പി.വി. ശ്രീനിജിൻ എം.എൽ.എയുടെ പരാതിയിൽ എളമക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതോടെ ഷാജൻ സ്കറിയ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി പരിഗണിക്കവെയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി അറസ്റ്റിന് മുൻകൂർ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് വ്യക്തമാക്കിയത്.
മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്ന ശ്രീനിജിന്റെ അഭിഭാഷകെൻറ വാദം പരിഗണിച്ച് കേസ് ഈ മാസം 16ലേക്ക് മാറ്റി. ‘മറുനാടൻ മലയാളി’ തനിക്കെതിരെ നിരന്തരം വ്യാജവാർത്ത നൽകുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായി ആരോപിച്ചാണ് ശ്രീനിജിൻ എം.എൽ.എ പരാതി നൽകിയത്. ആസൂത്രിത അജണ്ടയുടെ ഭാഗമായാണ് നിരന്തരം ഇത്തരത്തിൽ വാർത്തകൾ നൽകുന്നതെന്നും പരാതിയിൽ ആരോപിച്ചിരുന്നു.