Click to learn more 👇

ശ്വാസം മുട്ടിച്ചു കൊന്ന് കെട്ടിത്തൂക്കി; ആഭരണങ്ങള്‍ മുറിച്ചെടുത്തു; വീട്ടു വളപ്പില്‍ കുഴിച്ചിട്ട മൃതദേഹം കാണാതായ യുവതിയുടേത്; അഞ്ച് പേര്‍ പിടിയില്‍


 

കരുവാരക്കുണ്ട്: തുവ്വൂര്‍ സുജിത കൊലപാതകവുമായി ബന്ധപ്പെട്ട് വിഷ്ണുവിന്റെ അച്ഛനും അറസ്റ്റിലായി.

കേസില്‍ നേരത്തെ വിഷ്ണുവും സഹോദരങ്ങളായ വൈശാഖും ജിത്തുവും വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാനും അറസ്റ്റിലായിരുന്നു. കാണാതായ സുജിതയുടെ ഫോണ്‍ ലൊക്കേഷൻ അവസാനമായി കണ്ടത് വിഷ്ണുവിന്റെ വീടിനു സമീപമായതിനാലാണ് അന്വേഷണം ഇവരിലേക്ക് നീണ്ടത്.

ഈ മാസം 11 നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് സുജിത കൃഷിഭവനില്‍ നിന്ന് ഇറങ്ങിയത്. ഇവിടെ താത്കാലിക ജീവനക്കാരിയായിരുന്നു ഇവര്‍. അന്ന് വൈകിട്ട് ഫോണ്‍ സ്വിച്ച്‌ ഓഫായി. സുജിതയെ കാണാതായ അന്ന് ഈ ഭാഗത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല.

സുജിതയെ കാണാതാവുന്നതിന് മുൻപ് തന്നെ വിഷ്ണു തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജോലി രാജിവച്ചിരുന്നു. ഐഎസ്‌ആര്‍ഒയില്‍ ജോലി കിട്ടിയെന്നായിരുന്നു നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. വിഷ്ണുവും സുജിതയും പരിചയക്കാരായിരുന്നു. വിഷ്ണു ജോലി ചെയ്തിരുന്ന പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നായിരുന്നു കൃഷി ഭവന്റെ ഓഫീസും. ഇവിടെയായിരുന്നു സുജിത ജോലി ചെയ്തിരുന്നത്.

സുജിതയെ വീട്ടില്‍ വച്ച്‌ ശ്വാസം മുട്ടിച്ചു കൊന്നതാണെന്നു വിഷ്ണു മൊഴി നല്‍കി. മരണം ഉറപ്പിച്ച ശേഷം യുവതിയെ കെട്ടിത്തൂക്കി. സഹോദരങ്ങളുടേയും സുഹൃത്തിന്റേയും സഹായത്തോടെ കുഴിച്ചിടുകയായിരുന്നുവെന്നും വിഷ്ണുവിന്റെ മൊഴിയില്‍ പറയുന്നു. കേസില്‍ വിഷ്ണുവടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവിന്റെ അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണ് പിടിയിലായത്.

യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കട്ടര്‍ ഉപയോഗിച്ചു മുറിച്ചെടുത്തു. ആഭരണങ്ങള്‍ വില്‍ക്കാനും ശ്രമിച്ചു.

ആശുപത്രിയില്‍ പോകണമെന്നു പറഞ്ഞാണ് സുജിത കൃഷി ഭവനില്‍ നിന്നു പോയത്. എന്നാല്‍ ഇവര്‍ വിഷ്ണുവിന്റെ വീട്ടില്‍ എങ്ങനെ എത്തി എന്നതു സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. കരുവാരക്കുണ്ട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.