Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ◾പശ്ചിമ ബംഗാളില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിലുണ്ടായ അക്രമങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പോളിംഗ് ബൂത്തുകളില്‍ ബോംബു സ്ഫോടനംവരെ ഉണ്ടായി. അക്രമങ്ങളില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ എട്ടു പേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. നിരവധി വാഹനങ്ങള്‍ കത്തിച്ചു. കേന്ദ്രസേനയെ നിയോഗിച്ചിരുന്നെങ്കിലും നിഷ്‌ക്രിയരായിരുന്നെന്ന് ആരോപണമുണ്ട്.

◾കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടും. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഓക്ടോബര്‍ മാസങ്ങളിലെ ഉത്സവ ദിവസങ്ങളില്‍ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂടുക. എക്സ്പ്രസ് മുതല്‍ മുകളിലേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസുകളിലാണ് കൂട്ടിയ നിരക്ക് ബാധകമാവുക. സിംഗിള്‍ ബര്‍ത്ത് ടിക്കറ്റുകളുടെ നിരക്ക് അഞ്ചു ശതമാനം വര്‍ധിപ്പിക്കും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 15 ശതമാനം നിരക്ക് കുറയും.


◾ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകള്‍ ഒഴിവുള്ള ട്രെയിനുകളിലെ ടിക്കറ്റു നിരക്കില്‍ 25 ശതമാനം ഇളവ് നല്‍കുമെന്നു റെയില്‍വേ. എസി ചെയര്‍കാര്‍, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ്. ഒരുമാസത്തിനകം പ്രാബല്യത്തില്‍ വരും. വന്ദേഭാരതിനും ബാധകമായിരിക്കും. യാത്രക്കാരുടെ തിരക്കുള്ള കേരളത്തിലെ ട്രെയിനുകളില്‍ ഇളവു ലഭ്യമാകില്ലെങ്കിലും ഉത്തരേന്ത്യയിലെ ട്രെയിനുകളില്‍ ഇളവുണ്ടാകും.


◾ഏക സിവില്‍കോഡ് വിഷയത്തില്‍ 15 നു കോഴിക്കോട് സിപിഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കുമെന്നു സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രധാനമന്ത്രിക്കു നിവേദനം നല്‍കും. ഈ വിഷയത്തില്‍ നല്ല പ്രവര്‍ത്തനം നടത്തുന്നവര്‍ക്കൊപ്പം നില്‍ക്കും. കോഴിക്കോട് സമസ്തയുടെ പ്രത്യേക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍.


◾ഏകീകൃത സിവില്‍ കോഡിനെ ആധാരമാക്കി 15 നു കോഴിക്കോട് സിപിഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടതുണ്ടോയെന്നു തീരുമാനിക്കാന്‍ മുസ്ലിം ലീഗ് സംസഥാന നേതൃയോഗം ഇന്ന്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ രാവിലെ ഒമ്പതരയ്ക്കാണു യോഗം.


◾ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, നിയമ മന്ത്രി, നിയമ കമ്മീഷന്‍ എന്നിവര്‍ക്കു നല്‍കിയ നിവേദനത്തിലാണ് ഈ ഇങ്ങനെ ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ ഭരണഘടന ഉറപ്പാക്കുന്ന ബഹുസംസ്‌കാരവും വൈവിധ്യങ്ങളും ഇല്ലായ്മ ചെയ്യുന്ന ഏക സിവില്‍ കോഡ് നടപ്പാക്കരുതെന്ന് കാന്തപുരം ആവശ്യപ്പെട്ടു.

◾മണിപ്പൂരില്‍നിന്നു ക്രിസ്തുമതം തുടച്ചുനീക്കാമെന്നതു ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വ്യാമോഹമാണെന്ന് കെസിബിസി ചെയര്‍മാന്‍ ബസേലിയോസ് മാര്‍ ക്ലിമിസ് ബാവ. കലാപം ആളിക്കത്തിച്ചതു സര്‍ക്കാരാണ്. വിഷയത്തില്‍ പ്രധാനമന്ത്രിയും ഭരണകൂടവും മൗനം പാലിക്കുന്നു. അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ ഉപവാസ വേദിയിയിലാണ് വിമര്‍ശനം.


