Click to learn more 👇

യുഎഇയിൽ ജനിക്കുന്ന എല്ലാ പ്രവാസി കുഞ്ഞുങ്ങൾക്കും വീസ വേണം; 120 ദിവസത്തിനകം


 യുഎഇയിൽ പിറക്കുന്ന പ്രവാസി കുട്ടികൾക്ക് 120 ദിവസത്തിനകം താമസ വീസ എടുക്കണം. ജനിച്ച ദിവസം മുതലാണ് 120 ദിവസം കണക്കാക്കുകയെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. നിശ്ചിത ദിവസത്തിനകം വീസയെടുത്തില്ലെങ്കിൽ പിഴ നൽകേണ്ടി വരും. സ്വകാര്യ, ഫ്രീ സോൺ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ നവജാത ശിശുക്കളുടെ വീസയക്കൊപ്പം എമിറേറ്റ്സ് ഐഡിക്കും അപേക്ഷിക്കണം.

കുഞ്ഞുങ്ങൾക്ക് വീസ ലഭിക്കാൻ എമിറേറ്റ്സ് ഐഡി കാർഡോ വീസയ്ക്കു ഫീസ് അടച്ച രസീതോ നൽകണം. കുഞ്ഞിന്റെ പാസ്പോർട്ടിന് കുറഞ്ഞത് 6 മാസം കാലാവധി നിർബന്ധമാണ്. സ്പോൺസറുടെ പാസ്പോർട്ട് പകർപ്പും സാലറി സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം വയ്ക്കണം. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിനു പുറമേ കളർ ഫോട്ടോയും മാതാപിതാക്കളുടെ എമിറേറ്റ്സ് ഐഡി കോപ്പിയും നൽകണം. കൂടാതെ കെട്ടിട വാടക കരാർ, തൊഴിൽ കരാർ, മെഡിക്കൽ ഇൻഷുറൻസ്, മാതാവിന്റെ പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സമർപ്പിക്കണം.

350 ദിർഹമാണ് കുട്ടികൾക്ക് താമസ വീസ ലഭിക്കാൻ നിരക്ക്. ഇതിൽ 100 ദിർഹം അപേക്ഷയ്ക്കും 100 ദിർഹം വീസ വിതരണ നിരക്കും 100 ദിർഹം സ്മാർട് സേവനങ്ങൾക്കും 50 ദിർഹം അതോറിറ്റിയുടെ ഇ- സേവനങ്ങൾക്കുള്ളതാണ്.

വീസ പ്രക്രിയകൾ പൂർത്തിയാക്കാൻ അതോറിറ്റിയുടെ www.icp.gov.ae വെബ്സൈറ്റും UAElCP ആപ്പും ഉപയോഗിക്കാം. അതോറിറ്റിയുടെ ഹാപ്പിനസ് സെന്ററുകളിലും അംഗീകൃത ടൈപ്പിങ് ഓഫിസുകൾ വഴിയും അപേക്ഷിക്കാം. 

അപേക്ഷിക്കുമ്പോൾ സ്പോൺസറുടെ വീസ കാലാവധിയുള്ളതായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. കുട്ടിയുടെ വീസ പ്രക്രിയകൾ പൂർത്തിയാക്കാൻ വൈകിപ്പിച്ചതിനു പിഴയുണ്ടെങ്കിൽ ആദ്യം അതടയ്ക്കണം. 

തുടർന്നാണ് പുതിയ വീസ നടപടികൾ ആരംഭിക്കുക. സമർപ്പിച്ച ഓൺലൈൻ അപേക്ഷകളിൽ അപാകതകളോ അനുബന്ധ രേഖകളുടെ അഭാവമോ ഉണ്ടെങ്കിൽ 30 ദിവസത്തിനകം ക്രമപ്പെടുത്തി സമർപ്പിക്കണം. 30 ദിവസം കഴിഞ്ഞിട്ടും തുടർനടപടികൾ സ്വീകരിച്ചിട്ടില്ലെങ്കിൽ അപേക്ഷ റദ്ദാകും.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.