Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ


 

◾റഷ്യയില്‍ അട്ടിമറി നീക്കവുമായി കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പ്. രാത്രി വൈകി ബെലോറുസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂക്കാഷെങ്കോ നടത്തിയ അനുരഞ്ജന ചര്‍ച്ചയ്ക്കൊടുവില്‍ വാഗ്‌നര്‍ ഗ്രൂപ്പ് വിമത നീക്കം അവസാനിപ്പിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ നിര്‍ദേശമനുസരിച്ചാണ് ചര്‍ച്ച നടത്തിയത്. വാഗ്‌നര്‍ ഗ്രൂപ്പ് രണ്ടു റഷ്യന്‍ നഗരങ്ങളും ഒരു സൈനിക കേന്ദ്രവും പിടിച്ചെടുത്തിരുന്നു. സൈനിക കേന്ദ്രം ഉടനേ പിടിച്ചെടുക്കുമെന്ന് വാഗ്നര്‍ ഗ്രൂപ്പിന്റെ തലവനും ശതകോടീശ്വരനുമായ യേവ്ഗെനി പ്രിഗോഷിന്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ വെളിപെടുത്തിയിട്ടില്ലെങ്കിലും വാഗ്‌നര്‍ സേനയുടെ മോസ്‌കോ മാര്‍ച്ച് നിര്‍ത്തിവച്ചു. റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വിശ്വസ്തനായിരുന്നു പ്രിഗോഷിന്‍.

◾വ്യാജ പ്രവര്‍ത്തി പരിചയ രേഖയുണ്ടാക്കിയെന്ന കേസില്‍ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്ക് മണ്ണാര്‍ക്കാട് കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ രണ്ടു പേരുടെ ആള്‍ജാമ്യമാണ് അനുവദിച്ചത്. കരിന്തളം കോളജില്‍ വ്യാജരേഖ നല്‍കിയതിന് അറസ്റ്റു ചെയ്യാനെത്തിയ നീലേശ്വരം പോലീസിനോട് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാല്‍ മതിയെന്നു കോടതി നിര്‍ദേശിച്ചു. ഇതനുസരിച്ച് ഇന്നു ഹാജരാകന്‍ പോലീസ് നോട്ടീസ് നല്‍കി.


◾വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍വച്ച് കീറിക്കളഞ്ഞെന്നു  മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യ പറഞ്ഞെന്നു പോലീസ്.  പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണു നശിപ്പിച്ചതെന്നു വിദ്യ മൊഴി നല്‍കിയെന്നാണു പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.


◾കോഴിക്കോട് വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍നിന്ന് കാണാതായ നാലു കുട്ടികളെയും ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ കുട്ടികള്‍ക്കൊപ്പം കാണാതായ യുപി സ്വദേശിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കണ്ടെത്തി. ഏറനാട് എക്സ്പ്രസ് കയറിയാണ് മലയാളികളായ മൂന്നു കുട്ടികള്‍ നാടുവിടാന്‍ ശ്രമിച്ചത്. കോഴിക്കോട്ടെ കൂട്ടുകാരെ ഫോണില്‍ വിളിച്ചതോടെ അവര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

◾ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി. ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെടുക. അതിനാല്‍ ഇന്നു മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം മെച്ചപ്പെട്ടേക്കും.


◾അറസ്റ്റിനും ജാമ്യത്തിനും ശേഷം കണ്ണൂരിലെത്തിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരനു പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണം നല്‍കി. അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിദിനം ആചരിച്ചിരുന്നു. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.


◾ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതിയായ കൊടകര കുഴല്‍പ്പണക്കേസ് ബിജെപിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി ഒതുക്കിയ സിപിഎം കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ കള്ളക്കേസ് ചമച്ചത് നരേന്ദ്രമോദിയെ സുഖിപ്പിക്കാനാണെന്ന്  എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. പിണറായി വിജയന്‍ സ്വയംരക്ഷയ്ക്കായാണ് അന്ന് പോലീസിനെക്കൊണ്ട് കേസ് ഒതുക്കിച്ചത്. വേണുഗോപാല്‍ ആരോപിച്ചു.