◾അതിരപ്പള്ളി ആനക്കയത്ത് കാട്ടാന ആക്രമണം. റൈഡേഴ്‌സ് ക്ലബ് അംഗങ്ങളായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശി കുന്നത്തുവീട്ടില്‍ രോഹിത്, എറണാകുളം സ്വദേശിനി ആക്കത്ത് വീട്ടില്‍ സോന എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രോഹിതിന്റെ കാലില്‍ ആന ചവിട്ടിയിട്ടുണ്ട്. റൈഡേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ 10 ബൈക്കുകളിലും ഒരു കാറിലുമായി 21 അംഗ സംഘം പൊള്ളാച്ചി, മലക്കപ്പാറ വഴി തൃശൂരിലേക്ക് സംഘടിപ്പിച്ച യാത്രക്കിടെയാണ് കാട്ടാന ആക്രമണമുണ്ടായത്.


◾കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഹൗസ് സര്‍ജന്മാര്‍ തമ്മില്‍ ഏറ്റുമുട്ടി. വൈകി വന്ന ഹൗസ് സര്‍ജനെ സഹപ്രവര്‍ത്തകനായ ഹൗസ് സര്‍ജന്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണു തര്‍ക്കവും അടിപിടിയും ഉണ്ടായത്. അര മണിക്കൂറോളം നീണ്ട തര്‍ക്കവും അടിപിടിയുംമൂലം ചികില്‍സ വൈകിയെന്നു രോഗികള്‍ പരാതിപ്പെട്ടു.


◾'അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതമെന്നു പറയുന്നതു പോലെയാണ് സിപിഎം ലീഗിനു പിറകേ നടക്കുന്നതെ' ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഏക സിവില്‍ കോഡ് വേണമെന്നു ഇഎംഎസ് വാദിച്ചിരുന്നത് സിപിഎം മറന്നുകാണില്ലെന്നും സതീശന്‍.


◾ഏക സിവില്‍ കോഡ് വിഷയത്തില്‍ തെരുവിലേക്കിറങ്ങില്ലെന്ന മുസ്ലിം ലീഗ് നിലപാട് സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍.  ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ മുസ്ലിം സംഘടനകള്‍ അടക്കമുള്ളവരുമായി സംവദിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.


◾പാലക്കാട് പിരായിരി പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പഞ്ചായത്തു പ്രസിഡന്റായെങ്കിലും രാജിവയ്ക്കുമെന്ന് സിപിഎം. ബിജെപിയുടെ സഹായത്തോടെ  ഭരിക്കില്ലെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട  സുഹറ ബഷീര്‍ തിങ്കളാഴ്ച രാജിവയ്ക്കുമെന്നും സിപിഎം അറിയിച്ചു. എന്നാല്‍ സിപിഎം -ബിജെപി അവിശുദ്ധ കൂട്ടുക്കെട്ട് പുറത്തു വന്നതായി യുഡിഎഫ് ആരോപിച്ചു.


◾ജനല്‍ച്ചില്ലുകളില്‍ കൂളിംഗ് പേപ്പര്‍ ഒട്ടിച്ചതിന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. സ്വിഫ്റ്റിന്റെ ലക്ഷ്വറി സര്‍വീസായ ഗജരാജ് ബസിനാണ് എം വി ഡി പിഴയിട്ടത്.


◾കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്ന് ഏഴരക്കോടി രൂപ തട്ടിയെന്ന കേസില്‍ ചീഫ് അക്കൗണ്ടന്റിനായി തെരച്ചില്‍. ചിറക്കല്‍ സ്വദേശി സിന്ധുവിനായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി.

◾കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ കണ്ടക്ടറെ അറസ്റ്റു ചെയ്തു. തിരുവന്തപുരം- മലപ്പുറം ബസിലെ കണ്ടക്ടര്‍ നെയ്യാറ്റിന്‍കര സ്വദേശി ജസ്റ്റിനെയാണ് ആലുവായില്‍ അറസ്റ്റു ചെയ്തത്. കഴക്കൂട്ടത്തുനിന്ന് കയറിയ യുവതിയെ കണ്ടക്ടറുടെ സീറ്റില്‍ വിളിച്ചിരുത്തിയായിരുന്നു അതിക്രമം.


