തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസ്സിനുള്ളില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കാട്ടാക്കടയില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
തമ്ബാനൂരില്‍ നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസിലാണ് യുവാവ് യുവതിയോട് അതിക്രമം കാണിച്ചത്. ഈ വിവരം യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. തുടര്‍ന്ന് കാട്ടാക്കട സ്റ്റാൻഡിലെത്തിയ ഭര്‍ത്താവ് പ്രതിയെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രമോദ് എന്നയാളാണ് പോലീസ് പിടിയിലായത്. ഇയാള്‍ രണ്ട് പ്രവാശ്യം യുവതിയുടെ ദേഹത്ത് സ്പര്‍ശിച്ചു. ഇതിനെ തുടര്‍ന്ന് യുവതി ഇയാളോട് കയര്‍ത്ത് സംസാരിച്ചിരുന്നു. അതിന് ശേഷവും ഇയാള്‍ യുവതിയെ കടന്നു പിടിച്ചതോടെയാണ് ഭര്‍ത്താവിനെ വിളിച്ച് ഇവര്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് കാട്ടാക്കട സ്റ്റാന്റില്‍ കാത്തു നിന്ന ഭര്‍ത്താവ് ബസ് എത്തിയപ്പോള്‍ പ്രതിയെ പിടികൂടുകയായിരുന്നു.
കെഎസ്‌ആര്‍ടിസി ജീവനക്കാരനാണ് എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. യുവതി വിവരം അറിയിച്ചപ്പോള്‍ തന്നെ ഭര്‍ത്താവ് കാട്ടാക്കട പോലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്നാണ് കാട്ടാക്കട പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ആക്രമണം നടന്നത് മലയിൻകീഴ് സ്റ്റേഷൻ പരിധിയിലായതിനാല്‍ പ്രതിയെ മലയിൻകീഴ് പോലീസിന് കൈമാറുമെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.