തമിഴ്‌നാട്ടില്‍ ഫോണില്‍ വന്ന സന്ദേശം കണ്ട് ടാക്‌സി ഡ്രൈവര്‍ ഞെട്ടി. അക്കൗണ്ടില്‍ 9000 കോടി രൂപ നിക്ഷേപിച്ചതായുള്ള ബാങ്കിന്റെ സന്ദേശം ആദ്യം കണ്ടപ്പോള്‍ ഇത് വ്യാജ സന്ദേശമായിരിക്കും എന്നാണ് കരുതിയത്.
പിന്നീട് ഇത് ബാങ്കിന് പറ്റിയ തെറ്റാണെന്ന് കണ്ടെത്തി. അതിനിടെ ടാക്‌സി ഡ്രൈവര്‍ 21,000 രൂപ കൂട്ടുകാരന് കൈമാറി. എന്നാല്‍ നിക്ഷേപിച്ച് 30 മിനിറ്റിനകം ബാക്കി മുഴുവന്‍ തുകയും ബാങ്ക് വീണ്ടെടുത്തു.
പളനി സ്വദേശിയായ രാജ്കുമാറാണ് ഒരു നിമിഷം കൊണ്ട് കോടീശ്വരനായി മാറിയത്. ചെന്നൈയിലെ കോടമ്ബക്കത്ത് മറ്റ് കാബ് ഡ്രൈവര്‍ സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്ക്ക് താമസിക്കുമ്ബോഴാണ് 9000 കോടി അക്കൗണ്ടില്‍ വന്നതായുള്ള ബാങ്ക് സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് ഉറങ്ങുന്നതിനിടെയാണ് തനിക്ക് സന്ദേശം ലഭിച്ചതെന്ന് രാജ്കുമാര്‍ പറയുന്നു.
നിരവധി സീറോകള്‍ കണ്ടതിനാല്‍ തുക എത്രയാണ് എന്ന് പോലും തിരിച്ചറിയാന്‍ ആദ്യം സാധിച്ചില്ല. തുടക്കത്തില്‍ വ്യാജ സന്ദേശമായിരിക്കും എന്നാണ് കരുതിയത്. അല്ലെങ്കില്‍ ആരെങ്കിലും കബളിപ്പിക്കാന്‍ ശ്രമിച്ചതാവും എന്നും വിശ്വസിച്ചു. എന്നാല്‍ സ്‌ക്രോള്‍ ചെയ്ത് നോക്കിയപ്പോഴാണ് ബാങ്കിന്റെ സന്ദേശം തന്നെയാണെന്ന് മനസിലായതെന്നും രാജ് കുമാര്‍ പറയുന്നു.
അതിനിടെ 21000 രൂപ കൂട്ടുകാരന്റെ അക്കൗണ്ടിലേക്ക് കൈമാറി. മിനിറ്റുകള്‍ക്കം ശേഷിക്കുന്ന തുക മുഴുവനും രാജ്കുമാറിന്റെ അക്കൗണ്ടില്‍ നിന്ന് ബാങ്ക് ഡെബിറ്റ് ചെയ്തു. അടുത്ത ദിവസം ബാങ്ക് ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ച് തുക അറിയാതെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തു പോയതാണെന്ന് വിശദീകരിച്ചു. ഇനി അക്കൗണ്ടില്‍ നിന്ന് പണം എടുക്കരുതെന്നും അഭ്യര്‍ഥിച്ചു.
അതിനിടെ ഒരു ഉദ്യോഗസ്ഥന്‍ വിളിച്ച് പൊലീസ് സ്റ്റേഷനില്‍ തനിക്കെതിരെ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായി രാജ് കുമാര്‍ പറയുന്നു. ഉടന്‍ തന്നെ ബാങ്കിന്റെ ശാഖയില്‍ വക്കീലിനെയും കൂട്ടിപ്പോയി. ഇവിടെ വച്ച് ഇരുപക്ഷവും ധാരണയിലെത്തി. ഇതുവരെ പിന്‍വലിച്ച തുക തിരികെ നല്‍കേണ്ട എന്നും കാര്‍ ലോണ്‍ ഓഫര്‍ ബാങ്ക് മുന്നോട്ടുവെച്ചതായും രാജ്കുമാര്‍ പറയുന്നു.