◾പനി ബാധിച്ച് രണ്ടു മരണം. ഒമ്പതു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്നു വയസുകാരന്‍ കാസര്‍കോട്ടും മരിച്ചു. മങ്കട സ്വദേശിയും തലശേരി ജനറല്‍ ആശുപത്രി സൂപ്രണ്ടുമായ ജനീഷയുടെ മകള്‍ അസ്‌കയാണു കോഴിക്കോട് മരിച്ചത്.  കാസര്‍കോട് പടന്നക്കാട് താമസിക്കുന്ന തൃശൂര്‍ സ്വദേശി ബലേഷിന്റേയും അശ്വതിയുടേയും മകന്‍ ശ്രീബാലുവാണു മരിച്ചത്.


◾മഞ്ചേരി മുട്ടിയറ തോട്ടിലേക്കു കാല്‍ വഴുതി വീണ് അത്താണിക്കല്‍ പടിഞ്ഞാറേപറമ്പില്‍ ആക്കാട്ടുകുണ്ടില്‍ വേലായുധന്‍ (52)  മരിച്ചു.


◾കവുങ്ങ് മുറിച്ചുമാറ്റുന്നതിനിടെ ശരീരത്തില്‍ വീണ്  ഒന്‍പത് വയസുകാരന്‍ മരിച്ചു.  കണ്ണൂര്‍ പാണപ്പുഴയില്‍ ആലക്കാട് അബ്ദുള്‍ നാസറിന്റെ മകന്‍ മുഹമ്മദ് ജുബൈറാണ് മരിച്ചത്.


◾കായംകുളം കരിപ്പുഴ തോട്ടില്‍ വല വീശാന്‍ ഇറങ്ങിയ വിമുക്ത ഭടനെ കാണാതായി. പത്തിയൂര്‍ പടിഞ്ഞാറ് ശ്രീശൈലത്തില്‍ ഗോപാലനെ (66) യാണ് കാണാതായത്.


◾തിരുവല്ലയില്‍ ദുരിതാശ്വാസ ക്യാമ്പിലേക്കു സാധനങ്ങളുമായി പോയ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ആലതുരുത്തി കഴുപ്പില്‍ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു ഭക്ഷണസാധനങ്ങളുമായി എത്തിയ മിനി ലോറിയാണ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. കാവുംഭാഗം വില്ലേജ് ഓഫീസര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു.


◾മുംബൈയിലെ മലാഡ് വെസ്റ്റില്‍ അഴുക്കു ചാലിനു മുകളിലൂടെ സ്ഥാപിച്ച 90 അടി നീളവു ആറായിരം കിലോ ഭാരവുമുള്ള ഇരുമ്പു പാലം മോഷണം പോയി. സമീപത്തു പുതിയ പാലം നിര്‍മിക്കാന്‍ കരാര്‍ ഏറ്റെടുത്ത സ്ഥാപനത്തിലെ ജീവനക്കാരനും മൂന്നു കൂട്ടുകാരും ചേര്‍ന്നാണ് പാലംതന്നെ അപഹരിച്ചതെന്നു പോലീസ്.


◾ബംഗാളിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതയില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. തട്ടിയെടുത്ത തുക ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പഞ്ചായത്തു തെരഞ്ഞെടുപ്പിനു വിനിയോഗിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയെന്നാണ് ആരോപണം.


◾കുടുംബാധിപത്യ പാര്‍ട്ടികള്‍ അഴിമതിയില്‍ അഭിരമിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലുങ്കാനയില്‍  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുകയാണെന്ന് തെലുങ്കാനയില്‍ 6,100 കോടി രൂപയുടെ വികസന പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.


◾കള്ളങ്ങളുടെ ചന്തയില്‍ കൊള്ളയുടെ കടയാണ് കോണ്‍ഗ്രസ് എന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ബിക്കാനഗറില്‍ വിവിധ പദ്ധതികള്‍ക്കു തറക്കല്ലിട്ടുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മോദി. 'വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും ചന്തയില്‍ സ്നേഹത്തിന്റെ കട തുറക്കുകയാണു കോണ്‍ഗ്രസ്' എന്ന രാഹുല്‍ഗാന്ധിയുടെ പ്രസംഗങ്ങള്‍ക്കു തിരിച്ചടിയായാണ് മോദി ഇങ്ങനെ പ്രസംഗിച്ചത്.  

