Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഇതുവരെ ഒറ്റ നോട്ടത്തിൽ


◾കാന്‍സറിനും, അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നിന്റെ നികുതി ഒഴിവാക്കാന്‍ അന്‍പതാമത് ജി എസ് ടി  കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചികിത്സാ ഉപകരണങ്ങളുടെ വിലയും കുറയും. തിയേറ്ററില്‍ വില്‍ക്കുന്ന ഭക്ഷണത്തിന്റെ ജിഎസ്ടി 18 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. രണ്ടു ലക്ഷം രൂപയിലധികം വിലയ്ക്കുള്ള സ്വര്‍ണം സംസ്ഥാനത്തിനകത്തു കൊണ്ടുപോകാന്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കും. ഓണ്‍ലൈന്‍ ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോകള്‍ എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തി. പാകം ചെയ്യാത്തതും വറക്കാത്തതുമായ ഭക്ഷണങ്ങള്‍ക്കു വില കുറയും. പാക്ക് ചെയ്ത പപ്പടത്തിന് ജിഎസ്ടി പതിനെട്ടില്‍ നിന്ന് അഞ്ചാക്കി കുറച്ചു.

◾മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായി നിയമിച്ചതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുജിസി സുപ്രീം കോടതിയില്‍. പ്രിയ വര്‍ഗീസിനെ നിയമിക്കാമെന്ന കേരള ഹൈക്കോടതി വിധി അധ്യാപന പരിചയം വേണമെന്ന യുജിസി ചട്ടത്തിനു വിരുദ്ധമാണെന്നും രാജ്യവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.


◾ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ മലയാളികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 47 പേരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചു. കളമശേരി, തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഹൗസ് സര്‍ജന്‍മാര്‍ അടക്കമുള്ളവര്‍ മണാലി ജില്ലയിലാണ് കുടുങ്ങിക്കിടക്കുന്നത്. ഡല്‍ഹിയിലെ കേരളാഹൗസില്‍ 011-23747079 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്.


◾മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഇന്നു രണ്ടാംഘട്ട വിധി. പോപുലര്‍ ഫ്രണ്ട് നേതാവ് എം കെ നാസര്‍, സവാദ് എന്നിവര്‍ ഉള്‍പ്പെടെ പതിനൊന്നു പ്രതികളാണുള്ളത്. യുഎപിഎ ചുമത്തിയ കേസിലാണ് കൊച്ചി എന്‍ ഐഎ കോടതി രണ്ടാം ഘട്ട വിധി പ്രസ്താവിക്കുക.

◾തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു കാണാതായ നാലാമത്തെയാളുടേയും മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണി, റോബിന്‍ എഡ്വിന്‍ എന്നിവരുടെ മൃതദേഹമാണ് ഒടുവില്‍ കണ്ടെത്തിയത്. സുരേഷ് ഫെര്‍ണാണ്ടസ് (ബിജു- 58) ന്റെ മൃതദേഹം ഉച്ചയോടെ കിട്ടിയിരുന്നു. വള്ളം മറിഞ്ഞ ഉടനെ രക്ഷപ്പെടുത്തിയ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചു.


◾പത്തനംതിട്ട കോയിപ്രം രമാദേവി കൊലക്കേസില്‍ ഭര്‍ത്താവ് 17 വര്‍ഷത്തിനുശേഷം അറസ്റ്റിലായി. റിട്ടയഡ് പോസ്റ്റ് പോസ്റ്റ്മാസ്റ്റര്‍ സി ആര്‍ ജനാര്‍ദ്ദനനെയാണ് (75) അറസ്റ്റു ചെയ്തത്. അയല്‍വാസിയായ തമിഴ്നാട് സ്വദേശിയെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയിരുന്നത്. ഇയാളുടെ കൂടെ താമസിച്ചിരുന്ന സ്ത്രീയെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് ഭര്‍ത്താവിലേക്ക് അന്വേഷണം നീണ്ടത്. പ്രതിയെ പിടിക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചയാളാണു ഭര്‍ത്തവ്.


