ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ പുറത്തിറക്കുന്ന ജനപ്രിയ മോഡലാണ് സ്‌പ്ലെന്‍ഡര്‍. ഇപ്പോഴും പ്രൊഡക്ഷനിലുള്ള ഏറ്റവും പഴയ മോഡലുകളിലൊന്നാണ് സ്‌പ്ലെന്‍ഡര്‍. 1994-ല്‍ വിപണിയിലെത്തിയ സ്‌പ്ലെന്‍ഡറിന് ഇത് വായിക്കുന്ന പല 90'സ് കിഡ്‌സിന്റെ അത്രേം പ്രായം കാണും. ഇന്ധനക്ഷമതക്കും യാത്രസുഖത്തിനും പേരുകേട്ട കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ഇന്നും തലമുറകളുടെ വികാരമാണ്.
ഇന്ധനവില 100 കടന്നതോടെ യൂത്തന്‍മാര്‍ വരെ സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ സ്‌പ്ലെന്‍ഡര്‍ തപ്പി ഇറങ്ങാന്‍ തുടങ്ങിയെന്നതാണ് സത്യം. ഇക്കാലത്തിനിടെ നാം സ്‌പ്ലെന്‍ഡറിന്റെ നിരവധി ആവര്‍ത്തനങ്ങള്‍ കണ്ടു. എന്നിരുന്നാലും ഇത് സാധാരണയായി ബൈക്ക് സ്റ്റണ്ടിംഗിന് തെരഞ്ഞെടുക്കുന്ന ഒരു ഓപ്ഷനല്ല. എങ്കിലും ഈ മോട്ടോര്‍സൈക്കിളുകള്‍ ഉപയോഗിച്ച് അത്തരം കുസൃതികളില്‍ ഏര്‍പ്പെടുന്ന നിരവധി ആളുകള്‍ ഇപ്പോഴും ഉണ്ട്.
പാര്‍ക്ക് ചെയ്ത അഞ്ച് ബൈക്കുകള്‍ക്ക് മുകളിലൂടെ ബൈക്ക് ചാടിക്കുന്ന ഈ കക്ഷി അതില്‍ ഒരാളാണ്. മുസ്തു റൈഡര്‍ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൊതുനിരത്തി നിന്ന് മാറി ഒരു മണല്‍തിട്ട പോലെ തോന്നിക്കുന്ന ഒരു സ്ഥലത്താണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് തോന്നുന്നു. മണല്‍തിട്ടകളില്‍ ഒന്നിലാണ് അഞ്ച് ബൈക്കുകള്‍ അടുത്തടുത്തായി പാര്‍ക്ക് ചെയ്തിരിക്കുന്നത്.
ഇതിന് താഴത്തെ മണല്‍തിട്ടയില്‍ നിന്ന് ഉയര്‍ന്ന വേഗതയില്‍ ഓടിച്ചെത്തുന്ന സ്‌പ്ലെന്‍ഡര്‍ യുവാവ് ബൈക്കുകള്‍ക്ക് മുകളിലൂടെ വിജയകരമായി ചാടിക്കുകയായിരുന്നു. ഭാരം കുറവായത് കാരണം സ്‌പ്ലെന്‍ഡര്‍ ലിഫ്റ്റ്‌ഓഫ് നേടുന്നതിന് കുറഞ്ഞ സമയമെടുക്കും. എന്നാല്‍ അത്യാവശ്യം വൈദഗ്ധ്യമുള്ള റൈഡര്‍ അത് സാധിച്ചെടുത്തു. ഉയര്‍ന്ന് പൊങ്ങിയ ബൈക്ക് പാര്‍ക്ക് ചെയ്ത ബൈക്കുകള്‍ മുകളിലൂടെ കുറച്ച് അപ്പുറത്തായി 'ലാന്‍ഡ്' ചെയ്തു.
റൈഡര്‍ സമര്‍ത്ഥമായി മോട്ടോര്‍ സൈക്കിള്‍ ലാന്‍ഡ് ചെയ്യിച്ചെങ്കിലും ഉയരത്തില്‍ നിന്ന് നിലംതൊട്ട ആഘാതത്തില്‍ ബൈക്കിന്റെ ടെയില്‍ ലാമ്ബുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്ഷന്‍ സിനിമകളില്‍ കാണുന്ന രംഗങ്ങള്‍ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ബാക്ക്ഗ്രൗണ്ട് മ്യൂസിക് നല്‍കി വീഡിയോ കൊഴുപ്പിച്ചിട്ടുണ്ട് യുവാക്കള്‍.