◾തന്റെ മുഖത്തേക്കു മൂത്രമൊഴിച്ച പ്രതിയെ വെറുതേ വിടണമെന്ന് ഇരയായ ആദിവാസി യുവാവ്. പ്രതി പ്രവേശ് ശുക്ലയ്ക്കു തെറ്റു മനസിലായെന്നും നാട്ടിലെ പണ്ഡിതനായ അദ്ദേഹത്തെ വെറുതെ വിടണമെന്നും ആദിവാസി യുവാവ് ദശ്മത് റാവത്ത് പറഞ്ഞു.


◾വഴക്കിട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍ യാത്രക്കാരിയെ 200 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. സ്ത്രീയുടെ വസ്ത്രം ഓട്ടോറിക്ഷയില്‍ കുടുങ്ങിയത് കണ്ടിട്ടും നിര്‍ത്താതെ ഓട്ടോ ഓടിച്ചുപോകുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.


◾ആഷസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് ദിവസവും 10 വിക്കറ്റും കയ്യിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 224 റണ്‍സ്. 116 ന് നാല് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 224 റണ്‍സിന് പുറത്താവുകയായിരുന്നു. ട്രാവിസ് ഹെഡിന്റെ 77 റണ്‍സാണ് ഓസ്ട്രേലിയയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 27 റണ്‍സെടുത്തിട്ടുണ്ട്.


◾വ്യക്തിഗത വായ്പാ രംഗത്തേക്ക് ഫ്‌ളിപ്കാര്‍ട്ടും. ഫ്‌ളിപ്കാര്‍ട്ട് 'ബൈ നൗ പേ ലേറ്റര്‍' സൗകര്യം കൂടാതെ ഉപയോക്താക്കള്‍ക്ക് വ്യക്തിഗത വായ്പകള്‍ നല്‍കാന്‍ ആക്‌സിസ് ബാങ്കുമായി കൈകോര്‍ത്താണ് ഫ്‌ളിപ്കാര്‍ട്ട് പുതിയ സൗകര്യം അവതരിപ്പിച്ചത്.5 ലക്ഷം രൂപ വരെയുള്ള ഡിജിറ്റല്‍ വായ്പകളാണ് നല്‍കുക. ഇതിനായി ഫ്‌ളിപ്കാര്‍ട്ടിലൂടെ 30 സെക്കന്‍ഡിനുള്ളില്‍ പ്രോസസിംഗ് നടക്കുമെന്നും ബാങ്ക് അറിയിച്ചു.വായ്പകള്‍ക്ക് 6 മുതല്‍ 36 മാസം വരെയായിരിക്കും തിരിച്ചടവ് കാലാവധി. ഫ്ലിപ്കാര്‍ട്ടിന്റെ കോടിക്കണക്കിന്  ഉപയോക്താക്കള്‍ക്ക് ഇതിന്റെ ഗുണങ്ങള്‍ ലഭിക്കും. ലോണ്‍ സൗകര്യം നേടാന്‍ ആക്‌സിസ് ബാങ്കില്‍ ഇതിനായി പ്രത്യേകം അക്കൗണ്ട് തുറക്കേണ്ടതില്ല.ഉപയോക്താക്കളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുകയാണ് ആക്‌സിസ് ബാങ്കുമായുളള സഹകരണത്തില്‍ പേഴ്‌സണല്‍ ലോണുകള്‍ അവതരിപ്പിച്ചു കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഫ്‌ളിപ്കാര്‍ട്ട് ഫിന്‍ടെക് ആന്‍ഡ്  പെയ്‌മെന്റ്‌സ് ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് ധീരജ് അനേജ പറഞ്ഞു. സമഗ്ര സാമ്പത്തിക സേവനങ്ങള്‍ക്കൊപ്പം നവീന മാതൃകകള്‍ അവതരിപ്പിക്കുന്നതാണ് ആക്‌സിസ് ബാങ്കിന്റെ ലക്ഷ്യമെന്ന് ഡിജിറ്റല്‍ ബിസിനസ് ആന്‍ഡ്  ട്രാന്‍സ്‌ഫോര്‍മേഷന്‍ മേധാവിയും പ്രസിഡന്റുമായ സമീര്‍ ഷെട്ടി പറഞ്ഞു.  