◾കെ സുധാകരനെപ്പോലുള്ള വിമര്‍ശകരെയെല്ലാം ജയിലില്‍ അടക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. അഴിമതിയുടെ രാജാവാണ് പിണറായി വിജയന്‍. അഴിമതി തെളിവുകള്‍ പുറത്തുവരുന്നതിലുള്ള അസഹിഷ്ണുതയാണ് സുധാകരനെതിരെ കള്ളകേസെടുക്കാന്‍ കാരണമെന്നും ഹസന്‍.


◾പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റില്‍ എറണാകുളത്തെത്തും. അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നാണ് യാത്ര. മദനിയുടെ യാത്രാ ചെലവുകളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയേക്കും.


◾ഈരാറ്റുപേട്ടയില്‍ കൊലക്കേസ് പ്രതികള്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. എറണാകുളം സ്വദേശി ലിജോയാണ് മരിച്ചത്. ലിജോയുടെ അമ്മാവന്‍ മുതുകാട്ടില്‍ ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

◾പനിയും പകര്‍ച്ചവ്യാധികളും പടരുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്ന് കെജിഎംഒഎ. പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. രോഗികളുടെ ബാഹുല്യം, ഡോക്ടര്‍മാരുടെ കുറവ് എന്നിവ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും കെജിഎംഒഎ വ്യക്തമാക്കി.


◾എംഎസ്എഫിന്റെ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന നേതൃത്വത്തിലേക്കു മൂന്നു വനിതകള്‍. വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന അധ്യക്ഷ അയിഷ ബാനുവിനെ സംസ്ഥാന വൈസ് പ്രസിഡന്റായും റുമൈസ റഫീഖ്, അഡ്വ. കെ. തൊഹാനി എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായുമാണ് നിയോഗിച്ചത്.


◾വ്യാജ രേഖ കേസിലെ പ്രതികളായ നിഖിലും കെ വിദ്യയും എസ്എഫ്ഐ നേതാക്കളല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പഠിക്കുന്ന കാലത്ത് ഇവര്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആയിരിക്കാം. കുറ്റം കണ്ടപ്പോള്‍ അവര്‍ക്കെതിരെ നടപടി എടുത്തു. ഒരാള്‍ തെറ്റു ചെയ്തെന്നു കരുതി സംഘടന മുഴുവന്‍ തെറ്റുകാരാവില്ല. ജയരാജന്‍ പറഞ്ഞു.


◾വിദ്യാര്‍ത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വലിയ ശ്രദ്ധ വേണം. മന്ത്രി പറഞ്ഞു.

◾വീടുകളില്‍ ബോധവത്കരണത്തിന് എത്തിയ വനിതാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനു വീട്ടുടമയെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു. ഞാങ്ങാട്ടിരി തടത്തിലകത്ത് വീട്ടില്‍ ഫൈസല്‍ (49) ആണ് പിടിയിലായത്.


◾അരികൊമ്പനെ ഇനി മയക്കുവെടി വയ്ക്കരുതെന്ന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. വാക്കിങ് ഐ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അരികൊമ്പന് ചികിത്സ ഉറപ്പാക്കണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ട്.


◾കൊട്ടാരക്കര-അടൂര്‍ റോഡില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. ലോറി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ശരണ്‍ (30) ആണു മരിച്ചത്. തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചറും പാഴ്സല്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


◾റാന്നി കീക്കൊഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു. 28 വയസുകാരി രജിതയാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ രക്ഷപ്പെട്ട അതുല്‍ സത്യന്‍ എന്നയാളെ പോലീസ് തെരയുന്നു. അക്രമം തടയാന്‍ ശ്രമിച്ച യുവതിയുടെ അച്ഛന്‍,  അമ്മ, അനുജത്തി എന്നിവര്‍ക്കും വെട്ടേറ്റു.