◾ഏകീകൃത സിവില്‍ കോഡിനെതിരേ യുഡിഎഫിന്റെ ആദ്യ പരിപാടി 22 നു കോഴിക്കോട് നടത്തുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ധിഖ്. സിപിഎം സാമുദായിക വിഭജനത്തിന് ശ്രമിക്കുകയാണ്. യുഡിഎഫില്‍ ഭിന്നതയുണ്ടാക്കാനും ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.


◾ശസ്ത്രക്രിയ നടത്താന്‍ മൂവായിരം രൂപ കൈക്കൂലി വാങ്ങിയ ഓര്‍ത്തോപീഡിക്സ് സര്‍ജനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോ ഷെറി ഐസക്കാണ് പിടിയിലായത്. ഡോക്ടറുടെ വീട്ടില്‍നിന്ന് 15 ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെടുത്തു.


◾എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിട്ടും പ്ലസ് വണ്‍ പ്രവേശനം നല്‍കാന്‍ കഴിയാത്ത മന്ത്രിമാര്‍ രാജിവച്ചു വീട്ടില്‍ പോകണമെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കാന്‍ മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സാന്നിധ്യത്തിലാണു കട്ജുവിന്റെ വിമര്‍ശനം. വിദ്യാര്‍ത്ഥികളുടെ ജീവിതം വച്ചാണ് കളിക്കുന്നത്. പരിഹരിച്ചില്ലെങ്കില്‍ അടുത്ത തെരുഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ പ്രചാരണത്തിന് ഇറങ്ങുമെന്നും കട്ജു പറഞ്ഞു.


◾നാലു മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയില്‍ കണ്ണീരുമായി നിന്നിരുന്ന മത്സ്യത്തൊഴിലാളികളോട് ഷോ കാണിക്കരുതെന്ന് വെല്ലുവിളിച്ച മന്ത്രിമാരും ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ എത്തി സുധാകരന്‍ പിന്തുണ പ്രഖ്യാപിച്ചു.

◾പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മേല്‍പ്പാലം നിര്‍മ്മിച്ച ആര്‍ ഡി എസ് പ്രൊജക്ട് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി. കമ്പനിയുടെ എ ക്ലാസ് ലൈസന്‍സ് റദ്ദാക്കി. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എന്‍ജിനീയറുടേതാണ് നടപടി. അഞ്ചു വര്‍ഷത്തേക്കു സംസ്ഥാന സര്‍ക്കാറിന്റെ ടെണ്ടറുകളില്‍ പങ്കെടുക്കുന്നതു വിലക്കിയിട്ടുമണ്ട്.


◾സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്കു പിന്തുണയുമായി പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മണിരത്നം. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിക്ക് മണിരത്നം പിന്തുണ അറിയിച്ചത്. പ്രശസ്ത സിനിമകള്‍ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓര്‍മ്മകളില്‍ നിലനിര്‍ത്തിക്കൊണ്ട് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതിയാണ് സിനിമാ ടൂറിസം.


◾കേരളത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തും ജിഎസ്ടി ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചതാണ് ഇക്കാര്യം.


◾രണ്ടു ലക്ഷം രൂപയിലധികം തുകയ്ക്കുള്ള സ്വര്‍ണം വാങ്ങി കൊണ്ടുപോകാന്‍ ഇ - വേ ബില്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയ ജി എസ് ടി കൗണ്‍സില്‍ യോഗത്തിനെതിരെ സ്വര്‍ണ വ്യാപാരികളുടെ സംഘടനകള്‍ പ്രതിഷേധിച്ചു. ചെറുകിട ജ്വല്ലറികളെ പ്രതിസന്ധിയിലാക്കുമെന്നാണ് സ്വര്‍ണ വ്യാപാരികളുടെ പരാതി.


◾മലബാറില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ രണ്ടാം ഘട്ട പ്രക്ഷോഭം തുടങ്ങി. അടുത്ത ദിവസങ്ങളിലായി ഉപരോധ സമരങ്ങള്‍ നടത്തും. എംഎസ്എഫാണ് പ്രക്ഷോഭത്തിന് തുടക്കമിട്ടത്.

