Click to learn more 👇

എല്ലാ പുരുഷന്‍മാരും ചെയ്തിരിക്കേണ്ട അഞ്ച് മെഡിക്കല്‍ പരിശോധനകള്‍


 രോഗ്യം നിലനിര്‍ത്തുന്നതിനും ആരോഗ്യപ്രശ്നങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും പതിവായി ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.

ഓരോരുത്തരുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമായിരിക്കുമെങ്കിലും എല്ലാ പുരുഷൻമാരും നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ചില പരിശോധനകളുണ്ട്.

അത്തരം പരിശോധനകളെക്കുറിച്ചും അവ പുരുഷന്മാരുടെ ആരോഗ്യ സംരക്ഷണത്തില്‍ എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നുണ്ട് എന്നുമാണ് ഇവിടെ പറയുന്നത്.

1. ഓരോ വര്‍ഷവും നടത്തേണ്ട ഫിസിക്കല്‍ പരിശോധന (Annual Physical Examination): ഓരോ പുരുഷൻമാരും മുൻഗണന നല്‍കേണ്ട ഒരു അടിസ്ഥാന ആരോഗ്യ പരിശോധനയാണ് ഓരോ വര്‍ഷവും നടത്തേണ്ട ഫിസിക്കല്‍ പരിശോധന. നിങ്ങളുടെ ശരീരത്തെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തലാണ് ഇതിലൂടെ നടക്കുന്നത്.

നിങ്ങളുടെ മെഡിക്കല്‍ ഹിസ്റ്ററി അവലോകനം ചെയ്യുകയും ഏതെങ്കിലും രോഗ ലക്ഷണങ്ങളുണ്ടോ എന്ന കണ്ടെത്തുകയും ഹൃദയാരോഗ്യം, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോളിന്റെ അളവ്, മൊത്തത്തിലുള്ള ശാരീരികക്ഷമത എന്നിവയെല്ലാം പരിശോധിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ‌

2. പ്രോസ്റ്റേറ്റ് കാൻസര്‍ സ്ക്രീനിങ്ങ് (Prostate Cancer Screening) : പുരുഷന്മാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന കാൻസറുകളില്‍ ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസര്‍. 50 വയസും അതില്‍ കൂടുതല്‍ പ്രായവുമുള്ള പുരുഷൻമാരെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. പ്രോസ്റ്റേറ്റ് കാൻസര്‍ സ്ക്രീനിംഗില്‍ സാധാരണയായി രക്തപരിശോധനയും മലാശയ പരിശോധനയും ആണ് ഉള്‍പ്പെടുന്നത്. ഈ പരിശോധനകള്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഏതെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താൻ സഹായിക്കുന്നു. ഇത് ചിലപ്പോള്‍ കാൻസറിന്റെ ലക്ഷണങ്ങളാകാം. പതിവ് സ്ക്രീനിംഗിലൂടെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ചികിത്സയിലൂടെ കാൻസറിനെ പ്രതിരോധിക്കാനുമാകും.


3. വൻകുടലിന്റെ പരിശോധന (Colorectal Cancer Screening): പുരുഷന്മാര്‍ നേരിടുന്ന മറ്റൊരു പ്രധാന ആരോഗ്യപ്രശ്നമാണ് വൻകുടലില്‍ ഉണ്ടാകുന്ന കാൻസര്‍. 50 വയസും അതിനുമുകളിലും പ്രായമുള്ള പുരുഷൻമാരും കുടുംബത്തില്‍ മുൻപ് ആര്‍ക്കെങ്കിലും വൻകുടലിലെ കാൻസര്‍ വന്നിട്ടുള്ള ചരിത്രം ഉള്ളവരും ഈ സ്ക്രീനിംഗ് നടത്തുന്നത് നല്ലതാണ്. സാധാരണ ഈ സ്ക്രീനിംഗില്‍ കൊളോനോസ്കോപ്പി (colonoscopy) ഉണ്ട്. ഇത് വൻകുടലിലെ ഏതെങ്കിലും അസാധാരണതകളോ അര്‍ബുദത്തിന്റെ ലക്ഷണങ്ങളോ കണ്ടെത്താൻ സഹായിക്കുന്നു. ജീവൻ വരെ അപഹരിക്കാൻ സാധ്യതയുള്ള ഈ രോഗം നേരത്തേ കണ്ടെത്താൻ വൻകുടലിന്റെ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

4. രക്തസമ്മര്‍ദം നിരീക്ഷിക്കുക (Blood Pressure Monitoring): ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടെങ്കില്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരും രക്തസമ്മര്‍ദം പതിവായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും പലരും ശ്രദ്ധിക്കാറില്ല എന്നതാണ് വസ്തുത, കാരണം പലപ്പോഴും ഇതിന് കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകില്ല. രക്തസമ്മര്‍ദ്ദം പതിവായി പരിശോധിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് ഹൈപ്പര്‍ടെൻഷനുമായി ബന്ധപ്പെട്ട ഏതെങ്കിലും രോഗങ്ങള്‍ തിരിച്ചറിയാനും സാധിക്കും. ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിലൂടെയോ മരുന്നുകളിലൂടെയോ അവയെ പ്രതിരോധിക്കാനുമാകും. രണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നതാണ് നല്ലത്.


5. കൊളസ്‌ട്രോള്‍, ബ്ലഡ് ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റിങ്ങ് (Cholesterol and Blood Lipid Profile Testing): ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണെങ്കില്‍ ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയെല്ലാം വരാനുള്ള സാധ്യത കൂടിതലാണ്. പതിവായി കൊളസ്ട്രോളും, രക്തത്തിലെ ലിപിഡ് പ്രൊഫൈലും പരിശോധനയ്ക്ക് വിധേയമാക്കണം. ശരീരത്തിലെ കൊളസ്ട്രോള്‍, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എല്‍ഡിഎല്‍) കൊളസ്ട്രോള്‍, ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച്‌ഡിഎല്‍) കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുടെയെല്ലാം അളവ് മനസിലാക്കാൻ ഈ പരിശോധനകള്‍ സഹായിക്കുന്നു. ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിലൂടെയോ മരുന്നുകളിലൂടെയോ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനുമാകും.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.