Click to learn more 👇

നിയമസഭാ ജീവനക്കാര്‍ക്കായി സ്പീക്കര്‍ ഒരുക്കിയ ഓണസദ്യ 1300 പേര്‍ക്ക്, പകുതി വിളമ്ബിയപ്പോള്‍ തീര്‍ന്നു; സ്പീക്കര്‍ പഴവും പായസവും കഴിച്ച്‌ മടങ്ങി തികയാതെ വന്നതിനെക്കുറിച്ച്‌ പരിശോധിക്കാൻ സ്പീക്കറുടെ നിര്‍ദേശം.


 

തിരുവനന്തപുരം: നിയമസഭാ ജീവനക്കാര്‍ക്കായി സ്പീക്കര്‍ എഎൻ ഷംസീര്‍ ഒരുക്കിയ ഓണ സദ്യ പകുതിയോളം പേര്‍ക്കു വിളമ്ബിയപ്പോഴേക്കും തീര്‍ന്നു.

സദ്യ കഴിക്കാൻ എത്തിയ സ്പീക്കര്‍ക്കും പേഴ്സണല്‍ സ്റ്റാഫിനും ഭക്ഷണം കിട്ടിയില്ല. തുടര്‍ന്ന്, 20 മിനിറ്റോളം കാത്തു നിന്ന ശേഷം പായസവും പഴവും മാത്രം കഴിച്ച്‌ സ്പീക്കറും സംഘവും മടങ്ങി. 1300 പേര്‍ക്കായിരുന്നു സദ്യ ഒരുക്കിയത്. എന്നാല്‍ 800 പേര്‍ക്ക് മാത്രമാണ് വിളമ്ബാൻ സാധിച്ചത്.

1300 പേര്‍ക്ക് സദ്യ നല്‍കാനാണ് ക്വട്ടേഷൻ കൊടുത്തത്. ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കട്ടാക്കട മുതിയാവിളയിലെ കേറ്ററിങ് ഏജൻസിക്ക് ക്വട്ടേഷൻ നല്‍കുകയായിരുന്നു. 400 പേര്‍ക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്ബിയത്. ആദ്യത്തെ പന്തിയില്‍ എല്ലാവര്‍ക്കും സദ്യ ലഭിച്ചു.

എന്നാല്‍, രണ്ടാമത്തെ പന്തിയില്‍ പകുതിപ്പേര്‍ക്ക് വിളമ്ബിയപ്പോള്‍ തീര്‍ന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറും സംഘവും സദ്യ കഴിക്കാൻ എത്തിയത്. ഇവര്‍ക്കായി കസേര ക്രമീകരിച്ച്‌ ഇലയിട്ടെങ്കിലും 20 മിനിറ്റോളം കാത്തിരുന്നിട്ടും സദ്യ എത്തിയില്ല. ഇതോടെ, പായസവും പഴവും കഴിച്ച്‌ സ്പീക്കറും സംഘവും മടങ്ങുകയായിരുന്നു.

നിയമസഭാ ജീവനക്കാര്‍ക്കും വാച്ച്‌ ആൻഡ് വാര്‍ഡിനും കരാര്‍ ജീവനക്കാര്‍ക്കുമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. മുൻ കാലങ്ങളില്‍ ജീവനക്കാര്‍ പിരിവെടുത്താണ് നിയമസഭയില്‍ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാല്‍, ഇത്തവണ സര്‍ക്കാര്‍ ചെലവില്‍ നടത്താൻ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു. ഓണസദ്യ തികയാതെ വന്നതിനെക്കുറിച്ച്‌ പരിശോധിക്കാൻ സ്പീക്കര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.