Click to learn more 👇

ബസില്‍ കെട്ടി നിര്‍ത്തിയ സി ഐ ടി യുവിന്റെ കൊടി മാറ്റുന്നതിനിടെ മര്‍ദ്ദനം; ബസ് ഉടമയുടെ പ്രതിഷേധത്തില്‍ സി പി എം ജില്ലാ കമ്മിറ്റിയംഗം കസ്റ്റഡിയില്‍; വീഡിയോ കാണാം


 കോട്ടയം: ബസ് ഉടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ സി ഐ ടി യു നേതാവും സി പി എം ജില്ലാ കമ്മിറ്റിയംഗവുമായ അജയ് പൊലീസ് കസ്റ്റഡിയില്‍.

കോട്ടയം തിരുവാര്‍പ്പില്‍ സ്വകാര്യ ബസിന് മുന്നില്‍ സി ഐ ടി യു കൊടി കുത്തിയ സംഭവത്തിലാണ് തര്‍ക്കവും പിന്നാലെ മര്‍ദ്ദനവും ഉണ്ടായത്. ബസ് ഉടമ രാജ്‌മോഹനാണ് മര്‍ദ്ദനമേറ്റത്. ഇന്ന് രാവിലെ ബസിലെ സി ഐ ടി യുവിന്റെ കൊടി തോരണങ്ങള്‍ അഴിച്ചു മാറ്റുമ്ബോഴായിരുന്നു സംഭവം.

തോരണങ്ങള്‍ മാറ്റുന്നതിനിടെ രാജ്‌മോഹനെ അജയ് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന പൊലീസ് അജയ്‌യെ പിടിച്ചുമാറ്റുന്നതിനിടെ കോടി മാറ്റിയാല്‍ വീട്ടില്‍ക്കയറി തല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. തുടര്‍ന്ന് കുമരകം പൊലീസ് സ്റ്റേഷന് മുന്നിലിരുന്ന് രാജ്‌മോഹൻ പ്രതിഷേധം ആരംഭിച്ചതോടെയാണ് അജയ്‌യെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കര്‍ഷകര്‍ക്ക് വേണ്ടി താൻ നടത്തിയ പോരാട്ടമാണ് സി പി എമ്മിന്റെ നോട്ടപുള്ളിയാകാൻ കാരണമെന്ന് രാജ്‌മോഹൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബസ് സര്‍വീസ് നടത്താൻ ജീവനക്കാര്‍ ആരും വന്നില്ല. തന്നെ തല്ലാൻ ശ്രമിച്ചവര്‍ ജീവനക്കാരെ കൊല്ലാൻ ശ്രമിക്കും. ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണം. പൊലീസുകാരോട് ചോദിച്ചതിനുശേഷമാണ് കൊടി അഴിക്കാൻ നോക്കിയത്. പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് തന്നെ ആക്രമിച്ചത്.

ഇത് കോടതിയലക്ഷ്യമാണ്. അതിനാല്‍ നിയമപരമായി തന്നെ മുന്നോട്ടുപോകും. നാളെതന്നെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കും. കോടതി ഞങ്ങള്‍ക്ക് പുല്ലാണെന്നാണ് അവര്‍ പറഞ്ഞത്.

ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്നും രാജ്‌മോഹൻ ആരോപിച്ചു.

അതേസമയം, ബസ് ഉടമയെ മര്‍ദ്ദിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണൻ എം എല്‍ എ പ്രതികരിച്ചു. കോടതിയലക്ഷ്യ നടപടിയാണ് സി ഐ ടി യു നേതാക്കള്‍ നടത്തിയത്. അധികാര ദുര്‍വിനിയോഗമാണിത്. അധികാരമുള്ളതുകൊണ്ട് എന്തും ചെയ്യാമെന്ന തോന്നലാണ് സി ഐ ടി യു നേതാക്കള്‍ക്കെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ വിമര്‍ശിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.