Click to learn more 👇

പൊലീസിനോട് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന കള്ളന്‍റെ പരാതി ! ‘നാട്ടുകാര് ശരിയല്ലട്ടാ, ആരും പൈസ ഇടുന്നില്ല', വീഡിയോ കാണാം


 വടകര: കോഴിക്കോട് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കള്ളൻ അറസ്റ്റില്‍. അഴിയൂര്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മൂന്ന് തവണ പണം മോഷ്ടിച്ച സംഭവത്തിലാണ് ഒരാള്‍ ചോമ്ബാല പൊലീസിന്റെ പിടിയിലായത്.

മട്ടന്നൂര് പേരോറ പുതിയ പുരയില്‍ രാജീവൻ എന്ന സജീവൻ (44) ആണ് അറസ്റ്റിലായത്. ഇയാളെ ക്ഷേത്രത്തിലെത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനെത്തിയപ്പോള്‍ മോഷ്ടാവ് പൊലീസിനോട് പറഞ്ഞ പരാതി കേട്ട് നാട്ടുകാരും ചിരിയിലായി. 'നാട്ടുകാര് ശരിയല്ലട്ടാ, ആരും പൈസ ഇടുന്നില്ല' എന്നായിരുന്നു പൊലീസുകാരോട് കള്ളന്‍റെ പരാതി.

ചോമ്ബാല്‍ ബംഗ്ലാവില്‍ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടാവ് കുത്തിത്തുറന്ന് മൂന്ന് തവണയായി കവര്‍ന്നത്. ആദ്യം കവര്‍ച്ച നടക്കുമ്ബോള്‍ ക്ഷേത്രത്തില്‍ സിസിടിവി ഇല്ലായിരുന്നു. മോഷണം നടന്നതോടെ ക്ഷേത്രഭാരവാഹികള്‍ സിസിടിവി സ്ഥാപിച്ചു. വീണ്ടും വന്ന കള്ളൻ സിസിടിവിയില്‍ കുടുങ്ങി. സിസിടിവിയില്‍ പതിഞ്ഞ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി സജീവൻ വലയിലായത്.

ഇയാള്‍ കണ്ണൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കളവ് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. താനല്ല മോഷ്ടിച്ചതെന്നും മട്ടന്നൂരുകാരനായ താൻ ഭണ്ഡാരം മോഷ്ടിക്കാനായി ഇവിടെ വരെ വരുമോയെന്നും ഒരാളെ പോലെ ഏഴ് പേരില്ലേ എന്നെല്ലാം പ്രതി പൊലീസിനോട് ചോദിക്കുന്നുണ്ട്. ഇതിനിടെയിലാണ് കള്ളന്‍റെ പരാതിയെത്തിയതും. ഭണ്ഡാരത്തില്‍ പണം കുറവാണെന്നും നാട്ടുകാര്‍ ശരിയല്ല, ആരും പൈസ ഇടുന്നില്ലെന്നുമായിരുന്നു സജീവന്‍റെ കമന്‍റ്. ഇത് നാട്ടുകാരിലും പൊലീസിലും ചിരിയുണര്‍ത്തി. 

ചോമ്ബാല സി.ഐ ബി.കെ സിജു, എസ്.ഐ രാജേഷ് , എസ് പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വി. വി ഷാജി. പ്രമോദ്, സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.