◾കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധിച്ച എംഎസ്എഫ് പ്രവര്‍ത്തകരെ കൈ വിലങ്ങണിയിച്ച കൊയിലാണ്ടി എസ്ഐക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. റൂറല്‍ എസ് പി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ഉത്തരവ്.


◾സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.


◾ഭൂമി മക്കളുടെ പേരിലേക്കു മാറ്റാന്‍ 25,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ കോടതി വെറുതെ വിട്ടു. കുമളി കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജാഫര്‍ ഖാന്‍, ഡെപ്യൂട്ടി കളക്ടര്‍ ഷാനവാസ് ഖാന്‍ എന്നിവരെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വെറുതെ വിട്ടത്. പാലാ സ്വദേശി സെബാസ്റ്റ്യന്റെ ഭൂമി ഇടപാടിന് ഏക്കറിന് പതിനായിരം രൂപ വീതം കൈക്കൂലി വാങ്ങിയ കേസിലാണ് ഇരുവരും അറസ്റ്റിലായത്. 2013 ഏപ്രില്‍ 30 നായിരുന്നു സംഭവം.


◾തൊപ്പി എന്നറിയിപ്പെടുന്ന യൂട്യൂബര്‍ നിഹാദ് വീണ്ടും അറസ്റ്റിലായി. യൂട്യൂബിലൂടെ അവഹേളിച്ചെന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയിലാണ് നിഹാദിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടത്.


◾മദ്യപിച്ചു വഴക്കുണ്ടാക്കി ഗ്രോട്ടോ തകര്‍ത്ത മൂന്നു പേര്‍ പിടിയില്‍. വയനാട് ജില്ലയിലെ പിലാക്കാവ് സെന്റ് ജോസഫ്‌സ് ദേവാലയത്തിന്റെ ഗ്രോട്ടോ തകര്‍ത്ത സംഭവത്തില്‍ അമിത് ടോം രാജീവ്, റിവാള്‍ഡ് സ്റ്റീഫന്‍, മുഹമ്മദ് ഇന്‍ഷാം  എന്നിവരാണ് പിടിയിലായത്.

◾കണ്ണൂര്‍ തോട്ടടയില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് കാഞ്ഞങ്ങാട് സ്വദേശി അഹമ്മദ് സാബിക്ക് മരിച്ചു. ഇരുപതിലധികം പേര്‍ക്കു പരിക്കേറ്റു.


◾ഉത്തരേന്ത്യയില്‍ മഴക്കെടുതി മൂലമുള്ള മരണം 41 ആയി. ഹിമാചല്‍ പ്രദേശിനു പുറമെ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും പ്രളയക്കെടുതിയിലാണ്. ഹിമാലയന്‍ നദികള്‍ കരകവിഞ്ഞതോടെ ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ഡല്‍ഹി, യുപി സംസ്ഥാനങ്ങളില്‍ പ്രളയമാണ്. പഞ്ചാബില്‍ മൊഹാലി, രൂപ്നഗര്‍, സിര്‍ക്കാപൂര്‍ പ്രദേശങ്ങള്‍ വെള്ളത്തിലായി.


◾പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. 33,368 സീറ്റുകളില്‍ തൃണമൂല്‍ വിജയിച്ചു. ബിജെപിക്ക് 5,898 സീറ്റുകളേ നേടാനായുള്ളൂ. ഇടതു സഖ്യം 3,547 സീറ്റു നേടി. ഇതില്‍ ഇടതു പാര്‍ട്ടികള്‍ക്ക് 2,095 സീറ്റും കോണ്‍ഗ്രസിന്1,452 സീറ്റും ലഭിച്ചു.


◾ലോക്സഭാ തെരഞ്ഞെടുപ്പിനു ബിജെപിക്കെതിരേ ഐക്യവേദി രൂപീകരിക്കാനുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുടെ അടുത്ത യോഗം 17, 18 തീയതികളില്‍ ബംഗളൂരുവില്‍ ചേരും. പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുനന്‍ ഖര്‍ഗെയാണു കത്തയച്ചത്.


