മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം, ഫാ.യൂജിന്‍ പെരേരയ്ക്കെതിരെ കേസ്, റോഡ് ഉപരോധിച്ചതിന് അമ്ബതിലേറെ പേര്‍ക്കെതിരെയും എഫ് ഐ ആര്‍


 തിരുവനന്തപുരം :മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവത്തില്‍ ലത്തീൻ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിൻ പെരേരയ്ക്കെതിരെ പൊലീസ് കേസെടുത്തു.

മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനം നടത്തിയതിനുമാണ് അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. ഫാ. യൂജിൻ പെരേര മാത്രമാണ് കേസില്‍ പ്രതി. റോഡ് ഉപരോധിച്ചതിന് കണ്ടാലറിയാവുന്ന അമ്ബതിലേറെപ്പേര്‍ക്കെതിരെയും കേസടുത്തിട്ടുണ്ട്.

മന്ത്രിമാരെ തടയാൻ വികാരി ജനറല്‍ ഫാ. യൂജിൻ പെരേരയാണ് ആള്‍ക്കൂട്ടത്തോട് ആവശ്യപ്പെട്ടതെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചിരുന്നു. എന്നാല്‍ ഷോ കാണിക്കരുതെന്ന് പറഞ്ഞ് തന്നോടും മത്സ്യത്തൊഴിലാളികളോടും കയര്‍ത്തത് മന്ത്രിമാരാണെന്ന് യൂജിൻ പെരേര പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് തീരത്ത് പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു മന്ത്രിമാരായ വി.ശിവൻകുട്ടിയും ആന്റണി രാജുവും ജി,ആര്‍, അനിലും മുതലപ്പൊഴിയിലെത്തിയത്. ഇതോടെ ആള്‍ക്കൂട്ടത്തിന്റെ പ്രതിഷേധം മന്ത്രിമാര്‍ക്ക് നേരെയായി. പ്രതിഷേധക്കാരോട് മന്ത്രി കയര്‍ത്തതോടെ സ്ഥിതി രൂക്ഷമായി. സ്ഥലത്തെത്തിയ ഫാ. യൂജിൻ പെരേരയും മന്ത്രിമാരും തമ്മിലും വാക്കേറ്റമുണ്ടായിരുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.