◾അനൂപ് മേനോന്റെ നായികയായി ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് ദില്‍ഷ പ്രസന്നന്‍ എത്തുന്നു. 'ഓ സിന്‍ഡ്രല്ല' എന്ന് പേരിട്ട ചിത്രത്തിന്റെ ടീസര്‍ ആണിപ്പോള്‍ എത്തിയിരിക്കുന്നത്. നര്‍ത്തകി കൂടിയായ ദില്‍ഷ ഡാന്‍സ് ചെയ്യുന്ന ഒരു രംഗമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനൂപ് മേനോനും സംഘവും ഡാന്‍സ് കാണാനായി എത്തുന്നതായാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. അജു വര്‍ഗീസ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിനേശ് പ്രഭാകര്‍, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റ് താരങ്ങള്‍. റെണോള്‍സ് റഹ്‌മാന്‍ ആണ് സംവിധാനം. ഛായാഗ്രഹണം മഹാദേവന്‍ തമ്പി. പ്രോജക്ട് മാനേജര്‍ ബാദുഷ എന്‍.എം. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ തന്നെയാണ് നിര്‍മ്മാണം. നിനോയ് വര്‍ഗീസ് ആണ് സംഗീതം ഒരുക്കുന്നത്.

◾മോഹന്‍ലാല്‍ സംവിധായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ബറോസിന്റെ വിശേഷങ്ങള്‍ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കാറ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നത്. പിന്നീട് ഒരു വര്‍ഷമായി ചിത്രത്തെക്കുറിച്ച് പുതിയ വാര്‍ത്തകളൊന്നും കേട്ടില്ല. ഇപ്പോഴിതാ 'ബറോസു'മായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പ്രശസ്ത ആക്ഷന്‍ ഡയറക്ടറായ ജെയ് ജെ. ജക്രിത് ആണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ബറോസിന്റെ പ്രിവിസ് ഫൈറ്റ് രംഗങ്ങളുടെ വീഡിയോ പങ്കുവച്ചത്. സിനിമയുടെ ഫൈനല്‍ എഡിറ്റില്‍ ഈ രംഗങ്ങള്‍ നീക്കം ചെയ്തിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും. ത്രിഡി സാങ്കേതിക വിദ്യയില്‍ അതിനൂതനമായ ടെക്നോളജികള്‍ ഉപയോഗിച്ചാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷന്‍ എന്ന ടെക്നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറു വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാര്‍ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.


◾രാജ്യത്ത് തിരഞ്ഞെടുത്ത മോഡല്‍ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടേഴ്സ്. വിവിധ മോഡലുകള്‍ക്ക് 0.6 ശതമാനം മുതല്‍ വില വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പെട്രോള്‍, ഡീസല്‍, വൈദ്യുത വാഹനങ്ങള്‍ക്കും വില ഉയരും. ജൂലൈ 17 മുതലാണ് വില വര്‍ദ്ധനവ് പ്രാബല്യത്തിലാകുക. മുന്‍കാലങ്ങളില്‍ ഉല്‍പ്പാദന ചെലവില്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണത്തെ വില വര്‍ദ്ധനവ്. ജൂലൈ 16 വരെ ബുക്ക് ചെയ്യുന്ന വാഹനങ്ങളെയും, ജൂലൈ 31 വരെ വിതരണം ചെയ്യുന്ന വാഹനങ്ങളെയും വില വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വര്‍ഷം മൂന്നാം തവണയാണ് ടാറ്റാ മോട്ടോഴ്സ് വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നത്. ജനുവരിയില്‍ 1.2 ശതമാനവും, ഏപ്രിലില്‍ 0.6 ശതമാനവും വില വര്‍ദ്ധിപ്പിച്ചിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 2,26,245 വാഹനങ്ങളാണ് വിറ്റഴിച്ചത്. ജൂണ്‍ മാസത്തില്‍ മാത്രം ആഭ്യന്തര വില്‍പ്പന 80,383 യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 79,606 വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിച്ചത്.