എന്നാല്‍ ഇത് കണ്ട് ആരും അനുകരിക്കരുതെന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പൊതുനിരത്തില്‍ അല്ലെങ്കിലും ഇത്തരം സ്റ്റണ്ടിംഗില്‍ അപകടസാധ്യതകള്‍ ഏറെയാണ്.
ഇവിടെ റൈഡര്‍ ഹെല്‍മെറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ കവചങ്ങള്‍ ഒന്നും ധരിച്ചിട്ടില്ല. സ്റ്റണ്ടിനിടെ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായാല്‍ അത് ഗുരുതരമായ പരിക്കുകള്‍ക്ക് കാരമായേക്കാം. വൈറല്‍ വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഫ്രണ്ട് വീല്‍ ആണ് ആദ്യം ഗ്രൗണ്ടില്‍ തൊടുന്നത്. തുടര്‍ന്നാണ് പിന്‍ചക്രങ്ങള്‍ നിലത്തെത്തുന്നത്. ലാന്‍ഡിംഗില്‍ പെട്ടെന്നുണ്ടാകുന്ന ആഘാതം മൂലം നട്ടെല്ലിന് ക്ഷതമേല്‍ക്കുന്നത് ഉള്‍പ്പെടെയുള്ള പരിക്കുകള്‍ക്ക് ഇത് കാരണമായേക്കും.
ഇവിടെ സ്‌പ്ലെന്‍ഡര്‍ റൈഡര്‍ വൈദഗ്ധ്യം കാണിക്കുന്നുണ്ടെങ്കിലും വാഹനം നിലത്തിറക്കുന്നതിലെ ടെക്‌നിക്കല്‍ വശങ്ങള്‍ കുറച്ചുകൂടി സ്വായത്തമാക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒപ്പം മതിയായ സുരക്ഷ കവചങ്ങള്‍ കൂടി ഉപയോഗപ്പെടുത്തുന്നതാണ് തടികേടാകാതെ സൂക്ഷിക്കാന്‍ നല്ലതെന്നും ചിലര്‍ കമന്റ്‌ബോക്‌സില്‍ സൂചിപ്പിക്കുന്നു. അതുപോലെ തന്നെ സ്‌റ്റോക്ക് കണ്ടീഷനിലുള്ള സ്‌പ്ലെന്‍ഡര്‍ പോലുള്ള ബൈക്ക് സ്റ്റംണ്ടിഗിന് ഉപയോഗിക്കുന്നതും നല്ലതല്ല.
കാരണം ഇത്തരം അഭ്യാസം ബൈക്കിന്റെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. തീവ്ര സ്റ്റംഗിന്റെ ആഘാതം വീല്‍, ഫ്രെയിം, പാനലുകള്‍, സസ്‌പെന്‍ഷന്‍ തുടങ്ങിയ പാര്‍ട്‌സുകള്‍ക്ക് കാര്യമായ കേടുപാടുകളുണ്ടാകാന്‍ കാരണമാകും. ഇവിടെ സ്‌പ്ലെന്‍ഡര്‍ ഡ്രൈവറും കൂട്ടരും സ്റ്റണ്ടിംഗിനായി പൊതുവഴി തെരഞ്ഞെടുത്തില്ലെന്ന കാര്യം അഭിനന്ദനാര്‍ഹമാണ്. എന്നിരുന്നാലും മതിയായ പരീശീലനവും സേഫ്റ്റി ഗിയറുകളുമില്ലാതെ ഇത്തരം അഭ്യാസം നടത്തുന്നത് അപകടകരമാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ വേണ്ടി ഇത്തരം അഭ്യാസം നടത്തി വന്‍ അപകടം വിളിച്ചുവരുത്തിയ പലരുടെയും വാര്‍ത്ത നിങ്ങള്‍ ഇതിനോടകം വായിച്ചിട്ടുണ്ടാകും. ഒരു നിമിഷത്തെ അശ്രദ്ധയോ പാളിച്ചയോ കാരണം റോഡിലെ നിരപരാധികളായ നിരവധി പേര്‍ക്ക് കൂടിയാണ് അത്തരക്കാര്‍ അപകടം വരുത്തി വെക്കുന്നത്. അതിനാല്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് കൈയ്യടിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ ശ്രമിക്കണം.