◾മണിപ്പൂരിലെ കുക്കി വിഭാഗക്കാര്‍ക്കു സൈനിക സംരക്ഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. സൈന്യത്തെ കോടതി നിയന്ത്രിക്കുന്നതു ശരിയല്ലെന്നും ക്രമസമാധാനപാലനം കോടതിക്ക് ഏറ്റെടുക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

◾ബെംഗളൂരുവില്‍ ടെക് കമ്പനിയില്‍നിന്നു പിരിച്ചുവിട്ടതിന് എംഡിയെയും സിഇഒയെയും ജോക്കര്‍ ഫെലിക്സ് എന്നു സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുള്ള മുന്‍ ജീവനക്കാരന്‍ കുത്തിക്കൊന്നു. ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡി പാണീന്ദ്ര സുബ്രഹ്‌മണ്യ, സിഇഒ വിനു കുമാര്‍ എന്നിവരാണു കൊല്ലപ്പെട്ടത്. പ്രതി ഫെലിക്സ് ഒളിവിലാണ്.


◾ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ കേസില്‍ രാജിവയ്ക്കുമോയെന്നു ചോദിച്ച വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്ഷുഭിതനായി മൈക്കു തട്ടിത്തെറിപ്പിച്ച് ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ഡല്‍ഹി വിമാനത്താവളത്തില്‍നിന്നു പുറത്തിറങ്ങവെയാണ് ടൈംസ് നൗവിന്റെ വനിതാ റിപ്പോര്‍ട്ടര്‍ ചോദ്യവുമായി എത്തിയത്.


◾മധ്യപ്രദേശിലെ കൂനോ നാഷണല്‍ പാര്‍ക്കില്‍ ആണ്‍ ചീറ്റപ്പുലി ചത്തു. നാലു മാസത്തിനിടെ ഏഴാമത്തെ ചീറ്റയാണു ചത്തത്.


◾യുക്രെയിന് അംഗത്വം നല്‍കാന്‍ തയാറാണെന്നു പ്രഖ്യാപിച്ച നാറ്റോ ഉപാധികള്‍ മുന്നോട്ടുവച്ചു. റഷ്യയുമായി യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഉടനേ അംഗത്വം നല്‍കില്ലെന്നാണു നാറ്റോ നിലപാടെടുത്തത്.


◾ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ എട്ട് റണ്‍സിന്റെ ജയവുമായി ഇന്ത്യന്‍ വനിതകള്‍. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ്  87ന് എല്ലാവരും പുറത്താവുകയായിരുന്നു. മലയാളി താരം മിന്നു മണി നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട്് വിക്കറ്റ് നേടി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.


◾ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ഡൊമനിക്കയിലെ വിന്‍സ്ഡര്‍ പാര്‍ക്കില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ യുവതാരം യശസ്വി ജയ്‌സ്വാള്‍ ഇന്ത്യക്കായി അരങ്ങേറുമെന്ന് ക്യാഫ്റ്റന്‍ രോഹിത് ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരം ജൂലൈ 20 ന് ആരംഭിക്കും.