◾കോഴിക്കോട് നടുവണ്ണൂരില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ മര്‍ദിച്ചതിനു ബസ് ജീവനക്കാര്‍ അറസ്റ്റില്‍. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അജ്വ ബസിലെ ജീവനക്കാരാണ് അറസ്റ്റിലായത്. ബസ്  ഗതാഗത തടസമുണ്ടാക്കി റോഡില്‍ നിര്‍ത്തിയതു ചോദ്യം ചെയ്തതിനാണ് ഹോം ഗാര്‍ഡിനെ മര്‍ദിച്ചത്.


◾വടകരയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പ്രവാസി മരിച്ചു. വടകര താഴെ അങ്ങാടി മുക്കോലഭാഗം വൈദ്യരവിട ഹസീബാണ് (41) മരിച്ചത്.


◾തലശേരി പൂക്കോട് തൃക്കണ്ണാപുരത്ത് വീട്ടില്‍ അതിക്രമിച്ചു കയറി ഷമി എന്ന യുവതിയുടെ കൈകളില്‍ ബ്ലേഡുകൊണ്ട് വരഞ്ഞ അക്രമിയെ പോലീസ് തെരയുന്നു. മാലൂര്‍ തൃക്കടാരിപ്പൊയില്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് ആക്രമിച്ചതെന്ന് ഷമി പറഞ്ഞു. ആക്രമിച്ചയുടനേ പ്രതി ഓടിരക്ഷപ്പെട്ടു. ഷമിയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


◾ഭര്‍ത്താവ് സ്വന്തം അധ്വാനത്തിലൂടെ ആര്‍ജിച്ച സ്വത്തിലും ഭാര്യയായ വീട്ടമ്മക്ക് തുല്യാവകാശം ഉണ്ടെന്ന് മദ്രാസ് ഹൈക്കോടതി. അവധി പോലുമില്ലാതെ വീട്ടമ്മമാര്‍ ചെയ്യുന്ന അധ്വാനം അവഗണിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വത്തില്‍ അവകാശം ഉന്നയിച്ചു കമ്ശാല അമ്മാള്‍ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. സൗദി അറേബ്യയില്‍ ജോലി ചെയ്ത് ആര്‍ജിച്ച സ്വത്ത് അമ്മാള്‍ സ്വന്തം പേരിലാക്കിയെന്ന് കാണിച്ചു ഭര്‍ത്താവ് കണ്ണന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നല്‍കിയ കേസില്‍ കീഴ്കോടതി വിധിക്കെതിരായ അപ്പീലിലാണ് ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമിയുടെ ഉത്തരവ്.

◾മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ മാറ്റണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍. മണിപ്പൂരിലെ കലാപം പരിഹരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പക്ഷപാതപരമായ നടപടികളെടുത്ത ബിരേന്‍ സിംഗില്‍ മണിപ്പൂര്‍ ജനതയ്ക്കു വിശ്വാസം നഷ്ടപ്പെട്ടെന്നു പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുകയാണ്. മോദി വിഷയത്തില്‍ ഇടപെടണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.


◾പിന്‍വലിച്ച 2000 രൂപ കറന്‍സി നോട്ടുകളുടെ 72 ശതമാനവും ബാങ്കുകളില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. പ്രചാരത്തില്‍ നിന്നും പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റിയെടുക്കാന്‍ അനുവദിച്ചിരുന്നു. ഇക്കഴിഞ്ഞ മെയ് 19 നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്..


◾സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഇന്ത്യ സെമിയില്‍. നേപ്പാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മഹേഷ് സിങ്ങുമാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്.


◾ചൈനയിലെ ഹാങ്ഝൗവില്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന് പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളെ അയക്കാന്‍ തീരുമാനിച്ച് ബിസിസിഐ. പുരുഷന്‍മാരുടെ വിഭാഗത്തില്‍ ലോകകപ്പ് തിരക്കുകള്‍ കാരണം രണ്ടാംനിര ടീമിനെ അയക്കാനാണ് തീരുമാനം. എന്നാല്‍ വനിതാ ക്രിക്കറ്റില്‍ സീനിയര്‍ ടീമിനെ തന്നെ അയക്കും എന്നും റിപ്പോര്‍ട്ടുകള്‍.

