്ഥല പരിശോധന നടത്തിയ ഫോറൻസിക് വിദഗ്ദ്ധൻ ഡോ. രാജേന്ദ്രപ്രസാദ് കുട്ടികളുടെ മരണം ആത്മഹത്യയല്ലെന്ന നിഗമനത്തിലെത്തിയിരുന്നു. പൊലീസ് സര്‍ജൻ ഡോ. ഉമേഷിന്റെ നിഗമനവും ഇതു തന്നെയായിരുന്നു. എന്നാല്‍ പോസ്റ്റ്‌ മോര്‍ട്ടത്തില്‍ ശിവനന്ദയെ ശ്വാസം മുട്ടിച്ചതിന്റെ തെളിവുകളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. തലയണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിക്കുന്നതിന് മുമ്ബേ കുട്ടി മരണപ്പെട്ടിരിക്കുമെന്നാണ് പൊലീസ് നിഗമനം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന ചന്ദ്രശേഖരനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഐ.സി.യുവില്‍ പൊലീസിന്റെ നിരീക്ഷണത്തിലുള്ള ചന്ദ്രശേഖരനെ ഡിസ്ചാര്‍ജാക്കുന്നതോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തും.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.