◾സ്വയം പ്രയത്‌നത്തിലൂടെ സമ്പന്നരായ 100 അമേരിക്കന്‍ വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ ഇടം നേടി 4 ഇന്ത്യന്‍ വംശജരും. പെപ്‌സികോ മുന്‍ ചെയര്‍മാന്‍ ഇന്ദ്ര നൂയി, അരിസ്റ്റ നെറ്റ്വര്‍ക് പ്രസിഡന്റും സി.ഇ.ഒയുമായ ജയശ്രീ ഉല്ലാല്‍, സിന്റെല്‍ ഐടി കമ്പനി സഹസ്ഥാപക നീരജ സേത്തി, കോണ്‍ഫ്‌ലുവെന്റ് ക്ലൗഡ് കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫിസര്‍ നേഹ നാര്‍ഖഡേ എന്നിവരാണ് ഈ പട്ടികയിലുള്ളത്. പട്ടികയില്‍ 15-ാം സ്ഥാനത്തുള്ള 62 വയസുകാരി ജയശ്രീ ഉല്ലാലിന്റെ ആസ്തി 20,000 കോടി രൂപയാണ്. 2008 മുതല്‍ അരിസ്റ്റ നെറ്റ്വര്‍ക്കിന്റെ പ്രസിഡന്റും സി.ഇ.ഒയും ആയ അവര്‍ കമ്പനി ഓഹരികളുടെ 2.4 ശതമാനം സ്വന്തമാക്കി. അരിസ്റ്റ 2022-ല്‍ ഏകദേശം 4.4 ബില്യണ്‍ യുഎസ് ഡോളറിന്റെ വരുമാനം രേഖപ്പെടുത്തിയിരുന്നു. പട്ടികയില്‍ 25-ാം സ്ഥാനത്തുള്ള 68 കാരിയായ നീരജ സേത്തിയുടെ ആസ്തി 8175 കോടി രൂപയാണ്. നീരജ സേത്തിയും ഭര്‍ത്താവ് ഭരത് ദേശായിയും ചേര്‍ന്ന് 1980ല്‍ സ്ഥാപിച്ച സിന്റല്‍, ഫ്രഞ്ച് ഐടി സ്ഥാപനമായ അറ്റോസ് എസ്.ഇ 2018 ഒക്ടോബറില്‍ 3.4 ബില്യണ്‍ ഡോളറിന് വാങ്ങിയിരുന്നു. ഇതോടെ നീരജ സേത്തിക്ക് അവരുടെ ഓഹരിക്ക് 510 മില്യണ്‍ ഡോളര്‍ ലഭിച്ചു. 4294 കോടി രൂപ ആസ്തിയുള്ള 38 കാരിയായ നേഹ നാര്‍ഖഡെ പട്ടികയില്‍ 50-ാം സ്ഥാനത്താണ്. 2023 മാര്‍ച്ചില്‍, അവര്‍ തന്റെ പുതിയ കമ്പനിയായ ഓസ്സിലാര്‍ പ്രഖ്യാപിച്ചു. പെപ്സികോയുടെ മുന്‍ ചെയറും സി.ഇ.ഒയുമായ ഇന്ദ്ര നൂയി 2890 കോടി രൂപ ആസ്തിയുമായി പട്ടികയില്‍ 77-ാം സ്ഥാനത്താണ്. ശീതളപാനീയങ്ങളുടെ മാര്‍ക്കറ്റ് അപ്രതീക്ഷിത തകര്‍ച്ചയിലേക്ക് നീങ്ങിയ കാലത്താണ് പെപ്‌സിയുടെ അമരക്കാരിയായി ഇന്ദ്ര നൂയി എത്തുന്നത്. പ്രതീക്ഷിച്ചതിലും മികച്ച നേട്ടങ്ങള്‍ കമ്പനിക്ക് നല്‍കിക്കൊണ്ട് 2018 ഒക്ടോബര്‍ ആദ്യവാരം ഇന്ദ്ര നൂയി രാജിവെച്ചു. 2019-ല്‍ അവര്‍ ആമസോണിന്റെ ബോര്‍ഡില്‍ ചേര്‍ന്നു.