◾യാത്രക്കാര്‍ക്കായി വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഒരുക്കാന്‍ ഇന്‍ ഫ്ളൈറ്റ് ഡൈനിങ് ബ്രാന്‍ഡ് ആയ ഗോര്‍മേറുമായി കൈകോര്‍ത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ്. പ്രാദേശിക വിഭവങ്ങളടക്കം പുതുക്കിയ മെനുവില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓള്‍ ഡേ ബ്രേക്ഫാസ്റ്റ്, ആരോഗ്യകരമായതും ഡയബറ്റിക് സൗഹൃദപരവുമായ ഭക്ഷണങ്ങള്‍, ഫ്രഷ് ഫ്രൂട്ട്സ്, സാന്‍ഡ് വിച്ചുകള്‍, ഡെസര്‍ട്ടുകള്‍ എന്നിവയെല്ലാം എയര്‍ലൈനിന്റെ പുതിയ കോ-ബ്രാന്‍ഡഡ് വെബ്സൈറ്റായ http://airindiaexpress.com വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാം. വെജിറ്റേറിയന്‍, പെസ്‌ക്കറ്റേറിയന്‍, വീഗന്‍, ജെയിന്‍, നോണ്‍ വെജിറ്റേറിയന്‍, എഗറ്റേറിയന്‍ മീലുകള്‍ അടങ്ങിയ വിപുലമായ ഫുഡ് ആന്‍ഡ് ബിവറേജ് ശ്രേണിയാണ് ഗോര്‍മേറിലൂടെ ലഭ്യമാക്കുന്നത്. 36,000 അടി ഉയരത്തില്‍ പോലും ചൂടുളള ഭക്ഷണം ലഭ്യമാകും. എയര്‍ ഇന്ത്യ എക്സ്പ്രസിനൊപ്പം എയര്‍ ഏഷ്യ ഇന്ത്യയുടെ വിമാനങ്ങളിലും ഗോര്‍മേറിന്റെ മെനു ലഭ്യമാകും. ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുന്‍പും അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുറപ്പെടുന്നതിന് 24 മണിക്കൂറും മുന്‍പും വരെ എയര്‍ലൈനിന്റെ ഏകീകൃത കസ്റ്റമര്‍ ഇന്റര്‍ഫേസായ http://airindiaexpress.com ല്‍ മീലുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ജൂലൈ അഞ്ചു വരെ ഭക്ഷണം പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് 50 ശതമാനം ഇളവ് ലഭിക്കും.


◾ചിരഞ്ജീവി ടൈറ്റില്‍ റോളിലെത്തുന്ന 'ഭോലാ ശങ്കര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രം തിയറ്ററുകളിലെത്തുക ഓഗസ്റ്റ് 11 ന് ആണ്. ഒരു ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളുമൊക്കെ ചേര്‍ന്ന മാസ് ചിത്രമായിരിക്കും ഭോലാ ശങ്കര്‍ എന്ന തോന്നലുളവാക്കുന്നതാണ് ടീസര്‍. 1.13 മിനിറ്റ് ദൈര്‍ഘ്യമാണ് ടീസറിന്. ഗോഡ്ഫാദറിനു ശേഷം ചിരഞ്ജീവി നായകനാവുന്ന റീമേക്ക് ചിത്രമാണിത്. ശിവയുടെ സംവിധാനത്തില്‍ 2015 ല്‍ പുറത്തെത്തിയ, അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്റെ റീമേക്ക് ആണിത്. തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രമായിരുന്നു വേതാളം. എ കെ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ രാമബ്രഹ്‌മം സുങ്കര നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മെഹര്‍ രമേശ് ആണ്. തമന്ന, കീര്‍ത്തി സുരേഷ്, രഘു ബാബു, മുരളി ശര്‍മ്മ, രവി ശങ്കര്‍, വെണ്ണെല കിഷോര്‍, തുളസി, ശ്രീ മുഖി, ബിത്തിരി സതി, സത്യ ഗെറ്റപ്പ് ശ്രീനു, രശ്മി ഗൌതം, ഉത്തേജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടേതായി ഈ വര്‍ഷം പുറത്തെത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിരഞ്ജീവി ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ടീസര്‍ ഏറ്റെടുത്തിരിക്കുന്നത്.