◾മരണത്തെപ്പറ്റിയല്ല, മനുഷ്യനാകുന്നതിനെപ്പറ്റിയാണ് റഷീദ് കെ. മുഹമ്മദിന്റെ നോക്കിയാല്‍ കാണാത്ത ആകാശം എന്ന ആഖ്യായിക. മറ്റു ജീവജാലങ്ങളും മരിക്കുമെങ്കിലും മര്‍ത്യന്‍, മരിക്കുന്നവന്‍ എന്ന പേര് മനുഷ്യന് മാത്രം സ്വന്തമാണല്ലോ. താന്‍ മരിക്കുമെന്ന അറിവ് മൂലമാണത്. ആ മരണാവബോധമാകട്ടെ, ചില മൂല്യസൃഷ്ടികള്‍ നടത്തുന്നുമുണ്ട്. മരണത്തിനല്ല, ജീവിതത്തിന് വേണ്ടിയുള്ള മൂല്യങ്ങള്‍. അതെല്ലാം പെറുക്കിക്കൂട്ടി  സ്വരൂപിച്ചുവെക്കുന്ന, നോക്കിയാല്‍ കാണാത്ത ആകാശം എന്ന അസാധാരണ നോവല്‍ ജീവിതോന്മുഖം തന്നെയാണ്. 'നോക്കിയാല്‍ കാണാത്ത ആകാശം'. റഷീദ് കെ. മുഹമ്മദ്. ഗ്രീന്‍ ബുക്സ്. വില 187 രൂപ.


◾വ്യായാമം കൊണ്ട് ശരീരത്തിന് പല വിധത്തിലുള്ള ഗുണങ്ങളുണ്ട്. പേശികള്‍ വികസിക്കാനും അമിതവണ്ണം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം വ്യായാമം സഹായിക്കും. വാര്‍ധക്യത്തിലുണ്ടാകുന്ന ധാരണശേഷി ക്ഷയത്തെ തടയുന്നതിലും വ്യായാമത്തിന് പങ്കുണ്ട്. എന്നാല്‍ ദിവസം ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നത് ശാരീരിക വ്യായാമം മേധാശേഷിക്ക് തീര്‍ക്കുന്ന ഈ സംരക്ഷണത്തെ ഇല്ലാതാക്കുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. 50 വയസ്സിന് മുകളിലുള്ള 8958 പേരുടെ തലച്ചോറിന്റെ ശേഷിയും പ്രവര്‍ത്തനവും പഠനത്തിന്റെ ഭാഗമായി 10 വര്‍ഷക്കാലത്തേക്ക് ഗവേഷകര്‍ നിരീക്ഷിച്ചു. ശാരീരികമായി സജീവമാണെങ്കിലും ശരാശരി ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്ക് ശാരീരിക അധ്വാനം ചെയ്യാത്തവരുടേതിന് സമാനമായ മേധാശേഷി ക്ഷയമുണ്ടായതായി ഗവേഷകര്‍ നിരീക്ഷിച്ചു. ശാരീരിക അധ്വാനത്തിന്റെ പൂര്‍ണഫലം ലഭിക്കണമെങ്കില്‍ ആവശ്യത്തിന് ഉറക്കവും ലഭിക്കണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എട്ട് മണിക്കൂര്‍ ഉറക്കമാണ് ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ഉറക്കക്കുറവും മേധാശേഷി ക്ഷയവുമായുള്ള ബന്ധം കൂടുതല്‍ ദൃശ്യമായത് 50കളിലും 60കളിലും ഉള്ളവര്‍ക്കാണ്. എഴുപതുകളിലും എണ്‍പതുകളിലും ഉള്ളവരില്‍ ഇത് അത്ര കാര്യമായ സ്വാധീനം മേധാശേഷി ക്ഷയത്തില്‍ ഉണ്ടാക്കുന്നില്ലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. ദ ലാന്‍സറ്റ് ഹെല്‍ത്തി ലോഞ്ചിവിറ്റി ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.