◾ടീച്ചര്‍ ക്ലാസില്‍ പാടിയ പാട്ടിന് ഡെസ്‌കില്‍ താളം പിടിച്ച അഭിജിത്ത് ഇനി സിനിമയിലേക്ക്. ഈ കൊച്ചുമിടുക്കന്റെ വീഡിയോ കഴിഞ്ഞ വാരം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. തിരുനെല്ലി കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അഭിജിത്ത് ആണ് സംഗീതാധ്യാപിക അഞ്ജനയുടെ പാട്ടിനനുസരിച്ച് കൊട്ടിയത്. അഞ്ജന തന്നെ മൊബൈലില്‍ പലര്‍ത്തിയ വീഡിയോ അഭിജിത്തിന്റെ ക്ലാസ് ടീച്ചര്‍ പി അര്‍ഷിതയാണ് പിന്നീട് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.  ഷോര്‍ട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസല്‍ ഹുസൈന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിജിത്ത് വേഷമിടുക. ചിത്രത്തിന്റെ പേര് 'കട്ടപ്പാടത്തെ മാന്ത്രികന്‍' എന്നാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വയനാട് കാട്ടിക്കുളം അമ്മാനി കോളനിയിലെത്തിയാണ് അഭിജിത്തിനെ സിനിമയിലേക്ക് ക്ഷണിച്ചത്. കൂലിപ്പണിക്കാരനായ ബിജുവാണ് അഭിജിത്തിന്റെ അച്ഛന്‍. ഒരു സഹോദരിയും ഒരു സഹോദരനുമുണ്ട്. ആതിരയാണ് അമ്മ. ഓല മേഞ്ഞ ഒറ്റമുറി വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും വേഷമിടുന്ന ചിത്രമാണ് കട്ടപ്പാടത്തെ മാന്ത്രികന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം പാലക്കാട് ആരംഭിക്കും.


◾റിഡ്‌ലി സ്‌കോട്ട് സംവിധാനം ചെയ്യുന്ന നെപ്പോളിയന്റെ ആദ്യ ട്രെയിലര്‍ എത്തി. ജോക്വിന്‍ ഫീനിക്സാണ് ഈ ചരിത്ര സിനിമയില്‍ നെപ്പോളിയനായി എത്തുന്നത്. റിഡ്‌ലി സ്‌കോട്ടിന്റെ ക്ലാസിക്ക് ചലച്ചിത്രം ഗ്ലാഡിയേറ്ററില്‍ ജോക്വിന്‍ ഫീനിക്സ് അവതരിപ്പിച്ച വില്ലന്‍ വേഷം എന്നും ഓര്‍മ്മിപ്പിക്കപ്പെടുന്നതാണ്. അതിന് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിഡ്‌ലി സ്‌കോട്ടും ജോക്വിന്‍ ഫീനിക്സും ഒന്നിക്കുന്നത്. ഫ്രഞ്ച് കമാന്‍ഡര്‍ എന്ന നിലയില്‍ നിന്നും ഫ്രഞ്ച് ചക്രവര്‍ത്തിയായുള്ള  നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ വളര്‍ച്ചയാണ് ചിത്രം അവതരിപ്പിക്കുന്നത്. സോണിയും ആപ്പിളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ട്രെയിലര്‍ 1793-ലെ ഫ്രാന്‍സാണ് ആദ്യം കാണിക്കുന്നത്. നെപ്പോളിയന്റെ അധികാരത്തിലേക്കുള്ള വളര്‍ച്ചയും ജോസഫൈനുമായുള്ള നെപ്പോളിയന്റെ അസ്ഥിരമായ ബന്ധവും ട്രെയിലറില്‍ കാണിക്കുന്നുണ്ട്. നവംബര്‍ 22നാണ് നെപ്പോളിയന്‍ തീയറ്ററുകളില്‍ എത്തുക.


◾ബുള്ളറ്റിന്റെ പുതിയ മോഡലുമായി റോയല്‍ എന്‍ഫീല്‍ഡ് എത്തുന്നു. ജെ1ബി എന്ന കോഡു നാമത്തില്‍ വികസിപ്പിക്കുന്ന വാഹനം ക്ലാസ്‌ക് 350 ബോബിനൊപ്പം വിപണിയിലെത്തും എന്നാണ് പ്രതീക്ഷ. പുതിയ 350 സിസി എന്‍ജിനുമായി എത്തുന്ന ബുള്ളറ്റ് നിലവിലെ വാഹനത്തിന് പകരക്കാരനാണ്. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള മേല്‍ക്കൈ വര്‍ധിപ്പിക്കാനാണ് പുതിയ ബുള്ളറ്റ് 350 റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്നത്. പുതിയ ജെ പ്ലാറ്റ്ഫോമില്‍ ആയിരിക്കും വാഹനം നിര്‍മിക്കുക. വലിയ മുന്‍ടയറുകള്‍, കൂടുതല്‍ മികച്ച ബ്രേക്കുകള്‍, ചെറിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ കുടുതല്‍ മികച്ച ഫിറ്റ് ആന്‍ഡ് ഫിനിഷ് എന്നിവയായിരിക്കും വാഹനത്തിന്. എന്‍ജിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ക്ലാസിക്ക് 350ലെ 349സിസി എന്‍ജിന്‍ തന്നെയാകാനാണ് സാധ്യത. 20.2 ബിഎച്ച്പി കരുത്തും 27 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. നിലവിലെ മോഡലിനെക്കാള്‍ വില 10000 മുതല്‍ 12000 രൂപവരെ പുതിയ മോഡലിന് ഉയരാനും സാധ്യതയുണ്ട്.