◾ബിജുമേനോന്‍ -സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ആന്‍ഡ് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'നടന്ന സംഭവം' എന്നാണ് ചിത്രത്തിന്റെ പേര്. 'ഒരു മെക്സിക്കന്‍ അപാരത' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണന്‍ സ്റ്റോറീസ് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. അനൂപ് കണ്ണന്‍, രേണു എ. എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. വിഷ്ണു നാരായണ്‍ ആണ് സംവിധാനം. ലാലു അലക്സ്, ജോണി ആന്റണി, ലിജോ മോള്‍ ജോസ്, ശ്രുതി രാമചന്ദ്രന്‍, സുധി  കോപ്പ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.  രാജേഷ് ഗോപിനാഥ് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോന്‍. ഛായാഗ്രഹണം മനേഷ് മാധവന്‍. എഡിറ്റര്‍ സൈജു ശ്രീധരന്‍, ടോബി ജോണ്‍. ആര്‍ട് ഡയറക്ടര്‍ ഇന്ദുലാല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെബീര്‍ മലവട്ടത്ത്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍. കോസ്റ്റ്യൂം സുനില്‍ ജോര്‍ജ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടേഴ്‌സ് ശ്രീജിത്ത് നായര്‍,സുനിത് സോമശേഖരന്‍.


◾ഇന്ത്യന്‍ വിപണിയിലെത്തിയ ഇറ്റാലിയന്‍ സൂപ്പര്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഡ്യുക്കാറ്റി ഇന്ത്യയുടെ പാനിഗാലെ വി4 ആര്‍ പതിപ്പെല്ലാം വിറ്റുതീര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. 69.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ ആണ് ഡ്യുക്കാട്ടി ഇന്ത്യ പാനിഗാലെ വി4 ആര്‍ അവതരിപ്പിച്ചത്. നിര്‍മ്മാതാവ് 2023-ല്‍ ആസൂത്രണം ചെയ്തിരുന്ന നിരവധി ലോഞ്ചുകളില്‍ ഒന്നാണ് പാനിഗാലെ വി4 ആര്‍. സ്റ്റാന്‍ഡേര്‍ഡ് പാനിഗേല്‍ വി4ന്റെ ഉയര്‍ന്ന-സ്പെക്ക് പതിപ്പാണ് പാനിഗാലെ വി4 ആര്‍. ഇതിന് നിരവധി മെക്കാനിക്കല്‍ അപ്‌ഗ്രേഡുകളും ഒരു പുതിയ ലിവറിയും ലഭിക്കുന്നു. പാനിഗേല്‍ വി4 ആര്‍ന്റെ ഹൃദയം പുതിയ 998 സിസി ഡെമോസൈഡൈസി സ്ട്രാഡില്‍ ആറ് ആണ്.  ഇതിന് ആറാം ഗിയറില്‍ 16,500 ആര്‍പിഎം എന്ന റെഡ്‌ലൈന്‍ ഉണ്ട്.  മറ്റ് ഗിയറുകളില്‍ റെഡ്‌ലൈന്‍ 16,000ആര്‍പിഎം ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. 15,500 ആര്‍പിഎമ്മില്‍ 215 ബിഎച്ച്പി പവറും 12,000 ആര്‍പിഎമ്മില്‍ 111.3 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ഈ എഞ്ചിന് കഴിയും. ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്ററുള്ള ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ഇത് ഘടിപ്പിച്ചിരിക്കുന്നു. ഫുള്‍ റേസിംഗ് എക്‌സ്‌ഹോസ്റ്റ് സജ്ജീകരിച്ചാല്‍ പവര്‍ 15,500 ആര്‍പിഎമ്മില്‍ 233 ബിഎച്ച്പി ആയും പീക്ക് ടോര്‍ക്ക് ഔട്ട്പുട്ട് 12,250 ആര്‍പിഎമ്മില്‍ 118 എന്‍എം ആയും വര്‍ദ്ധിപ്പിക്കും.

