കൊച്ചി: കൊച്ചിയില്‍ പതിമൂന്നു വയസ്സുകാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റില്‍. കളമശ്ശേരി രാജഗിരി ചുള്ളിക്കാവു ആമ്ബലത്തിനു സമീപം പള്ളിപ്പറമ്ബില്‍ വീട്ടില്‍ ഫെബിൻ എന്ന നിരഞ്ജൻ (20) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ജൂലൈ 12നായിരുന്നു കേസിന് ആസ്പദമായ സംഭവം. കളമശ്ശേരി സ്വദേശിനിയായ 13 വയസ്സുകാരിയെ ആണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത കളമശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്. പിടിയിലായ നിരഞ്ജൻ പെണ്‍കുട്ടിയെ നിരന്തരം പ്രേമാഭ്യര്‍ത്ഥന നടത്തി ശല്യപ്പെടുത്തിയിരുന്നതായും, പ്രേമിച്ചില്ലെങ്കില്‍ സ്വസ്തമായി ജീവിക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടിയുടെ സഹപാഠികള്‍ പൊലീസിനോട് പറഞ്ഞു.
പെണ്‍കുട്ടി ഇയാളുടെ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ ഇയാള്‍ പെണ്‍കുട്ടിയെപ്പറ്റി പലരോടും അപവാദം പറഞ്ഞു പരത്തുന്നത് പതിവാക്കിയിരുന്നുവെന്നും പൊലിസ് പറഞ്ഞു. യുവാവിന്റെ ശല്ല്യത്തെപ്പറ്റി പെണ്‍കുട്ടി വീട്ടുകാരോടും പറഞ്ഞിരുന്നു.
വീട്ടുകാര്‍ യുവാവിന്റെ വീട്ടുകാരുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചിരുന്നു. തുടര്‍ന്ന് കുറച്ച് ദിവസത്തേക്ക് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് തുടര്‍ന്നു. പെണ്‍കുട്ടി മരണപ്പെട്ട ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടു വരുന്ന വഴിക്ക് യുവാവ് തടഞ്ഞു നിര്‍ത്തി സകൂളിലെ മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് അസഭ്യം പറയുകയും, മുടിക്കു കുത്തിപ്പിടിക്കും ചെയ്തു. മാന്യമായി ജീവിക്കാൻ അനുവദിക്കില്ല എന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു.
ഇതിനെ തുടര്‍ന്ന് മാനസ്സിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി അന്നു രാത്രി ജീവനൊടുക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന യുവാവിനെ കളമശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം എറണാകുളം കുണ്ടന്നൂരില്‍ നിന്ന് പിടികൂടുകയായിരുന്നു. കളമശ്ശേരി പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ വിബിൻ ദാസ്, സീനിയര്‍ സിപിഒ ശ്രീജിത്ത്, സിപിഒ ഷിബു, ആദര്‍ശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ കോടതി റിമാൻഡ് ചെയ്തു.