◾സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു വഴികാട്ടിയാണ് ഈ പുസ്തകം. ഉള്‍ക്കാഴ്ചയുള്ള ഒരു നിര്‍മ്മാതാവിന്റെ കാല്‍പ്പാടുകള്‍ നമുക്കിതില്‍ കാണാം. ഒരു വ്യക്തിയുടെ ജീവിതമാണെങ്കിലും അതിനുള്ളില്‍ ഇതള്‍വിരിയുന്നത് ഒരു കാലഘട്ടത്തിന്റെ സിനിമാചരിത്രം കൂടിയാണ്. തകര, വെങ്കലം, ചകോരം, അഗ്‌നിസാക്ഷി തുടങ്ങിയ കലാമൂല്യമുള്ള മലയാളചിത്രങ്ങളുടെ നിര്‍മ്മാതാവ് ജീവിതം പറയുന്നു. ഒപ്പം, സിനിമയ്ക്കു പിന്നിലെ ആരും പറയാത്ത ചില കഥകളും. 'ചെല്ലപ്പനാശാരിയും തകരയും ഭരതനും പിന്നെ...'. ബാബു വി.വി. മാതൃഭൂമി ബുക്സ്. വില 178 രൂപ.


◾തണുപ്പുകാലത്തു ആസ്ത്മ രോഗികള്‍ക്ക് രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യതയുണ്ട്. ശ്വാസംമുട്ടല്‍, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെ വരുന്ന ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ തണുപ്പ്, പൊടി, കായികാഭ്യാസം എന്നിവ ഉണ്ടാകുമ്പോള്‍ കൂടുന്നതും ആസ്ത്മയുടെ ലക്ഷണമാകാം. അതേസമയം, എല്ലാ ശ്വാസതടസ്സ പ്രശ്‌നങ്ങളും ആസ്ത്മയുടേതല്ല എന്നും വിദഗ്ധര്‍ പറയുന്നു. ചില കാര്യങ്ങള്‍ ആസ്ത്മയുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്. അടിസ്ഥാനപരമായി കൈകളുടെ ശുചിത്വം ഉറപ്പാക്കുക. ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് അകലം പാലിക്കുക. ആസ്ത്മയുള്ളവരുടെ കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മെത്തയും തലയണയും വെയിലത്ത് നന്നായി ഉണക്കി ഉപയോഗിക്കുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കുക. പുകവലിക്കുന്നവരില്‍ നിന്ന് അകലം പാലിക്കുക. പൊടിപടലങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. മാസ്‌ക് ധരിക്കുക. പെര്‍ഫ്യൂമുകള്‍, ചന്ദനത്തിരി, കൊതുകുതിരി,  ടാല്‍ക്കം പൗഡര്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക. കാലാവസ്ഥ അനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്താം. തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. തണുപ്പുള്ള  കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രം ധരിക്കുക. മഴ നനയാതിരിക്കാനും ശരീരത്തില്‍ അധികം തണുപ്പേല്‍ക്കാതിരിക്കാനും ശ്രദ്ധിക്കുക. വളര്‍ത്തു മൃഗങ്ങളുമായി അടുത്തിടപഴകുമ്പോള്‍ ശ്രദ്ധിക്കുക. അമിത വണ്ണവും വ്യായാമമില്ലായ്മയും ആസ്ത്മ കൂട്ടിയേക്കാം. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കാനും വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാനും ശ്രദ്ധിക്കുക.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.