◾എത്ര വലിയ ദുരന്തങ്ങളെയും മറികടക്കാന്‍ മനുഷ്യസ്നേഹത്തിനു കഴിയും എന്നതിന്റെ ചരിത്രപരമായ ഉദാഹരണമാണ് 2018-ലെ മഹാപ്രളയത്തില്‍ നിന്നുള്ള അതിജീവനം. ഫിക്ഷന്‍ എന്ന സ്ഫടികത്തിലൂടെ ഓര്‍മ്മകള്‍ കടത്തിവിട്ട് ആ മഹാസംഭവത്തിന് പുനരാഖ്യാനം നടത്താനുള്ള ശ്രമമാണ് ഈ നോവല്‍. നിയതമായ ഒരു കഥാവസ്തുവില്ലാതെ ശിഥിലമായ ഓര്‍മ്മകളിലൂടെയും സംഭവങ്ങളിലൂടെയും ഒഴുകിപ്പരക്കുന്ന ഈ നോവലില്‍ മുഖ്യകഥാപാത്രം പ്രളയമാണ്. 'തക്കക്കേട്'. അനീഷ് ഫ്രാന്‍സിസ്. ഡിസി ബുക്സ്. വില 133 രൂപ.


◾ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ മദ്യം പ്രതികൂലമായി ബാധിക്കുമെന്ന് വിവരിക്കുന്ന നിരവധി പഠനങ്ങള്‍ ഉണ്ട്. എന്നാല്‍, മദ്യപാനം മൂലം നിങ്ങള്‍ നേരിട്ടേക്കാവുന്ന മറ്റൊരു ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടുകയാണ് പുതിയ പഠനം. മദ്യത്തിന്റെ ഉപയോഗം പേശികള്‍ വേഗത്തില്‍ ചുരുങ്ങാന്‍ കാരണമാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. മദ്യം അമിതമായി ഉപയോഗിക്കുന്നതുമൂലം സ്‌കെലിറ്റല്‍ മസിലിന് തകരാറുണ്ടാകുകയും അകാല വാര്‍ദ്ധക്യത്തിനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും. 37നും 73നും ഇടയില്‍ പ്രായമുള്ള രണ്ട് ലക്ഷത്തോളം ആളുകളിലാണ് പഠനം നടത്തിയത്. 'പഠനത്തില്‍ പങ്കെടുത്ത കൂടുതല്‍ ആളുകളും 50നും 60നും ഇടയില്‍ പ്രായക്കാരായിരുന്നു. കൂടുതല്‍ മദ്യം കുടിക്കുന്നവര്‍ക്ക് മദ്യപാനും കുറവുള്ളവരേക്കാള്‍ സ്‌കെലിറ്റല്‍ മസില്‍ കുറവായിരിക്കുമെന്നാണ് കണ്ടെത്തിയത്. ഇവരുടെ ശരീര വലുപ്പവും മറ്റ് ഘടകങ്ങളും കണക്കിലെടുത്താണ് പഠനം നടത്തിയത്', ഗവേഷകര്‍ പറഞ്ഞു. ദിവസവും പത്ത് യൂണിറ്റിലധികം മദ്യം (75എംഎല്‍ ആണ് ഒരു യൂണിറ്റ് മദ്യം ) കുടിക്കുന്നവരും ഒരു കുപ്പി വൈനില്‍ കൂടുതലൊക്കെ അകത്താക്കുന്നവരുമാണ് നിങ്ങളെങ്കില്‍ അത് ഒരു പ്രശ്നമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. പ്രായമാകുന്തോറും പേശികള്‍ നഷ്ടപ്പെടുന്നത് തളര്‍ച്ചയ്ക്കും ബലക്കുറവിനുമൊക്കെ കാരണമാകും. അതുകൊണ്ട് ദിവസവുമുള്ള മദ്യപാനം ആരോഗ്യത്തിന് തിരിച്ചടിയാകുമെന്നാണ് ഈ പഠനവും ചൂണ്ടിക്കാട്ടുന്നത്. 

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.